Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർജിത് നമ്മെ നയിക്കും; തിരഞ്ഞെടുപ്പ് കളിക്കാർക്കിടയിലെ വോട്ടെടുപ്പിലൂടെ

KIYAM

മഡ്ഗാവ് ∙ മിഡ്ഫീൽഡർ അമർജിത് സിങ് കിയാം അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിനെ നയിക്കും. പനജിയിലെ പരിശീലന ക്യാംപിൽ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ കളിക്കാർ തന്നെയാണ് അമർജിത്തിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിശീലകൻ ലൂയിസ് നോർട്ടൺ ഡി മാതോസിന്റെ തലയിൽ വിരിഞ്ഞ ആശയമായിരുന്നു വോട്ടെടുപ്പ്. 

ഇതിനായി 27 കളിക്കാർക്കും വെള്ളപ്പേപ്പർ നൽകിയ ശേഷം ക്യാപ്റ്റനാകണമെന്ന് തങ്ങൾ ഇഷ്ടപ്പെടുന്ന മൂന്നു പേരുടെ പേരുകൾ മുൻഗണനാക്രമത്തിൽ എഴുതാൻ ആവശ്യപ്പെട്ടു. ആദ്യ പേരിന് അഞ്ചുമാർക്കും രണ്ടാമത്തെയാൾക്ക് മൂന്നും അവസാനത്തെ പേരിന് ഒരു മാർക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. 20 കളിക്കാർ അമർജിത്തിന് ഒന്നാം വോട്ടുകൾ നൽകി (100 മാർക്ക്). നാലുപേർ രണ്ടാം വോട്ടും മൂന്നു പേർ മൂന്നാം വോട്ടും നൽകി. മാർക്കിൽ രണ്ടാമതെത്തിയ ജിതേന്ദ്രസിങ് വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞവർഷം നടന്ന എഎഫ്സി അണ്ടർ 16 ചാംപ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ച സുരേഷ് സിങ് മൂന്നാമതെത്തിയപ്പോൾ പ്രതിരോധതാരം സഞ്ജീവ് സ്റ്റാലിൻ നാലാം സ്ഥാനത്തെത്തി.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാകണമെന്ന് താൻ ആഗ്രഹിച്ചവരെതന്നെയാണ് കളിക്കാർ തിര‍ഞ്ഞെടുത്തതെന്ന് മാതോസ് പിന്നീട് പറഞ്ഞു. വോട്ടെടുപ്പിന് മുൻപ് ഒരു കാര്യം മാത്രമാണ് കളിക്കാരോട് ആവശ്യപ്പെട്ടത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗോൾകീപ്പർമാരെ തിര‍ഞ്ഞെടുക്കരുതെന്നായിരുന്നു അത്. തന്ത്രങ്ങൾ മെനയുന്നതിനും കളിക്കാരെ ഏകോപിപ്പിക്കുന്നതിനും കൂടുതൽ എളുപ്പം മറ്റു പൊസിഷനുകളിൽ കളിക്കുന്നവർക്കാണെന്ന് ഇതിനു കാരണമായി മാതോസ് പറയുന്നു.

ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കു മുന്നോടിയായി ഗോവയിൽ തീവ്രപരിശീലനത്തിലാണ് ടീം. ഇന്ന് മൗറീഷ്യസിനെതിരെ സൗഹൃദ മൽസരവും കളിക്കും. ലോകകപ്പ് മൽസരങ്ങൾക്കായി 28ന് ആണ് ടീം ഡൽഹിയിലേക്കു തിരിക്കുക. ഡൽഹിയിലാണ് ഇന്ത്യൻ ടീമിന്റെ കളികൾ. 

അമർജിത് സിങ് കിയാം - മിഡ്ഫീൽഡർ

ഇന്ത്യൻ അണ്ടർ 17 ടീമിലെ എട്ടാം നമ്പർ താരമാണ് മണിപ്പുരുകാരനായ അമർജിത്. അമ്മാവനിൽനിന്നാണു ഫുട്ബോളിന്റെ ആദ്യപാഠങ്ങൾ അമർജിത് പഠിച്ചെടുത്തത്. സ്കൂൾ ടീമിലും പ്രാദേശിക മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് നാട്ടിലെ മിന്നുന്ന താരമായി. സ്കൂൾ ടീമിലെ പരിശീലകൻ വഴി ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലെത്തി. അവിടെനിന്നാണ് ഇന്ത്യൻ അണ്ടർ 17 ടീമിന്റെ സിലക്‌ഷൻ ട്രയൽസിനെത്തുന്നത്. റിസർവ് ടീമിലാണ് അവസരം കിട്ടിയതെങ്കിലും പരിശീലന സമയത്തെ പ്രകടനം ഇഷ്ടപ്പെട്ട മുൻപരിശീലകൻ നിക്കൊളായ് ആദം പ്രധാന ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് അമർജിത്തിന്റെ തലവര തെളിഞ്ഞത്. അണ്ടർ 17 ടീമിനായി 29 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 

അണ്ടർ 17 ലോകകപ്പിനെത്തുന്ന മറ്റു ടീമുകളും ഇന്ത്യൻ ടീമുമായുള്ള അന്തരം ഏറെയാണ്. പക്ഷേ ഒത്തൊരുമയോടെ ആത്മവിശ്വാസത്തിൽ കളിച്ചാൽ ഇന്ത്യയ്ക്കും മികച്ച പ്രകടനം കൊണ്ട് തലയുയർത്താം. കളിക്കാരെല്ലാം തികഞ്ഞ ഉൽസാഹത്തിലാണ്. അവരുടെ ആവേശം കളികളിൽ പ്രതിഫലിക്കും - ലൂയിസ് നോർട്ടൺ ഡി മാതോസ്, കോച്ച്