Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കളിയിൽ രാജസ്ഥാൻ, കളിയിലെ കേമൻ സ‍ഞ്ജു!

Sanju-Samson-Man-of-the-Match രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്ത സഞ്ജുവിന്റെ ചിത്രം.

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് വേദിയിലേക്കുള്ള രണ്ടാം വരവിൽ രാജസ്ഥാൻ റോയൽസ് ആദ്യ ജയം കുറിക്കുമ്പോൾ, അകമ്പടിയായി (സഹായമായും) പെരുമഴയും. ജയ്പുരിലെ ഹോം മൈതാനത്ത് ഡൽഹി ഡെയർഡെവിൾസിന്റെ വെല്ലുവിളി മറികടന്ന് നേടിയ ആദ്യ ജയത്തിൽ നിർണായക സാന്നിധ്യമായി മലയാളി താരം സഞ്ജു സാംസണുമുണ്ടായിരുന്നു. മഴമൂലം ഡക്ക്‌വർത്ത് ലൂയിസ് നിയമം ഉപയോഗിച്ച മൽസരത്തിൽ 10 റൺസിനാണ് രാജസ്ഥാന്റെ വിജയം.

തുടക്കത്തിൽത്തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമാക്കി പ്രതിരോധത്തിലായ രാജസ്ഥാനെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സഞ്ജുവായിരുന്നു. 22 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 37 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. രാജസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ പതറുമ്പോൾ ക്രീസിലെത്തിയ സഞ്ജു, ടീം സ്കോർ 90 കടത്തിയശേഷമാണ് പുറത്തായത്. ഇതോടെ കളിയിലെ കേമൻ പട്ടവും സഞ്ജുവിന് സ്വന്തം.

സ്കോർ: രാജസ്ഥാൻ 17.5 ഓവറിൽ അഞ്ചിന് 153. ഡൽഹി – ആറ് ഓവറിൽ നാലിന് 60. (ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ആറ് ഓവറിൽ 71 റൺസായിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം).

എന്നാലും ഷോർട്ടേ...

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനെ തുടർച്ചയായ രണ്ടാം മൽസരത്തിലും അജിങ്ക്യ രഹാനെ – സഞ്ജു സാംസൺ കൂട്ടുകെട്ടു രക്ഷിക്കുന്ന കാഴ്ചയാണ് ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മൽസരത്തിലേതിനു സമാനമായിരുന്നു ഇക്കുറിയും റോയൽസിന്റെ തുടക്കം. രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ ഡാർസി ഷോർട്ട് പുറത്തായി. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഷോർട്ട് രണ്ടാം മൽസരത്തിലും ഇല്ലാത്ത റണ്ണിനോടി പുറത്തായതോടെ, താരത്തിന്റെ പ്രകടനം കാണാൻ കാത്തിരുന്ന രാജസ്ഥാൻ ആരാധകർ ഒരിക്കൽക്കൂടി നിരാശരായി. 

ഷഹബാസ് നദീമിന്റെ പന്തിൽ കവറിലൂടെ ബൗണ്ടറി നേടിയ ശേഷമായിരുന്നു ഷോർട്ടിന്റെ പുറത്താകൽ. നദീമിന്റെ രണ്ടാം പന്ത് ഡീപ് മിഡ്‌ വിക്കറ്റിലേക്കു കളിച്ചശേഷം രണ്ടാം റണ്ണിനോടിയാണ് ഷോർട്ട് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യൻ താരം വിജയ് ശങ്കറിന്റെ നേരിട്ടുള്ള ഏറിൽ കുറ്റി തെറിക്കുമ്പോൾ ക്രീസിന്റെ പരിസരത്തുപോലുമുണ്ടായിരുന്നില്ല, ഷോർട്ട്. രഹാനെയുമായുള്ള ഷോർട്ടിന്റെ കമ്മ്യൂണിക്കേഷൻ ഗ്യാപ് തുറന്നുകാട്ടിയ ഈ പുറത്താകൽ ആരാധകരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.

