ആറു ലക്ഷം ചോദിച്ചു, മൂന്നു കൊടുക്കും; ഒത്താൽ ഫോർലാൻ വീണ്ടും മുംബൈയിൽ

കോട്ടയം ∙ ഡിയേഗോ ഫോർലാൻ ആവശ്യപ്പെട്ടത് ആറുലക്ഷം ഡോളർ, മൂന്നുലക്ഷം ഡോളർ തരാമെന്ന് മുംബൈ സിറ്റി എഫ്സി. പ്രതിഫലക്കാര്യത്തിൽ സമവായമായാൽ സൂപ്പർതാരം ഡിയേഗോ ഫോർലാൻ ഈ സീസണിലും മുംബൈയിലെത്തും. കഴിഞ്ഞതവണ ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശം പകർന്ന താരത്തിന് മുംബൈ സിറ്റി എഫ്സി വിലയിട്ടത് നാലു ലക്ഷം ഡോളർ (ഏകദേശം രണ്ടരക്കോടി രൂപ). എന്നാൽ, ആറു ലക്ഷം ഡോളർ (ഏകദേശം നാലുകോടി രൂപ) കിട്ടിയാൽ കളത്തിലിറങ്ങാമെന്നു ഫോർലാൻ. കളത്തിനു പുറത്തെ ‘കണക്കുകൂട്ടലുകൾ’ ശരിയായാൽ തലച്ചോറുപയോഗിച്ച് കളിക്കുന്ന ഈ ഷാർപ് ഷൂട്ടർ മുംബൈയിലെത്തും.

കഴിഞ്ഞ സീസണിൽ ആറേ മുക്കാൽ കോടി നൽകിയാണു മാർക്വീ താരമായി ഫോർലാനെ മുംബൈ സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. 2015ൽ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ശേഷമാണ് ആ സ്വർണമുടിക്കാരൻ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയത്. 11 കളികളിൽ നിന്നായി അഞ്ച് ഗോളുകളായിരുന്നു സമ്പാദ്യം. രണ്ടു ഗോളുകൾക്കു വഴിയൊരുക്കി. തുടർന്നും ഐഎസ്എല്ലിൽ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞവർഷംതന്നെ താരം വെളിപ്പെടുത്തിയിരുന്നു. 

‍38 വയസ്സുള്ള ഫോർലാൻ യുറഗ്വായ്ക്കായി 112 കളിയിൽ 36 ഗോൾ നേടിയിട്ടുണ്ട്. 2011ൽ കോപ്പ അമേരിക്ക കിരീടം ചൂടിയ താരം അഞ്ചു ഗോളുകളടിച്ചു 2010 ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി. രാജ്യത്തെ സെമിഫൈനൽ വരെയെത്തിക്കുന്നതിൽ ഫോർലാന്റെ പങ്ക് വലുതായിരുന്നു. ഇൻസൈഡ്, ഔട്ട്സൈഡ് ഏരിയകളിൽനിന്ന് ഇരുകാലുകൾക്കൊണ്ടും തീയ‌ുണ്ട പോലുള്ള ഗോളുകൾ വർഷിക്കാനുള്ള കഴിവാണ് കഠിനാധ്വാനിയായ താരത്തെ വ്യത്യസ്തമാക്കുന്നത്. 

ക്ലബ് ഫുട്ബോളിൽ 649 മൽസരങ്ങളിൽനിന്നു 260 ഗോളുകളാണു ഫോർലാന്റെ പേരിലുള്ളത്.