Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കുക, തലകൊണ്ടു കളിക്കുന്ന സണ്‍റൈസേഴ്‌സിനെ!

സന്ദീപ് ചന്ദ്രൻ
SRH-Selfie സൺറൈസേഴ്സ് താരങ്ങളുടെ സെൽഫി. (ട്വിറ്റർ ചിത്രം)

‘‘ചെന്നൈ സൂപ്പർ കിങ്സ് ഏതു സ്‌കോറും പിന്തുടർന്നു ജയിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏതു സ്‌കോറും പ്രതിരോധിച്ചു ജയിക്കും. മുംബൈയും ബാംഗ്ലൂരും ഏതു സ്‌കോറിലും തോല്‍ക്കും’’ – അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ നിരീക്ഷണമാണിത്. ഐപിഎല്‍ പകുതിയോടടുക്കുമ്പോള്‍ ഇതുതന്നെയാണ് ഏകദേശ ചിത്രവും. 200 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്യുന്ന മൈതാനങ്ങളില്‍ നൂറ്റിയിരുപതുകളുമായി ജയിച്ചു കയറുന്ന ഹൈദരാബാദിന്റെ ബോളിങ് യൂണിറ്റ് ഈ ഐപിഎല്ലിലെ ആവേശക്കാഴ്ചയാണ്.

ടീം രൂപീകരിച്ച കാലം മുതൽക്കേ അവര്‍ തുടര്‍ന്നകൊണ്ടു പോകുന്ന തന്ത്രത്തിന്റെ കൂടി വിജയമാണിത്. എല്ലാ സീസണിലും സണ്‍റൈസേഴ്‌സ് ബോളിങ് ടീമായിരുന്നു. ഒന്നോ രണ്ടോ ബോളര്‍മാര്‍ വിജയമൊരുക്കുന്നതായിരുന്നു പതിവെങ്കില്, ഇക്കുറി എല്ലാവരും ഒരുപോലെ വിജയത്തിലേക്ക് സംഭാവന നൽകുന്നു എന്ന വ്യത്യാസമേയുള്ളൂ.

തിങ്ക് ടാങ്ക്

ഐപിഎല്ലിന്റെ സമ്മര്‍ദ്ദച്ചൂളയില്‍ തണുത്ത തലകളുണ്ടാകുക ഭാഗ്യമാണ്. മുഖ്യ പരിശീലകൻ ടോം മൂഡി, ബോളിങ് പരിശീലകൻ മുത്തയ്യ മുരളീധരന്‍, ടീം മെന്റര്‍ വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് സൺറൈസേഴ്സിന്റെ വിജയങ്ങൾക്കു പിന്നിലെ ‘തലകൾ’. 2018 സീസണിനു മുന്നോടിയായി താരലേലത്തിന് തയാറെടുത്തപ്പോൾ മുതല്‍ കൃത്യമായ മുന്നൊരുക്കം ഈ മൂവര്‍ സംഘത്തിനുമുണ്ടായിരുന്നു. ഏതൊക്കെ റോളുകളിലേക്ക് ആരൊക്കെ വേണമെന്ന് അവര്‍ നേരത്തേ മനസ്സില്‍ കണ്ടു. ലേലം വിളിയില്‍ ബഹളങ്ങളൊന്നും കൂടാതെ ആവശ്യമായ താരങ്ങളെ എന്തുവില കൊടുത്തും വാങ്ങുകയെന്ന തന്ത്രം നടപ്പാക്കുകയും ചെയ്തു.

വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, ദീപക് ഹൂഡ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ തിരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. സ്പിന്‍ വിഭാഗത്തില്‍ ഒറ്റ ഇന്ത്യക്കാരെയെടുക്കാതെ പേസ് നിരയില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ബോളര്‍മാരെ അവര്‍ തിരഞ്ഞുപിടിച്ച് ടീമിലെത്തിച്ചു. ഈ യുക്തിയാണ് ഭുവനേശ്വര്‍ കുമാര്‍ എന്ന ലോകക്രിക്കറ്റിലെ തന്നെ മികച്ച ട്വന്റി20 ബോളറുടെ അഭാവം പോലും ടീമിനെ ബാധിക്കാത്തതിനു കാരണം.

