കിരീടം കാത്ത പ്രതിരോധക്കോട്ട

കടലാസിലെ തിളക്കത്തിലല്ല, കളത്തിലെ കടുപ്പം കൊണ്ടാണു ചെന്നൈയിൻ എഫ്സിയെ എതിരാളികൾ ഭയക്കുന്നത്. നിലവിലെ ജേതാക്കളായ തമിഴക ടീമിന് അഞ്ചാം വരവിലും പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. നയിക്കാൻ വിദേശതാരങ്ങൾ, പോരാടാൻ സ്വദേശി താരങ്ങൾ...തലപ്പത്തു ജോൺ ചാൾസ് ഗ്രിഗറിയെന്ന ഇംഗ്ലിഷ് ചാണക്യൻ തന്നെ. വിജയത്തിന്റെ ‘മെക്കാനിക്കൽ എൻജിനീയറിങ്’ എന്നു വിശേഷിപ്പിക്കാവുന്ന സംഘവുമായി മലേഷ്യയിലെ പ്രീ സീസണും കഴിഞ്ഞാണ് ടീമെത്തുന്നത്.

പഴുതടച്ച പ്രതിരോധം‌

പ്രതിരോധം മറന്നൊരു കളിക്കു ചെന്നൈ ഇന്നേവരെ ശ്രമിച്ചിട്ടില്ല. ഇറ്റാലിയൻ ശീലങ്ങളിലൂടെ യാത്ര തുടങ്ങിയ ടീമിന്റെ പ്രതിരോധം ഇക്കുറിയും ഒരുപടി ഉയരെത്തന്നെ. മുൻ സീസണിലെ നായകനായ സെറീനോയുടെ അസാന്നിധ്യത്തിൽ ബ്രസീലിയൻ ഡിഫൻഡർ മെയ്ൽസൺ ആൽവസ് ടീമിനെ നയിക്കും. ഇംഗ്ലിഷ് പരിചയം വേണ്ടുവോളമുള്ള സ്പാനിഷ് താരം ഇനിഗോ കാൽഡെറൻ തുടരുന്ന ടീമിൽ സെറീനോയുടെ പകരക്കാരനായി ബ്രസീലിൽനിന്നുതന്നെയുള്ള എലി സാബിയ എത്തും. ടീം

വിജയത്തിന്റെ മധ്യസ്ഥർ

ആളേറെയുണ്ട് ചെന്നൈയുടെ മിഡ്ഫീൽഡിൽ. നയിക്കാൻ റാഫേൽ അഗസ്റ്റോയെന്ന മിഡ്ഫീൽഡ് ജനറലും. ബ്രസീലിയൻ താരമായ അഗസ്റ്റോയുടെ പങ്കാളിയായി ബാർസിലോനയ്ക്കു കളിച്ചിട്ടുള്ള ആന്ദ്രേ ഒർലാൻഡിയുടെ ഊഴമാണ് ഇക്കുറി. വിദേശജോടിക്കു പിന്തുണയേകാൻ അനിരുദ്ധ് ഥാപ്പയും ധൻപാൽ ഗണേഷും ജെർമൻ പ്രീത് സിങ്ങും ഫ്രാൻസിസ് ഫെർണാണ്ടസും തോയ് സിങ്ങും പോലുള്ള ഇന്ത്യൻ പോരാളികൾ‌ വീണ്ടുമെത്തുന്നതോടെ പഴയ വീര്യം തന്നെ കളത്തിൽ കാണാം.

മുന്നേറ്റം മൂന്നുതരം

ബാങ്കോക്ക് യുണൈറ്റഡിൽനിന്നു ലോൺ അടിസ്ഥാനത്തിലെത്തുന്ന കാർലോസ് സലോമിന്റേതാണു മുന്നേറ്റനിരയുടെ താക്കോൽ സ്ഥാനം. അർജന്റീനയിൽ ജനിച്ചു, പലസ്തീനുവേണ്ടി കളിച്ചാണു സലോം സൂപ്പർ ലീഗിലെത്തുന്നത്. ഐഎസ്എൽ ഗോൾവേട്ടയിലെ റെക്കോർഡുകാരൻ ജെജെ ലാൽപെഖ്‌ലുവ കൂട്ടാളിയാകും. ഡച്ച് വിങ്ങർ ഗ്രിഗറി നെൽസൺകൂടിയെത്തുന്നതോടെ ആക്രമണത്തിൽ ടീമിനു പഴയ വീര്യം പ്രതീക്ഷിക്കാം. ടീനേജ് വിസ്മയം ബവോറിങ്ദോ ബോദോ, മലയാളി താരം മുഹമ്മദ് റാഫി എന്നിവരും ചേരുന്നതാണു ചെന്നൈയിൻ മുന്നേറ്റനിര.