മുംബൈ ഫോറിനേഴ്സ്; വിദേശതാരങ്ങളിൽ വിശ്വാസമർപ്പിച്ച് മുംബൈ സിറ്റി

ഒന്നരപ്പതിറ്റാണ്ടു മുൻപൊരു യുവേഫ ചാംപ്യൻസ് ലീഗ് കിരീടവുമുയർത്തി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചായിരുന്നു ഹോസെ മൗറീഞ്ഞോയുടെ ജൈത്രയാത്രയുടെ തുടക്കം. യൂറോപ്യൻ വൻമരങ്ങളെ വീഴ്ത്തി എഫ്സി പോർട്ടോ കുതിക്കുമ്പോൾ മൗറീഞ്ഞോ തന്ത്രങ്ങളുടെ കളത്തിലെ കാര്യക്കാരനായി ഹോർഗേ കോസ്റ്റയെന്ന പോരാളിയേയും ലോകം അന്നു കണ്ടു. പോർട്ടോയുടെയും പോർച്ചുഗലിന്റെയും വിശ്വസ്തനായ സെന്റർ ബാക്ക് ഇതാ പരിശീലകനായി ഇന്ത്യയിലെത്തുകയാണ്.

കരുത്തിന്റെ വിദേശനിര

ഉരുക്കുപോലെ ഉറപ്പുള്ള പ്രതിരോധവുമായി ടീമിനെ നയിച്ച റുമാനിയൻ താരം ലൂസിയൻ ഗോയനെ മാത്രം നിലനിർത്തി യൂറോപ്പിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും ആഫ്രിക്കയിൽനിന്നും ആളെച്ചേർത്താണു ബീസ്റ്റ് എന്നറിയപ്പെടുന്ന കോസ്റ്റയുടെ പരീക്ഷണം. കളത്തിന്റെ മൂന്ന് അതിരുകളിലും ‘ഫോറിനേഴ്സ്’ നിരക്കും. ചെന്നൈയിൻ ലീഗിനു കാട്ടിത്തന്ന അതേ വിജയക്കൂട്ട്. 

സെന്റർ ബാക്കായി കളത്തിലിറങ്ങുന്ന ക്യാപ്റ്റൻ ഗോയനു കൂട്ടായെത്തുക സെർബിയയ്ക്കുവേണ്ടി കളിച്ചിട്ടുള്ള മാർക്കോ ക്ലിസുറയാകും.

ആൾബലമേറെയുള്ള മിഡ്ഫീൽഡിൽ പോർട്ടോയ്ക്കു തന്നെ കളിച്ചിട്ടുള്ള മുൻ പോർച്ചുഗീസ് ഇന്റർനാഷനൽ പൗളോ മഷാഡോ കടിഞ്ഞാണേന്തും. അറ്റാക്കിങ് മിഡ്ഫീൽഡറായോ വിങ്ങറായോ ഉപയോഗിക്കാവുന്ന ബ്രസീൽ താരം റഫേൽ ബസ്തോസും ഡൽഹിക്കു കളിച്ചിട്ടുള്ള യുറഗ്വായ് മിഡ്‌ഫീൽഡർ മത്യാസ് മിറബാജെയും നിരക്കുന്ന ടീമിന്റെ ആക്രമണദൗത്യം ആഫ്രിക്കൻ ജോടികൾക്കാണ്. സെനഗലിനു കളിച്ചിട്ടുള്ള, മുൻ മാഴ്സെ താരം മൊദൗ സൗഗൗവും കോംഗോ താരം അർനോൾഡ് ഇസോക്കോയുമാണ് ആ താരങ്ങൾ. 

മുംബൈ ഇന്ത്യൻസ്

വലയ്ക്കു കീഴിൽ അമരീന്ദർ സിങ്ങും പ്രതിരോധത്തിൽ യുവരാജ്യാന്തര താരം ദാവീന്ദർ സിങ്ങും ഒഴിച്ചാൽ മുംബൈ നിരയിലെ പ്രധാനികളെല്ലാം പുത്തൻ വരവുകാരാണ്. ബംഗാൾ ഫുട്ബോളിന്റെ പൊൻമൂല്യമുള്ള സുഭാഷിഷ് ബോസും ഷൗവിക് ഘോഷും സൗവിക് ചക്രബർത്തിയും അവസരം തേടുന്ന ടീമിനു പ്രതിരോധത്തിൽ ഓപ്ഷനുകളേറെ. 

HEAD MASTER

ഹോർഗെ കോസ്റ്റ 

രാജ്യം: പോർചുഗൽ 

പ്രായം: 46 

മേജർ ക്ലബ്: എഫ്സി പോർട്ടോ. ബ്രാഗ 

SUPER 6

∙ പൗളോ മഷാഡോ (മിഡ് ഫീൽഡർ)

∙ റഫാൽ ബസ്തോസ് (മിഡ്ഫീൽഡർ)

∙ മാർക്കോ ക്ലിസുറ (സെന്റർ ബാക്ക്)

∙ മൊദൗ സൗഗൗ (വിങ്ങർ)

∙ അർനോൾഡ് ഇസോക്കോ (വിങ്ങർ)

∙ സുഭാഷിഷ് ബോസ് (ലെഫ്റ്റ് ബാക്ക്)