ഇന്ത്യൻ ടിക്കി ടാക്ക; സ്പാനിഷ് തന്ത്രം പയറ്റാൻ ഡൽഹി ഡൈനാമോസ്

കാത്തിരിക്കാം, ടിക്കി ടാക്കയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നുണ്ട്. നാലാം ഐഎസ്എല്ലിൽ ‘നെഗറ്റീവ് ചാർജ്’ ആയിപ്പോയ ഡൽഹി ഡൈനാമോസ് തിരിച്ചുവരവിനായി സ്പാനിഷ് സഹായം തേടുകയാണ്. ലോകം കീഴടക്കിയ താരങ്ങൾ കടന്നുവന്ന ബാർസിലോന യൂത്ത് ടീമിനെ പരിശീലിപ്പിച്ചതിലൂടെ ശ്രദ്ധേയനായ ഹോസെപ് ഗൊംബൗ ആണ് ഡൈനാമോസിന്റെ ന്യൂക്ലിയസ്. പൊസെഷൻ ഫുട്ബോളിന്റെ വക്താവായ കോച്ച് കളത്തിലിറക്കാനായി കരുതിയിട്ടുള്ളതും സ്പാനിഷ് ലീഗിന്റെ ചൂടറിഞ്ഞ താരങ്ങൾ. 

സ്പാനിഷ് റോസ്റ്റർ

എസ്പാന്യോളിൽ തുടങ്ങി ആറു വർഷക്കാലം ബാർസയെ ഒരുക്കിയ ഹോസെപ്പിന്റെ ഡൽഹി ശിഷ്യരിൽ നാലു സ്പാനിഷ് താരങ്ങളുണ്ട്. ബാർസയിലൂടെ വന്ന്, എസി മിലാന്റെയും ജിറോണയുടെയും ഭാഗമായ അഡ്രിയ കർമോണയ്ക്കാകും മധ്യത്തിന്റെ ചുക്കാൻ. റയൽ മഡ്രിഡിനു കളിച്ചിട്ടുള്ള മാർക്കോസ് ടെബാർ തിരിച്ചെത്തുന്ന ടീമിൽ ലാലിഗ ക്ലബുകളുടെ ഡിഫൻസ് നോക്കിയിട്ടുള്ള മാർട്ടി ക്രെസ്പിയും സരഗോസയുടെ മുൻ ഗോളി ഡൊറോൻസോറോയുമാണു സ്പാനിയാഡ്സ്. വെസ്റ്റ്ബ്രോമിനായി ഇംഗ്ലിഷ് ലീഗിൽ തിളങ്ങിയ ഡച്ച് ബാക്ക് ജിയാനി സ്വിവെർലൂണും സെർബിയൻ സ്ട്രൈക്കർ കാലുജെറോവിച്ചും സ്പെയിനിൽ പന്ത് കളിച്ചു പരിചയമുള്ളവരാണ്. ചെന്നൈയിൻ വിട്ടെത്തുന്ന മുൻ സ്ലൊവേനിയൻ മിഡ്ഫീൽഡർ റെനെ മിഹേലിച്ച് കൂടി ചേരുന്നതാണ് ഹോസെപ്പിന്റെ സെറ്റപ്പ്. 

യങ് ഇന്ത്യൻസ്

തലയെടുപ്പുള്ള യുവതുർക്കികളാണു തലസ്ഥാന ടീമിന്റെ ഇന്ത്യൻ മുഖം. ഓസ്ട്രേലിയൻ ലീഗിൽ നിന്നു വരുന്ന കാലുജെറോവിച്ചിനു കൂട്ടാകാൻ ഇന്ത്യൻ നിറമണിഞ്ഞിട്ടുള്ള ലല്ലിയൻസ്വാല ചാംഗ്തെയും ഡാനിയേൽ ലാൽലിയംപൂയിയും വിദേശാവസരം കഴിഞ്ഞെത്തുന്ന കൗമാരതാരം ശുഭം സാരംഗിയുമാണ് മുന്നണിയിൽ. മധ്യത്തിലെ സ്പാനിഷ് ഓർക്കസ്ട്രയിൽ ഇടംനേടാൻ റോമിയോ ഫെർണാണ്ടസ്, വിനീത് റായ്, സിയാം ഹംഗൽ, ജൂനിയർ ഇന്ത്യൻ താരം നന്ദകുമാർ, ചെന്നൈയിൻ വിട്ടെത്തുന്ന ബിക്രംജീത് സിങ് തുടങ്ങിയ യുവതാരങ്ങളും മൽസരിക്കുന്നുണ്ട്. രാജ്യാന്തര വിലാസമുള്ള പ്രീതം കോട്ടലും നാരായൻ ദാസും ബഗാൻ വിട്ടെത്തുന്ന റാണാ ഗരാമിയും പോലുള്ളവർ കോട്ട കാക്കാനുള്ള ടീമിൽ അൽബിനോ ഗോമസും സുഖ്ദേവുമാണ് ഇന്ത്യൻ ഗോൾരക്ഷകർ. ‌‌‌

HEAD MASTER 

‌ഹോസെപ് ഗൊംബൗ 

രാജ്യം: സ്പെയിൻ 

പ്രായം: 42 

മേജർ ടീം: ബാർസിലോന (യൂത്ത്), ഓസ്ട്രേലിയ

SUPER 6 

അഡ്രിയ കർമോണ (മിഡ്ഫീൽഡർ)

കാലുജെറോവിച്ച് (ഫോർവേഡ്)

മാർക്കോസ് ടെബാർ (മിഡ്ഫീൽഡർ)

ജിയാനി സ്വിവെർലൂൺ (ഡിഫൻഡർ)

ലല്ലിയൻസ്വാല ചാംഗ്തെ (ഫോർവേഡ്)

റോമിയോ ഫെർണാണ്ടസ് (വിങ്ങർ)