ഇളകാതെ ഇന്ത്യൻ വൻമതിൽ; സുഷോയിൽ ചൈനയെ ഗോൾരഹിത സമനിലയിൽ തളച്ചു - വിഡിയോ

ഇന്ത്യ – ചൈന രാജ്യാന്തര സൗഹൃദ മൽസരത്തിൽ ചൈനയുടെ ഗാവോ ലിൻ ഷോട്ടെടുക്കുമ്പോൾ തടുക്കാൻ ഉയർന്നു ചാടുന്ന ഇന്ത്യൻ താരങ്ങൾ. അനസ് എടത്തൊടിക വലത്തേയറ്റം.

സുഷോ ( ചൈന )∙ വമ്പൻ തുക  പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിലിറങ്ങിയിട്ടും  ഇന്ത്യയെ മറികടക്കാൻ ചൈനയ്ക്കായില്ല. രാജ്യാന്തര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യ ചൈനയെ ഗോൾരഹിത സമനിലയിൽ വരിഞ്ഞു കെട്ടി (0 – 0 ). മുൻ ഇറ്റാലിയൻ കോച്ച് മാർസെലോ ലിപ്പി പരിശീലിപ്പിച്ച ചൈനയെ സ്റ്റീഫൻ കോൺസ്റ്റൈന്റെ ചുണക്കുട്ടികൾ ഇഞ്ചോടിഞ്ച് ചെറുത്തു നിന്നു. ഫിഫറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനക്കെതിരെ   21 പടി താഴെയുള്ള ഇന്ത്യയുടെ പോരാട്ടം വീരോചിതമായിരുന്നു. 

ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര ചൈനീസ് ആക്രമണങ്ങളെ നിഷ്പ്രഭമാക്കി.  ചൈനയുടെ ആക്രമണങ്ങളെ കൈപ്പിടിയിലൊതുക്കിയ ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു ഒളിംപിക് സ്റ്റേഡിയത്തിലെ ഹീറോയായി മാറി.  

ഇരു ടീമുകളും തമ്മിലുള്ള പതിനെട്ടാമത് മൽസരവും ചൈനീസ് മണ്ണിൽ സീനിയർ ടീമിന്റെ ആദ്യ രാജ്യാന്തര പോരാട്ടവുമായിരുന്നു ഇത്.

മലയാളി  താരം അനസ് എടത്തൊടികയുടെ അസാന്നിധ്യം മാറ്റി നിർത്തിയാൽ ശക്തമായ ആദ്യ ഇലവനെ ആണ്  കോൺസ്റ്റന്റൈൻ പരീക്ഷിച്ചത്. ഇടവേളയ്ക്കു ശേഷമാണ് കോച്ച് അനസിനെ രംഗത്തിറക്കിയത്. മുംബൈ സിറ്റി ഡിഫൻഡർ സുഭാഷിഷ് ബോസ് പിൻനിരയിൽ ക്യാപ്റ്റൻ  ജിങ്കാനൊപ്പം അണിനിരന്നു. 

മിഡ്‌ഫീൽഡിൽ അനിരുധ് ഥാപയും പ്രോനായ് ഹാൾഡറും. മുൻനിരയിൽ സുനിൽ ഛേത്രി, ജെജെ ലാൽപെക്വല എന്നിവർ. തുടക്കത്തിൽ തന്നെ ചൈനീസ് മേധാവിത്വം പ്രകടമായിരുന്നു. ആദ്യ മിനിറ്റുകളിൽ  ചൈനീസ് മുൻനിര തുടരൻ ആക്രമണത്തിന് മുതിർന്നെങ്കിലും കളിയുടെ ദിശയ്ക്കു വിപരീതമായി  13–ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. 

ഥാപയുടെ പാസിൽ  പ്രീതം കോട്ടാൽ തൊടുത്ത  ശക്തിയേറിയ  ഷോട്ട് ചൈനീസ് ഗോൾകീപ്പർ യാൻ ജുൻലിങ് തടുത്തിട്ടു.ആദ്യ പകുതിയുടെ മധ്യത്തിൽ ഗാവോ ലിൻ ഗോൾവലയ്ക്കു നേരേ തൊടുത്ത ഷോട്ട് ഗോളെന്നുറപ്പിച്ചതാണ്. എന്നാൽ  ഗുർപ്രീത് കാലുകൾ ഉപയോഗിച്ചു നടത്തിയ അസാമാന്യ സേവ് കാണികളിൽ ആവേശം പടർത്തി . 

രണ്ടാം പകുതിയിൽ ഗോൾ ഉറപ്പാക്കാൻ മർസെലോ  ലിപ്പി ചൈനീസ് ടീമിൽ നാല് മാറ്റങ്ങളാണ്  വരുത്തിയത് . യു ദബാവോയ്ക്ക് പകരം 9–ാം നമ്പർ ഷിയാവോ ഷീ ഇറങ്ങിയതോടെ ചൈനീസ്  ആക്രമണം ശക്തമായി . ചൈനയുടെ മുന്നേറ്റങ്ങൾ രണ്ടു തവണയാണ് ഇന്ത്യയുടെ ഗോൾപോസ്റ്റിനെ  നടുക്കിയത്. അമ്പതാം മിനിറ്റിൽ ഗാവോ ലിന്നും എഴുപത്തിയൊന്നാം മിനിറ്റിൽ വു ലീയും തലനാരിഴയ്ക്കാണ് സ്കോർ ചെയ്യാതെ പോയത്. 

ആദ്യം വലതു ഭാഗത്തു നിന്നുള്ള ഷിയുടെ ക്രോസ്  ഗാവോ ലിനിന്റെ കാൽക്കൽ എത്തിയപ്പോൾ ഗോൾ നേടാനുള്ള തിടുക്കത്തിൽ തൊടുത്ത ഷോട്ട് ബാറിൽ തട്ടി തെറിച്ചു. 71ാം  മിനിറ്റിൽ വൂ ലീയുടെ വോളി ഇന്ത്യയുടെ ഗോൾപോസ്റ്റ്  നിരസിച്ചു.  ഇന്ത്യയുടെ കൗണ്ടർ അറ്റാക്കുകൾ ഗോളാവാതെ പോയതും ദൗർഭാഗ്യം കൊണ്ടാണ്.