300–ാം ഏകദിനത്തിന് ഒരുങ്ങുമ്പോൾ യുവി പറയുന്നു, ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യം!

ബിർമിങ്ങാം ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരേയൊരു ‘യുവരാജാവിന്’ ഇന്ന് 300–ാം രാജ്യാന്തര ഏകദിനം. ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാം താരമെന്ന പകിട്ടോടെയാണ് ചാംപ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ബംഗ്ലദേശിനെതിരെ യുവരാജ് കളത്തിലിറങ്ങുക. സമീപകാല ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ വ്യക്തവും കൃത്യവുമായ പങ്കുവഹിച്ച് 35ന്റെ ചെറുപ്പത്തിലും യുവരാജ് ടീമിലുണ്ട്.

ഏതാനും വർഷങ്ങൾക്കുമുൻപ് ജീവനു പോലും ഭീഷണിയായി വന്നെത്തിയ അർബുദത്തെ, ആത്മവിശ്വാസത്തിന്റെ ബാറ്റുകൊണ്ടു ബൗണ്ടറി കടത്തിയാണ് യുവി പ്രതികരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ നേർസാക്ഷ്യമായി യുവി ഇന്ന് 300–ാം ഏകദിന മൽസരം കളിക്കാനിറങ്ങുമ്പോൾ, ആരാധകർ പ്രതീക്ഷയിലാണ്. ബംഗ്ലദേശിനെതിരെ ചരിത്രപരമായൊരു ഇന്നിങ്സിലൂടെ യുവി ആ പ്രതീക്ഷകൾക്ക് ജീവൻ പകരുമെന്ന് കരുതാം.

300 കടക്കുന്ന അഞ്ചാം ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റിൽ 300 രാജ്യാന്തര ഏകദിനങ്ങൾ പൂർത്തിയാക്കിയ നാലു കളിക്കാരെ ഇതുവരെയുള്ളൂ. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണവർ. അവരുടെ നിരയിലേക്കിതാ, താരപ്പകിട്ടിന്റെ പുത്തൻ രൂപഭാവങ്ങളുമായി യുവരാജാവും അവതരിക്കുന്നു. രണ്ടായിരത്തിൽ ചാംപ്യൻസ് ട്രോഫിയിലൂടെ തന്നെയാണ് യുവരാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 84 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

‘ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യം’

ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യമെന്നും അതു കൊണ്ടു തന്നെ തനിക്കു വലിയ നഷ്ടബോധങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് 300–ാം ഏകദിനത്തിന് യുവരാജ് തയാറെടുക്കുന്നത്. മുന്നൂറാം മൽസരത്തിനിറങ്ങുന്നതിനു മുന്നോടിയായാണ് യുവരാജ് മനസ്സു തുറന്നത്. നല്ലൊരു രീതിയിൽ കളിച്ചുവരുന്ന ഈ സമയത്ത് നഷ്ടബോധത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു താൽപര്യമില്ല. ഏതാനും വർഷം കൂടി ഇതേ രീതിയിൽ തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ല രീതിയിൽ കളിക്കാൻ സാധിക്കുന്നിടത്തോളം കളി തുടരാനാണ് ആഗ്രഹം – യുവരാജ് പറഞ്ഞു.

300–ാം ഏകദിനത്തിന് മുന്നോടിയായി യുവി മനസ്സു തുറന്നപ്പോൾ:

∙ ഇന്ത്യൻ ജഴ്സി ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ സംഗതിയായി എനിക്കു തോന്നുന്നില്ല. എന്നാൽ, ആ ജഴ്സിയിൽ നിലനിൽക്കുന്നതാണ് ബുദ്ധിമുട്ട്. വലിയ ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അതു സാധ്യമാകൂ. കരിയറിലെ മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് നമ്മെക്കുറിച്ച് മറ്റുള്ളവർ ഒരുപാട് അഭിപ്രായങ്ങൾ പറയും. ഈ സമയത്തൊക്കെ ആത്മവിശ്വാസം കൈവിടാതിരിക്കുക എന്നതാണ് പ്രധാനം.

∙ ഇന്ത്യയ്ക്കായി കളിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ യുവിയുടെ ഉത്തരം ഇങ്ങനെ: ചെയ്യേണ്ട കാര്യം ഇതാണ്. കഴിയുന്നത്ര ക്രിക്കറ്റുമായി ചേർന്നുനിൽക്കുക. കഠിനമായി പരിശീലിക്കുക. ചെയ്യാൻ പാടില്ലാത്ത കാര്യം, മാധ്യമങ്ങളുമായി അധികം കൂട്ടുകൂടാതിരിക്കുക.