കഴിഞ്ഞ രണ്ടു സീസണുകളിലും അധികം അവസരം പോലും ലഭിക്കാതിരുന്ന കെയ്ന്‍ വില്യംസനെ വീണ്ടും ടീമിലെത്തിച്ചതും ആരാധകര്‍ക്കു പിടികിട്ടാത്ത തീരുമാനമായിരുന്നു. കാലം കരുതിവച്ചത് കെയ്‌നിലൂടെ ടീമിനൊരു മികച്ച നായകനെയായിരുന്നു. അലറി വിളിക്കുകയും വിളറി വെളുക്കുകയും ചെയ്യുന്നനായകന്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് വില്യംസണ്‍.

പഞ്ചാബിനെതിരായ ആദ്യ മല്‍സരത്തിലും പിന്നീട് ചെന്നൈക്കെതിരെയും നന്നായി അടിവാങ്ങിയ റാഷിദ് ഖാനെ ടീമില്‍ നിലനിര്‍ത്തി, ‘ഈസീ മാന്‍’ എന്ന് ആശ്വസിപ്പിച്ചതിന്റെ ഫലമാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഈ പത്തൊന്‍പതുകാരന്‍ തിരിച്ചു നല്‍കിയത്. കളിക്കാരെ സമ്മര്‍ദത്തിലാക്കാതെ ആസ്വദിച്ചു കളിക്കാനാണ് സപ്പോര്‍ട്ടിങ് സ്റ്റാഫ് നല്‍കുന്ന ഉപദേശവും.

അജയ്യരല്ല, പണി വാങ്ങും

ഡേവിഡ് വാര്‍ണര്‍ നാണംകെട്ട പ്രവൃത്തിയിലൂടെ പുറത്തുപോയതാണ് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. കഴിഞ്ഞ രണ്ടു സീസണിലും വാര്‍ണര്‍-ധവാന്‍ കൂട്ടുകെട്ടാണ് ടീമിനു മികച്ച സ്‌കോറുകള്‍ കണ്ടെത്തി നല്‍കിയത്. പലപ്പോഴും വാര്‍ണര്‍ ഒറ്റയ്ക്കായിരുന്നു ടീമിനെ 150ഉം 170 ഒക്കെ കടത്തിയിരുന്നത്. വാര്‍ണര്‍ പോയതോടെ ആ റോള്‍ ഏറ്റെടുക്കാന്‍ ആരും ഇല്ലാതായി. മധ്യനിരയ്ക്കാകട്ടെ, വ്യത്യാസമൊന്നുമില്ല താനും. അവിടെ ഇപ്പോഴും കൂട്ടത്തകർച്ച തന്നെ പതിവ്. ശക്തികൂട്ടാൻ ടീമിലെടുത്ത മനീഷും ഷാക്കിബും സാഹയും പത്താനുമൊന്നും അവസരത്തിനൊത്തുയരുന്നില്ല.

റാഷിദിനും പേസര്‍മാര്‍ക്കും എല്ലാ കളികളിലും സൺറൈസേഴ്സിനെ ജയിപ്പിക്കാനാവില്ലല്ലോ. കരളുറപ്പുള്ള ബാറ്റിങ് യൂണിറ്റിനു മുന്നില്‍ ബോളര്‍മാര്‍ക്കു പിടിച്ചുനില്‍ക്കുന്നതിനു പരിധിയുണ്ട്. അലക്‌സ് ഹെയ്ല്‍സും കാര്‍ലോസ് ബ്രാത്‌വെയ്റ്റുമെല്ലാം ഇപ്പോഴും അവസരം കാത്തിരിപ്പുണ്ട്. വരും മല്‍സരങ്ങളില്‍ അവരെ ഓറഞ്ച് ആര്‍മിയില്‍ പ്രതീക്ഷിക്കാം. ബാറ്റിങ് ഉണര്‍ന്നില്ലെങ്കില്‍ ടീമിനു പ്ലേഓഫ് സാധ്യത സ്വപ്നമായിക്കൂടെന്നുമില്ല.

related stories