ആഷിഖും ചാങ്തെയും ലക്ഷ്യം കണ്ടു; സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 2–0 വിജയം

ശ്രീലങ്കയ്ക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (ചിത്രങ്ങൾ: സാഫ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽനിന്ന്)

ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി മലയാളി താരം ആഷിഖ് കുരുണിയൻ (35), ലാലിയൻസ്വാല ചാങ്തെ (47) എന്നിവർ ലക്ഷ്യം കണ്ടു. മൽസരത്തിലുടനീളം മേധാവിത്തം പുലർത്തിയ ഇന്ത്യയുടെ ഗോൾനേട്ടം, നിർഭാഗ്യം കൊണ്ടുമാത്രമാണ് രണ്ടു ഗോളിൽ ഒതുങ്ങിയത്. മൽസരത്തിൽ ഇരുപതോളം തവണയാണ് ഇന്ത്യൻ താരങ്ങൾ ഗോൾ ലക്ഷ്യം വച്ചത്. ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മൽസരം.

ഒരു മാസത്തെ വിദേശ പരിശീലനത്തിനു ശേഷമെത്തിയ ഇന്ത്യൻ ടീമിൽ സ്ട്രൈക്കർ സുമീത് പാസി ഒഴികെ എല്ലാവരും അണ്ടർ 23 ടീമിലെ കളിക്കാരാണ്. ആദ്യപകുതിയിൽ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. സുമീത് പാസിയുടെ പാസ് പിടിച്ചെടുത്ത ആഷിഖ് കുരുണിയനാണ് ടീമിനു ലീഡ് സമ്മാനിച്ചത്. പന്തുമായി ബോക്സിനുള്ളിൽ കടന്ന ആഷിഖ് കയറിയെത്തിയ ലങ്കൻ ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലാക്കി. സ്കോർ 1–0.

ഗോൾ നേടിയ ആഷിഖ് കുരുണിയന് (ഇടത്) സഹതാരത്തിന്റെ അഭിനന്ദനം.

രണ്ടാം പകുതി ആരംഭിച്ചതിനു തൊട്ടുപിന്നാലെ മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ലാലിയൻസ്വാല ചാങ്തെ ലീഡ് വർധിപ്പിച്ചു. ജർമൻപ്രീത് സിങ്ങിൽനിന്നു ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ ചാങ്തെ, ബോക്സിനു പുറത്ത് ഏറെക്കുറെ അസാധ്യമായ ആംഗിളിൽനിന്ന് ഉയർത്തിവിട്ട പന്ത് ക്രോസ് ബാറിലിടിച്ച് വലയിൽ കയറി. സ്കോർ 2–0.

തുടർന്നും ലീഡ് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. 71–ാം മിനിറ്റിൽ ഫാറൂഖ് ചൗധരി ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിൽത്തട്ടി തെറിച്ചു. റീബൗണ്ടിൽനിന്നു ലഭിച്ച പന്തു വലയിലാക്കാനുള്ള മൻവീർ സിങ്ങിന്റെ ശ്രമവും വിഫലമായി. ജർമൻപ്രീത് സിങ്, ചൗധരി തുടങ്ങിയവർക്ക് വീണ്ടും സുവർണാവസരങ്ങൾ ഒട്ടേറെ ലഭിച്ചെങ്കിലും പോസ്റ്റിനു മുന്നിൽ ശ്രീലങ്കൻ ഗോൾകീപ്പർ സുജൻ പെരേരയുടെ തകർപ്പൻ സേവുകൾ തടസ്സമായി.

രണ്ടാം ഗോൾ നേടിയ ചാങ്തെ.

മൂന്നു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിഫൈനലിൽ കടക്കും. 15നാണ് ഫൈനൽ. ഇന്നലെ പാക്കിസ്ഥാൻ 2–1നു നേപ്പാളിനെയും ആതിഥേയരായ ബംഗ്ലദേശ് 2–0ന് ഭൂട്ടാനെയും പരാജയപ്പെടുത്തി.