sections
MORE

പൃഥ്വി ഷാ, ഗിൽ തുടങ്ങിയവരുടെ വരവോടെ ടീമിലെത്താൻ കടുത്ത മൽസരം: ധവാൻ

dhawan
SHARE

മൗണ്ട് മോൻഗനൂയി∙ ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ, ടീമിൽ ഇടം കണ്ടെത്താനുള്ള മൽസരം അടിക്കടി വർധിക്കുകയാണെന്ന് ഓപ്പണർ ശിഖർ ധവാൻ. ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളുടെ വളർച്ച വളരെ വേഗത്തിലാണെന്നും ഇതുമൂലം ടീമിൽ സ്ഥാനം നേടുകയെന്നത് വലിയ കടമ്പയാണെന്നും ധവാൻ പറഞ്ഞു. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു ധവാൻ.

കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ പൃഥ്വി ഷാ, ഈ വർഷം ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ്, ടീമിൽ ഇടം പിടിക്കാനുള്ള മൽസരം മുറുകിയതായി ധവാൻ അഭിപ്രായപ്പെട്ടത്. ഒരു വർഷം മുൻപ് ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും.

‘ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളുടെ വളർച്ച അദ്ഭുതാവഹമാണ്. ഇത് ടീമിനുള്ളിൽത്തന്നെ ഒരു മൽസരാന്തരീക്ഷം കൊണ്ടുവന്നിട്ടുണ്ട്. ടീമിൽ ഇടം നിലനിർത്താൻ മികച്ച പ്രകടനം കൂടിയേ തീരൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്’ – ധവാൻ ചൂണ്ടിക്കാട്ടി.

‘പൃഥ്വി ഷായെപ്പോലൊരു താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചതും വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ചുറിയും 70 റൺസും നേടിയതും നമ്മുടെ ടീമിന്റെ ശക്തിയാണ് തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, 15 അംഗ ടീമിൽ ഇടംപിടിക്കാൻ പോലും കടുത്ത മൽസരം നേരിടേണ്ട അവസ്ഥയാണ്’ – ധവാൻ പറഞ്ഞു.

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ ശിഖർ ധവാന്റെ അർധസെഞ്ചുറിയും നിർണായകമായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‍‌ലിക്കൊപ്പം ധവാൻ പടുത്തുയർത്തിയ കൂട്ടുകെട്ടും ഇന്ത്യൻ വിജയം അനായാസമാക്കി. ഈ മൽസരത്തോടെ, ഏകദിനത്തിൽ 5,000 റൺസ് പിന്നിടുന്ന താരമായും ധവാൻ മാറിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA