ഐഎസ്എൽ: കുതിപ്പിനുറച്ച് കിഴക്കൻ ടീമുകൾ

എടികെ, ജംഷഡ്പുർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകളിലെ താരങ്ങൾ കൊൽക്കത്തയിൽ നടന്ന മീഡിയ ചടങ്ങിൽ. ചിത്രം സലിൽ‌ ബേറ ∙ മനോരമ

കൊൽക്കത്ത ∙ ഇന്ത്യയുടെ കിഴക്കുനിന്നുള്ള മൂന്നു ടീമുകൾക്കും ഐഎസ്എൽ കഴിഞ്ഞ സീസണിൽ കഷ്ടകാലമായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എടികെ, ജംഷഡ്പുർ എഫ്സി തുടങ്ങിയ ടീമുകളൊന്നുംതന്നെ കഴിഞ്ഞവട്ടം പ്ലേ ഓഫിൽ ഇടംപിടിച്ചില്ല. അടിമുടി മാറ്റങ്ങളുമായെത്തുന്ന മൂന്നു ടീമുകളും ഇത്തവണ പ്ലേ ഓഫിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. കൊൽക്കത്തിയിൽ നടന്ന മീഡിയ ഡേയിൽ മൂന്നു ടീമുകളെയും ഉടമകൾ പരിചയപ്പെടുത്തി.

മുൻ അത്‌ലറ്റിക്കോ മഡ്രിഡ് പരിശീലകൻ സീസർ ഫെറാണ്ടോയുടെ സ്പാനിഷ് സിദ്ധാന്തങ്ങളിലാണു ജംഷഡ്പുരിന്റെ പ്രതീക്ഷ. മരിയോ ആർക്വസ്, പാബ്ലോ മൊർഗാഡോ, ടിറി, കാർലോസ് കാൽവോ, സെർജിയോ സിഡോൺച എന്നീ സ്പാനിഷ് താരങ്ങളും ചേരുന്ന ജംഷഡ്പുർ പാസിങ് ഫുട്ബോളിലൂടെ കളിപിടിക്കാൻ ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല. ടീമിലെ ഇന്ത്യൻ താരങ്ങൾ മികച്ച ഒത്തിണക്കമാണു കാഴ്ചവയ്ക്കുന്നതെന്നു ഫെറാണ്ടോ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ തന്ത്രങ്ങൾക്കൊപ്പം മാനുവൽ ലാൻസരോറ്റെ, ആന്ദ്രെ ബിക്കി, കാളു ഉഷെ, എവർട്ടൻ സാന്റോസ് തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്ന കൊൽക്കത്ത ടൂർണമെന്റിലെതന്നെ ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നാണ്.

കഴിഞ്ഞ സീസണിൽ ക്ലബിന്റെ സഹപരിശീലകനായിരുന്ന ഏൽകോ ഷാറ്റോറിയെയാണ് ഇത്തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ കോച്ചായി നിയമിച്ചത്. യുണൈറ്റഡ് എസ്‌സി, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ഷാറ്റോറി നോർത്ത് ഈസ്റ്റിനു പുതുജീവൻ നൽകുമെന്ന കണക്കുകൂട്ടലിലാണ് ഉടമകൾ. മുൻ പാരിസ് സെന്റ് ജർമൻ (പിഎസ്ജി) സ്ട്രൈക്കർ ബാർത്തോലോമ്യു ഒഗ്ബച്ചെയാണു സൂപ്പർ താരം.

‘‘പത്തു ടീമുകളാണു കപ്പിനായി പോരാടുന്നത്. പക്ഷേ ഫുട്ബോളിൽ അസംഭവ്യമായി ഒന്നുമില്ലല്ലോ’’, ഷാറ്റോറിയുടെ വാക്കുകൾ.