∙ കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. ഇത്തരം അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നിട്ടും 300 മൽസരം പൂർത്തിയാക്കാനായത് വലിയ നേട്ടമാണ്. ആദ്യമൊക്കെ രാജ്യത്തിനായി ഒരു മൽസരം കളിക്കണം എന്നതായിരുന്നു ആഗ്രഹം. ആ ആഗ്രത്തിന് 300 മൽസരങ്ങളുടെ അലങ്കാരമുണ്ടാകുന്നത് വലിയ നേട്ടമല്ലേ? ഇനി കളിക്കാൻ സാധിക്കുമോ എന്നു പോലും ചിന്തിച്ച കാലം ജീവിതത്തിലുണ്ട്. എന്നിട്ടും 300 എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു.

∙ എന്റെ ഏറ്റവും വലിയ ഗുണമായി ഞാൻ കരുതുന്നത് വിട്ടുകൊടുക്കില്ല എന്ന മനോഭാവമാണ്. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും സ്വപ്നങ്ങളെ എത്തിപ്പിടിക്കാനാണ് എന്റെ ശ്രമം. ജീവിതത്തിൽ എന്തൊക്കെ തിരിച്ചടികളുണ്ടായാലും, ശ്രമം തുടർന്നുകൊണ്ടിരിക്കണം എന്നാണ് യുവതാരങ്ങളോട് എനിക്കു പറയാനുള്ളത്. മോശം സമയത്തും നല്ല സമയത്തും ശ്രമം തുടർന്നുകൊണ്ടിരിക്കുക. ഗുണം ലഭിച്ചിരിക്കും. നിഷ്ഠയുള്ളവരാകുക, സ്ഥിരത പുലർത്തുക, കളിയിൽ ശ്രദ്ധിക്കുക.

∙ ഇപ്പോള്‍ ടീമിലേക്കു വരുന്ന യുവതാരങ്ങളിൽത്തന്നെ ഈ മാറ്റങ്ങൾ കാണാനുണ്ട്. നല്ലൊരു കരിയർ രൂപപ്പെടുത്തുന്നതിന് അനുവർത്തിക്കേണ്ട ഭക്ഷണശീലങ്ങളെക്കുറിച്ചുപോലും അവർക്ക് നല്ല ധാരണയുണ്ട്. മാത്രമല്ല, ഐപിഎൽ പോലുള്ള വേദികളിൽ ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിക്കുന്നത് അവരുടെ കളിയേയും വളരെയധികം മെച്ചപ്പെടുത്തിയിരിക്കുന്നു.

∙ 2011ലെ ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ കാഴ്ചവച്ച ഓൾറൗണ്ട് പ്രകടനമാണ് തന്റെ ഏകദിന കരിയറിലെ മികച്ച പ്രകടനമെന്നും യുവി അഭിപ്രായപ്പെട്ടു. അന്ന് 57 റൺസെടുത്ത യുവി, 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. രാജ്യാന്തര ഏകദിന കരിയറിലെ രണ്ടാം മൽസരത്തിൽ 2000ൽ നയ്റോബിയിൽ വച്ച് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 84 റൺസും എക്കാലവും തന്റെ പ്രിയപ്പെട്ട ഇന്നിങ്സാണെന്ന് യുവി പറഞ്ഞു.

∙ വെറ്ററൻ താരങ്ങളെക്കുറിച്ച്: പ്രായം മുന്നോട്ടുപോകുന്തോറും, കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു വർഷമായി ആഭ്യന്തര ക്രിക്കറ്റിലായിരുന്നു എന്റെ ശ്രദ്ധ. വിവാഹത്തിന്റെ സമയത്തല്ലാതെ ഒരു മൽസരം പോലും ഞാൻ കളിക്കാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരുപാട് സമയം മൈതാനത്ത് ചെലവഴിക്കാൻ എനിക്കു സാധിച്ചിരുന്നു. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും നല്ല പരിശീലനത്തിന് ഇതുവഴി അവസരം ലഭിച്ചു. പ്രായമാകുന്തോറും കൂടുതൽ അധ്വാനിക്കേണ്ടിവരും. അങ്ങനെ ചെയ്തതുകൊണ്ടു മാത്രമാണ് എനിക്ക് ടീമിലേക്ക് തിരിച്ചുവരാൻ സാധിച്ചത്.