ഷോർട്ടിന്റെ പെട്ടെന്നുള്ള പുറത്താകലിനു പിന്നാലെ ഇക്കുറി വണ്‍ഡൗണായെത്തിയത് കോടികളുടെ കിലുക്കവുമായി ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സ്. ആദ്യ മൽസരത്തിൽ നിരാശപ്പെടുത്തിയ സ്റ്റോക്സ് ഇക്കുറി രക്ഷകനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും നിരാശ ബാക്കിയായി. ഒരു ബൗണ്ടറിയും സിക്സും സഹിതം 12 പന്തിൽ 16 റൺസെടുത്ത സ്റ്റോക്സിനെ ബോൾട്ട് പുറത്താക്കി.

ഇഷ്ടം, സഞ്ജു–രഹാനെ

പിന്നീടായിരുന്നു സഞ്ജുവിന്റെ വരവ്. ആദ്യ മൽസരത്തിൽ അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായതിന്റെ വിഷമം മറന്ന സഞ്ജു, ഇക്കുറിയും മികവ് ആവർത്തിച്ചു. ഒരറ്റത്ത് ഉറച്ചുനിന്ന രഹാനെയ്ക്കു കൂട്ടായി നാലാമനായി സഞ്ജു ക്രീസിലെത്തിയതോടെയാണ് രാജസ്ഥാൻ ട്രാക്കിലായത്. ബോൾട്ടിന്റെ ആദ്യ പന്ത് വെറുതെവിട്ട സാംസൺ, അടുത്ത പന്തിൽ ബൗണ്ടറി കണ്ടെത്തി. ബാക്ക്‌വാർഡ് പോയിന്റിലൂടെ പന്ത് ബൗണ്ടറിയെ ചുംബിക്കുന്ന കാഴ്ച സുന്ദരമായിരുന്നു. ബോൾട്ടിന്റെ അടുത്ത പന്ത് നിലം തൊടാതെ ഗാലറിയിലെത്തിച്ച സഞ്ജു നിലപാട് വ്യക്തമാക്കി. ശരവേഗത്തിലെത്തിയ പന്ത് അതിലും വേഗത്തിൽ സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തി.

മറുവശത്ത് രഹാനെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാന‍് സ്കോർ ബോർഡിലേക്കു റണ്ണൊഴുകി. നാലാം വിക്കറ്റിൽ 62 റൺസാണ് ഇരുവരും ചേർന്ന് രാജസ്ഥാൻ സ്കോർ ബോർഡിൽ ചേർത്തത്. ഷഹബാസ് നദീം എറിഞ്ഞ ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തിയ സഞ്ജുവായിരുന്നു കൂടുതൽ ആക്രമണകാരി.

എന്നാൽ, നദീം എറിഞ്ഞ 11–ാം ഓവറിലെ അവസാന പന്ത് സഞ്ജുവിന്റെ പ്രതിരോധം തകർത്തു. ബാറ്റിലും കാലിലും തട്ടിയ പന്ത് സ‍ഞ്ജുവിന്റെ വിക്കറ്റുമായി പറക്കുമ്പോൾ രാജസ്ഥാൻ സ്കോർ ബോർഡിലുണ്ടായിരുന്നത് 90 റൺസ്. 22 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 37 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. എന്തായാലും രണ്ടു മൽസരങ്ങൾ പിന്നിടുമ്പോൾ പരമ്പരയിൽ കൂടുതൽ റണ്‍സ് നേടിയ താരങ്ങളിൽ 86 റൺസുമായി രണ്ടാമനാണ് സഞ്ജു. കൊൽക്കത്തയുടെ വമ്പനടിക്കാരൻ ആന്ദ്രെ റസ്സലാണ് 103 റൺസുമായി ഒന്നാമതുള്ളത്. 

രാജസ്ഥാൻ സ്കോർ 112 എത്തിയതിനു പിന്നാലെ രഹാനെയും മടങ്ങി. 40 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 45 റൺസെടുത്ത രഹാനയെയും നദീമാണ് പുറത്താക്കിയത്. 18 പന്തിൽ 29 റൺസെടുത്ത ജോസ് ബട്‌ലറാണ് പിന്നീട് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. 17.5 ഓവറിൽ രാജസ്ഥാൻ അഞ്ചിന് 153 റൺസ് എന്ന നിലയിൽ നിൽക്കെ, മഴയെത്തി. ഈ സമയത്ത് രാഹുൽ ത്രിപാഠി 11 പന്തിൽ 15 റൺസോടെയും കൃഷ്ണപ്പ ഗൗതം രണ്ടു റൺസോടെയും ക്രീസിലുണ്ടായിരുന്നു. മഴ നീണ്ടതോടെ രാജസ്ഥാൻ ഇന്നിങ്സിന് ഇതേ സ്കോറിൽ വിരാമം.

