ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു നാളെ തുടക്കം; ഉദ്ഘാടന മൽസരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ

കൊൽക്കത്തയിലെത്തിയ ബാർസിലോന താരങ്ങളായ ഹവിയർ സാവിയോള, ആൽബർട്ട് സി.ഫെറർ, ബെല്ലെറ്റി, എഡ്മിൽസൺ എന്നിവർ.

ലോക ഫുട്ബോൾ നിറഞ്ഞു നിൽക്കുന്ന കൊൽക്കത്തയിലേക്കു നിറയെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് വിമാനമിറങ്ങി. നാളെ വൈകിട്ട് 7.30ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ അ‍ഞ്ചാം സീസൺ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ. ഇന്നു വൈകിട്ട് ഏഴിനു സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ബാർസിലോന ലെ‍ജൻഡ്സും മോഹൻ ബഗാനും ലെജൻഡ്സും തമ്മിൽ വെറ്ററൻസ് മാച്ച് അരങ്ങേറും. ലോകോത്തര താരങ്ങളാണ് ബാർസിലോന വെറ്ററൻസ് ടീമിൽ നിരക്കുന്നത്.

ലോകം VS ഇന്ത്യ

ബാർസിലോന ലെജൻഡ്സ് കൊൽക്കത്തയിൽ നിറയ്ക്കുന്നത് ലോകഫുട്ബോളിന്റെ ആവേശം. മോഹൻ ബഗാൻ വെറ്ററൻസുമായുള്ള മൽസരത്തിന് എത്തിയ ബാർസിലോന ടീമിനെ കാത്തിരുന്നതു മുഴുവൻ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ. 

അതേക്കുറിച്ച്  കൊൽക്കത്തയിൽ എത്തിയ ലോകതാരങ്ങൾ

∙ 'ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതു കൊണ്ട് റയൽ മഡ്രിഡ് തകർന്നു പോകുന്നില്ല. റൊണാൾഡോ പോയതു കൊണ്ട് ബാർസയും മെസ്സിയും അജയ്യരായെന്നും പറയാനാകില്ല.' - ആൽബർട്ട് ഫെറർ (ലെജൻഡ്സ് കോച്ച്)

∙ 'മെസ്സിയെ വെറുതെവിടൂ. അദ്ദേഹം ലോകകപ്പ് നേടിയില്ലായിരിക്കാം. പക്ഷേ ദേശീയ ടീം വിടണമെന്ന് മറ്റാരെങ്കിലും തീരുമാനിക്കണമോ. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ദേശീയ ടീമിലെ കളിയും ബാർസയിലെ കളിയും തമ്മിൽ താരതമ്യം വേണ്ട. രണ്ടു ടീമിലും സഹകളിക്കാരിൽനിന്നു മെസ്സി പ്രതീക്ഷിക്കുന്നതു വ്യത്യസ്തമാണ്. മെസ്സിയോടു ചേർന്നു പോകുന്ന ഒരു ടീം, സഹ കളിക്കാരോട് നന്നായി ഇണങ്ങുന്ന മെസ്സി. അതാണ് അർജന്റീന കാത്തിരിക്കുന്നത്. അടുത്ത ലോകകപ്പിൽ അർജന്റീന അത്തരമൊരു ടീമായി കളിക്കുമെന്നാണ് പ്രതീക്ഷ.' - ഹവിയർ സവിയോള (ലെജൻഡ്സ് താരം)

അപകടകാരികൾ; നാലു വിദേശികൾ

എടികെ ടീമിലുള്ള നാലു വിദേശികൾ അങ്ങേയറ്റം അപകടകാരികളാണെന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് ജയിംസ്. കാലു ഉച്ചെ, ലാൻസെറോട്ടി, എവർട്ടൻ സാന്റോസ്, ജോൺ ജോൺസൺ എന്നിവർ കഴിഞ്ഞ സീസണിൽ നന്നായി കളിച്ചെങ്കിലും അവരെ പേടിച്ച് ഓടുന്നില്ലെന്നും ജയിംസ്.

ജയിംസ് മനോരമയോട്

എടികെയ്ക്ക് എതിരെ യുവതാരങ്ങൾ കസറും. അത് എങ്ങനെയെന്നു പറയുന്നില്ല. ഈ സീസൺ പ്രവചനാതീതമാണ്. യുവാക്കൾ സീനിയേഴ്സിനെ ഞെട്ടിക്കും. അവരുടെ വേഗവും നീക്കങ്ങളും പ്രവചിക്കാനാവില്ല. വിജയത്തിനായി ദാഹിക്കുന്ന ടീമാണു ബ്ലാസ്റ്റേഴ്സ്. മാനസികമായി അവർ കരുത്താർജിച്ചിട്ടുണ്ട്.