Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധവാന് പരുക്ക്: സൺറൈസേഴ്സ് വികലാംഗരായെന്ന് സുനിൽ ഗവാസ്കർ

dhawan-gavaskar സുനിൽ ഗവാസ്കര്‍, ശിഖർ ധവാന്‍

മുംബൈ∙ ഐപിഎല്ലിലെ തന്നെ മികച്ച ടീമായിട്ടുകൂടി തിരിച്ചുവരവിനായി പൊരുതുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. അവസാനം നടന്ന രണ്ടു മൽസരങ്ങളും തോറ്റ ഹൈദരാബാദ് ഇന്നു ദുര്‍‍ബലരായ മുംബൈയ്ക്കെതിരെ വിജയിച്ചു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ചൊവ്വാഴ്ച മുംബൈയുടെ ഹോംഗ്രൗണ്ടിൽ നടക്കുന്ന മൽസരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും സൺറൈസേഴ്സ് ചിന്തിക്കുന്നില്ല. 

അതേസമയം ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖർ ധവാനില്ലാത്ത ഹൈദരാബാദ് ടീം വികലാംഗരെപ്പോലെയാണെന്നു മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. മികച്ച ഫോമിൽ ബാറ്റു വീശിയ ശിഖർ ധവാനു പരുക്കേറ്റതാണ് ഹൈദരാബാദിനു തിരിച്ചടിയായത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മൽസരത്തിൽ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ വളരെ മികച്ച രീതിയിലായിരുന്നു ബാറ്റു ചെയ്തിരുന്നത്. എന്നാൽ മികച്ചൊരു പിന്തുണ അദ്ദേഹത്തിനു ടീമിൽ നിന്നു കിട്ടിയില്ല. 

പന്തു ചുരണ്ടൽ വിവാദത്തിൽ ഡേവിഡ് വാർണർക്കു ഐപിഎല്ലിൽ കളിക്കാൻ‌ പറ്റാതിരുന്നതോടെ എല്ലാ സമ്മര്‍ദ്ദവും വില്യംസൺ, ധവാൻ എന്നിവരുടെ ചുമലുകളിലാണ്. മികച്ച താരമായ മനീഷ് പാണ്ഡെയ്ക്കു ഫോമിലെത്താൻ സാധിച്ചാൽ അത് സൺറൈസേഴ്സിനു ഗുണം ചെയ്യും. ബോളർമാർക്കു താളം കണ്ടെത്താനാകാത്തതാണു മുംബൈയ്ക്കു വെല്ലുവിളിയാവുകയെന്നും സുനിൽ‌ ഗവാസ്കർ വ്യക്തമാക്കി.

രാജസ്ഥാൻ റോയൽസിനെതിരെ ജസ്പ്രീത് ബുംമ്രയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. മായങ്ക് മാർക്കണ്ഡെ നല്ല പ്രകടനമാണു നടത്തുന്നത്. എന്നാൽ എതിർ ടീമുകൾ അദ്ദേഹത്തെ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

ശിഖർ ധവാന്റെ ഈ സീസണിലെ പ്രകടനങ്ങൾ

∙ രാജസ്ഥാനെതിരെ അർധസെഞ്ചുറി (57 പന്തിൽ പുറത്താകാതെ 78)

∙ മുംബൈയ്ക്കെതിരെ 28 പന്തിൽ 45

∙ കൊൽക്കത്തയ്ക്കെതിരെ ഏഴു പന്തിൽ ഏഴ്

∙ പഞ്ചാബിനെതിരെ റണ്ണൊന്നുമെടുക്കാതെ പരുക്കേറ്റു പുറത്തുപോകുന്നു.

ശിഖർ ധവാനു പുറമെ ലോകോത്തര ബോളറായ റാഷിദ് ഖാൻ ഫോമിലെത്താത്തതും സൺറൈസേഴ്സിനെ കുഴക്കുന്നുണ്ട്. കഴിഞ്ഞ മൽസരങ്ങളിൽ റാഷിദിന്റെ പന്തുകളിൽ എതിരാളികൾ അനായാസം റൺസ് നേടുന്നതു കാണാമായിരുന്നു.സീസണിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് ഒരു വിക്കറ്റിനു മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. മൂന്നു ജയവും രണ്ടു തോൽവിയുമായി പോയിന്റു പട്ടികയിൽ അഞ്ചാമതാണു സൺറൈസേഴ്സ് ഇപ്പോഴുള്ളത്. 

related stories