ഡൽഹിക്കു ജയിക്കാൻ ആറ് ഓവറിൽ 71 റൺസ്

ഏറെ നേരെ കളിമുടക്കിയ മഴ ഒടുവിൽ പിൻവാങ്ങിയതോടെ ഡൽഹിയുടെ വിജയലക്ഷ്യം ആറ് ഓവറിൽ 71 റൺസായി പുനർനിശ്ചയിച്ചു. ഓപ്പണിങ്ങിലെ പതിവുകാരനായ ക്യാപ്റ്റൻ ഗൗതം ഗംഭീറിനു പകരം കോളിൻ മൺറോയ്ക്കൊപ്പം വമ്പനടികളുടെ ആശാനായ ഓസീസ് താരം ഗ്ലെൻ മാക്സ‌്‌വെൽ എത്തിയപ്പോൾത്തന്നെ ‍ഡൽഹിയുടെ മനസ്സിലിരിപ്പു വ്യക്തമായിരുന്നു.

രാജസ്ഥാനായി ബോളിങ്ങിന് തുടക്കമിട്ടത് ഐപിഎൽ വേദിയിൽ താരതമ്യേന തുടക്കക്കാരനായ കൃഷ്ണപ്പ ഗൗതം. ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ മൺറോ പുറത്ത്. റണ്ണിനായുള്ള ശ്രമത്തിനിടെ മാക്‌സ്‌വെല്ലുമായുള്ള ധാരണപ്പിശകിൽ മൺറോ റണ്ണൗട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഋഷഭ് പന്ത് രണ്ടു ബൗണ്ടറികൾ നേടി സ്കോറുയർത്തി. രണ്ടാം ഓവർ എറിഞ്ഞ ധവാൽ കുൽക്കർണി റൺ വഴങ്ങുന്നതിൽ പിശുക്കു കാട്ടിയതോടെ ഡൽഹി സമ്മർദ്ദത്തിലായി. ഒരു ബൗണ്ടറി പോലും പിറക്കാതെ പോയ ഈ ഓവറിൽ ഡൽഹിക്കു നേടാനായത് അഞ്ച് റൺസ് മാത്രം. ഇതോടെ ഡൽഹിയുടെ വിജയലക്ഷ്യം 24 പന്തിൽ 56 റൺസായി ഉയർന്നു.

ജയ്ദേവ് ഉനദ്ഘട് എറിഞ്ഞ മൂന്നാം ഓവറിൽ ഒരു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 14 റൺസെടുത്ത മാക്സ്‌വെൽ സമ്മർദ്ദം കുറച്ചു. എന്നാൽ, ബെൻ ലാഫ്‌ലിൻ എറിഞ്ഞ നാലാം ഓവറാണ് മൽസരഫലം നിർണയിച്ചത്. അപകടകാരിയായ വളർന്ന മാക്‌സ്‍വെല്ലിനെ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറിന്റെ കൈകളിലെത്തിച്ച ലാഫ്‌ലിൻ ഈ ഓവറിൽ വഴങ്ങിയത് ഏഴു റൺസ് മാത്രം. 12 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 17 റൺസായിരുന്നു മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം.

രണ്ട് ഓവർ ബാക്കി നിൽക്കെ ഡൽഹിക്കു ജയത്തിലേക്കു വേണ്ടിയിരുന്നത് 35 റൺസ്. അഞ്ചാം ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയ ഉനദ്ഘട് വീണ്ടും ഡൽഹിയെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ ജയത്തിലേക്ക് 24 റൺസ് വേണ്ടിയിരിക്കെ ബോൾ ചെയ്യാനെത്തിയത് ബെൻ ലാഫ്‌ലിൻ. നാലാം പന്തിൽ വിജയ് ശങ്കറിനെ പുറത്താക്കിയ ലാഫ്‍ലിൻ, അവസാന രണ്ടു പന്തുകളിൽ സിക്സും ബൗണ്ടറിയും വഴങ്ങിയെങ്കിലും രാജസ്ഥാൻ അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു.

related stories