പ്രതിരോധക്കരുത്ത് കൂട്ടി എഫ്സി ഗോവ വരുന്നു

പിന്നോട്ടു നോക്കി കുതിക്കാനൊരുങ്ങുകയാണ് എഫ്സി ഗോവ. ഗോവൻ ഗോളുകളുടെ പെരുമഴ കണ്ട സീസൺ ആയിരുന്നു നാലാം ഐഎസ്എൽ. ഒന്നിനു പുറകേ ഒന്നായി ഗോളടിച്ചു കൂട്ടിയിട്ടും ഗോവൻ ടീമിന്റെ മോഹങ്ങൾ പൂവണിഞ്ഞില്ല. എതിരാളികൾക്കു മുന്നിൽ സ്വന്തം വല തുറന്നുകൊടുത്ത പ്രതിരോധത്തിൽ ആ മുന്നേറ്റം മുങ്ങിത്താണു. ഒരടിക്കു രണ്ടടി തിരിച്ചുവാങ്ങിയ പഴയ പ്രതിരോധം പൊളിച്ചടുക്കിയാണ് ഗോവയുടെ പടയൊരുക്കം. മുന്നും പിന്നും ഒരുപോലെ ഭദ്രമാണ് ഈ വരവിൽ സെർജിയോ ലൊബേറയുടെ ടീം.

ഗോ‘വൻ’ പ്രതിരോധം

ടിറ്റോ വിലനോവയുടെ കീഴിൽ ബാർസയുടെ സഹപരിശീലകനായിരുന്ന ലൊബേറ ‘പ്രതിരോധത്തിലൂന്നിയാണ് ’ ഇക്കുറി ടീമിനെ ഒരുക്കിയിട്ടുള്ളത്. പുതുതായെടുത്ത 10 താരങ്ങളിൽ നാലും പ്രതിരോധക്കാർ. ബാർസ അക്കാദമിയിലൂടെയെത്തിയ കാർലോസ് പെനയാണു ലൊബേറയുടെ തുരുപ്പുചീട്ട്. സ്പാനിഷ് ലീഗുകളിൽ ദീർ‌ഘനാളത്തെ പരിചയമുണ്ട് കഴിഞ്ഞ സീസണിൽ ഗെറ്റാഫെ വിട്ട ഈ ലെഫ്‌റ്റ് ബാക്കിന്. പെനയ്ക്ക് കൂട്ടായെത്തുന്നതും മോശക്കാരനല്ല. സെനഗലിനു കളിച്ചിട്ടുള്ള മൗർട്ടാഡ ഫാൾ സെന്റർ ബാക്ക് സ്ഥാനത്തു ഗോവയുടെ വൻമതിലാകും. ആറടി പതിനൊന്നിഞ്ചുകാരനായ ഫാളിനു സെറ്റ്പീസുകൾ എതിർവലയിലെത്തിക്കാനും മിടുക്കുണ്ട്.

നോർത്ത് ഈസ്റ്റിൽ നിന്നു പരിചയസമ്പന്നനായ നിർമൽ ഛേത്രിയെ സ്വന്തമാക്കിയ ഗോവ പോയ വർഷം തിളങ്ങിയ സെരിട്ടൻ ഫെർണാണ്ടസിനെയും മുഹമ്മദ് അലിയെയും ചിൻഗ്ലെൻസാനയെയും നിലനിർത്തി. ഗോൾ വലയ്ക്കു മുന്നിലുമുണ്ട് ശ്രദ്ധേയമാറ്റം. ബെംഗളൂരു എഫ്സിയുടെ പാളയത്തിൽ നിന്നെത്തുന്ന ലാൽത്വാംമാവിയ റാൽത്തെയാകും ഒന്നാമൻ. ലക്ഷ്മികാന്ത് കട്ടിമണി തുടരുന്ന ടീമിൽ യുവതാരം മുഹമ്മദ് നവാസും അവസരം തേടുന്നു. 

തലയെടുപ്പുള്ള ലൈനപ്പ്

മാനുവൽ ലാൻസറോറ്റെയുടെ അഭാവമാകും ഒറ്റനോട്ടത്തിൽ മിഡ്‌ഫീൽഡ് ലൈനപ്പിൽ പ്രതിഫലിക്കുക. പക്ഷേ കരുത്തിൽ‌ തെല്ലും പ്രതിഫലിക്കുന്നില്ല ആ മാറ്റം. പതിനൊന്നു താരങ്ങൾ അവസരം തേടുന്ന മധ്യത്തിൽ ലാൻസെയ്ക്കു പിൻഗാമിയാകുക മിഗ്വേൽ പലാങ്കയാണ്. റയൽ മഡ്രിഡിനു കളിച്ചിട്ടുള്ള പലാങ്ക വിങ്ങുകളിൽ മിന്നൽപ്പിണറാകാൻ പോന്ന സാന്നിധ്യമാണ്. ഫോർവേഡ് റോളിലെത്താനും കെൽപ്പുണ്ട്.