Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സിക്കും സ്വാരസിനുമൊപ്പം പന്തു തട്ടുമോ പോഗ്ബ? താരം ബാർസയിലേക്കെന്ന് റിപ്പോർട്ട്

Paul Pogba

ലണ്ടൻ∙ ലോക ഫുട്ബോളിലെ മിന്നും താരങ്ങളിൽ ഒരാളായ പോൾ പോഗ്ബ സ്പാനിഷ് ക്ലബ്ബായ ബാർസിലോനയിലേക്കെന്ന് റിപ്പോർട്ട്. താരവിപണിക്ക് പൂട്ടുവീഴാൻ മണിക്കൂറുകൾ ശേഷിക്കെയാണ് പോഗ്ബ ബാർസയിലേക്ക് ചേക്കേറുമെന്ന വാർത്ത പുറത്തുവരുന്നത്. മാഞ്ചസ്റ്റ് യുണൈറ്റിഡിന്റെ താരമായ പോഗ്ബയ്ക്ക്, ടീം മാനേജർ ഹോസെ മൗറീഞ്ഞോയുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. ഈ സാഹചര്യത്തിൽ താരം ബാർസയിലെത്തുമെന്നാണ് വിവരം.

റഷ്യയിൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്ന പോഗ്ബ, കലാശപ്പോരിൽ ക്രൊയേഷ്യയ്ക്കെതിരെ ഒരു ഗോളും നേടിയിരുന്നു. ഇരുപത്തഞ്ചുകാരനായ പോഗ്ബയ്ക്കായി ബാർസ 100 മില്യൻ യൂറോ മുടക്കുമെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 800 കോടിയോളം രൂപ വരുമിത്. അഞ്ച് വർഷത്തേക്കായിരിക്കും കരാറെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ ആഴ്ചതോറും മൂന്നു കോടിയോളം രൂപ പോഗ്ബയ്ക്ക് പ്രതിഫലമായി ലഭിക്കും. നിലവിൽ യുണൈറ്റഡിൽ കിട്ടുന്നതിന്റെ രണ്ടിരട്ടിയാണിത്. യുണൈറ്റ‍ഡിൽ തന്റെ സഹതാരമായ ചിലെയുടെ അലക്സിസ് സാഞ്ചസിനു നൽകുന്ന തുക തനിക്കും പ്രതിഫലമായി ലഭിക്കണമെന്ന പോഗ്ബയുടെ ആവശ്യം യുണൈറ്റ‍ഡ് മാനേജ്മെന്റ് പരിഗണിക്കാത്തതും ടീം വിടാൻ കാരണമായി പറയുന്നു.