ചതുർരാഷ്ട്ര ഫുട്ബോൾ ജൂണിൽ മുംബൈയിൽ; ലോകകപ്പ് ടീമുകളെ നേരിടാൻ ഇന്ത്യ

ഇന്ത്യൻ ഫുട്ബോൾ ടീം

ന്യൂഡൽഹി ∙ ലോകകപ്പ് ആവേശത്തിലേക്ക് ഇന്ത്യയെ ഉണർത്താൻ ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് വരുന്നു. ലോകകപ്പിനു തൊട്ടുമുൻപു ജൂൺ ഒന്നുമുതൽ 10 വരെ മുംബൈയിലാണു ഹീറോ ഇന്റർകോൺടിനെന്റൽ കപ്പ് നടക്കുന്നത്. മൂന്നുതവണ ലോകകപ്പ് കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക, രണ്ടുതവണ കളിച്ചിട്ടുള്ള ന്യൂസീലൻഡ് ടീമുകൾക്കു പുറമേ ആതിഥേയരായ ഇന്ത്യയും ചൈനീസ് തായ്പേയിയുമാണു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്റ്റാർ സ്പോർട്സ് മൽസരങ്ങൾ തൽസമയം കാണിക്കും. 

ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും 2010 ലോകകപ്പിൽ കളിച്ചിരുന്നു. ഒന്നാംനിര ടീമിനെത്തന്നെ എല്ലാവരും രംഗത്തിറക്കുമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി മറ്റ് അസോസിയേഷനുകളുടെ കരാർ. നാലു ടീമുകളും പരസ്പരം മൽസരിച്ചശേഷം മുന്നിലെത്തുന്ന രണ്ടു ടീമുകൾ ഫൈനലിൽ കളിക്കും. യുഎഇയിൽ 2019ൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണു ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള മികച്ച ടീമുകളുമായുള്ള പോരാട്ടത്തിലൂടെ ഇന്ത്യയുടെ കരുത്ത് അറിയാനാവുമെന്നു ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽദാസ് പറഞ്ഞു.