Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഡ് സീസണ്‍ ട്രാന്‍സ്ഫറോ?; വേണ്ടേവേണ്ടെന്ന് ടീമുകള്‍

സന്ദീപ് ചന്ദ്രൻ
SRH-Team സൺറൈസേഴ്സ് ഹൈദരാബാദ് ടീമംഗങ്ങൾ. (ട്വിറ്റർ ചിത്രം)

ഐപിഎല്‍ 2018 എഡിഷനില്‍ കൊണ്ടുവന്ന രണ്ടു മാറ്റങ്ങളാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റവും (ഡിആർഎസ്) മിഡ് സീസണ്‍ ട്രാന്‍സ്ഫറും. ഓരോ ടീമിനും ഇന്നിങ്സിൽ ഒരു തവണ അംപയറുടെ തീരുമാനം ചോദ്യം ചെയ്യാന്‍ ലഭിക്കുന്ന ഡിആര്‍എസ് അവസരം ഐപിഎല്ലിൽ സൂപ്പര്‍ ഹിറ്റാണ്. ഡിആര്‍എസിലൂടെ മാറ്റപ്പെട്ട തീരുമാനങ്ങൾ പല മല്‍സരങ്ങളിലും നിര്‍ണായകവുമായി. എന്നാല്‍, വളരെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരുന്ന മിഡ് സീസണ്‍ ട്രാന്‍സ്ഫറിനോട് ഫ്രാഞ്ചൈസികള്‍ അത്ര താല്‍പര്യം കാണിക്കുന്നില്ലെന്നതാണ് പുതിയ വിശേഷം. ഈ പരിഷ്‌കാരത്തെ സ്വാഗതം ചെയ്ത മുംബൈ ഇന്ത്യന്‍സ് പോലും ആ വഴിക്ക് ഇറങ്ങിയിട്ടില്ല.

ഫുട്‌ബോളിൽ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെല്ലാം പതിവുള്ളതുപോലെ ടൂര്‍ണമെന്റ് പകുതിയാകുമ്പോള്‍ ടീമുകള്‍ക്ക് കളിക്കാരെ പരസ്പരം മാറ്റാനുള്ള അവസരമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍. ഏപ്രില്‍ 28 മുതല്‍ മേയ് 10 വരെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രവര്‍ത്തിക്കുക. അധികം അവസരം ലഭിക്കാതെ ഡഗ് ഔട്ടില്‍ മുഷിഞ്ഞിരിക്കുന്ന താരങ്ങള്‍ക്ക് ആശ്വാസമാകുമെന്നു കരുതിയെങ്കിലും മേയ് അഞ്ചെത്തിയിട്ടും ആരും ഇത് ഉപയോഗപ്പെടുത്തിട്ടില്ല.

ട്രാന്‍സ്ഫറിനു ചില നിബന്ധനകളുണ്ട്. രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ച താരങ്ങളാണെങ്കില്‍ ട്രാന്‍സ്ഫറിനു പരിഗണിക്കുന്നതുവരെ രണ്ടില്‍ കുറവ് മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുണ്ടാകാന്‍ പാടുള്ളൂ. ചെന്നൈയുടെ ഡേവിഡ് വില്ലി, സണ്‍റൈസേഴ്‌സിന്റെ കാര്‍ലോസ് ബ്രാത്‍വെയ്റ്റ്, റോയല്‍ ചാലഞ്ചേഴ്‌സിന്റെ പാര്‍ഥിവ് പട്ടേല്‍, പഞ്ചാബിന്റെ മനോജ് തിവാരി തുടങ്ങിയ കളിക്കാരെല്ലാം മിഡ് സീസണ്‍ ട്രാന്‍സ്ഫറിന് അര്‍ഹരാണ്. ഇനി രാജ്യാന്തര മല്‍സരങ്ങള്‍ കളിക്കാത്തവരാണെങ്കില്‍ ഈ സീസണില്‍ എത്ര മല്‍സരങ്ങള്‍ കളിച്ചെങ്കിലും പ്രശ്‌നമില്ല. ഇരു ടീമുകള്‍ക്കും കളിക്കാരനും സമ്മതമാണെങ്കില്‍ ട്രാന്‍സ്ഫര്‍ നടത്താം.

സണ്‍റൈസേഴ്‌സിന്റെ പേസ് ലോഡഡ് ബാറ്ററിയില്‍നിന്ന് ഡെത്ത് ബോളര്‍മാർ ഇല്ലാതെ വിഷമിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിലേക്കു ചേക്കേറാന്‍ ബേസില്‍ തമ്പി, ടി.നടരാജന്‍ പോലുള്ള പേസര്‍മാര്‍ക്ക് അവസരം നല്‍കുന്നതാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പേസര്‍മാരുടെ കുറവുണ്ട്. അതേസമയം, നന്നായി ബോള്‍ ചെയ്യുന്ന സണ്‍റൈസേഴ്‌സിന് മിഡില്‍ ഓർഡറില്‍ പിടിച്ചുനിന്ന് റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്റെ ആവശ്യമുണ്ട്.

ടീം ലേലത്തില്‍തന്നെ ആവശ്യത്തിനു താരങ്ങളെ നിറച്ചവരാണ് മിക്ക ടീമുകളും. ബെഞ്ച് സ്‌ട്രെങ്തില്‍ അതിനാല്‍ ടീമുകള്‍ക്ക് സംശയമില്ല. രണ്ടു മല്‍സരത്തില്‍ താഴെ കളിച്ച രാജ്യാന്തര താരം എന്നതാണ് ട്രാന്‍സ്ഫറിനു പ്രധാന തടസ്സം. മിക്കവാറും ഫ്രാഞ്ചൈസികള്‍ രണ്ടു മല്‍സരങ്ങളെങ്കിലും അവസരം നല്‍കിയ ശേഷമാണ് പ്രധാന താരങ്ങളെ ബെഞ്ചിലിരുത്താന്‍ തുടങ്ങിയത്. ജേസണ്‍ റോയിയും മുസ്തഫിസുര്‍ റഹ്മാനുമൊക്കെ ആ കൂട്ടത്തില്‍പെടും. അണ്‍ കാപ്ഡ് കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ക്ക് അത്ര വിശ്വാസവും പോര. മേയ് 10 വരെ സമയമുണ്ട്, ഏതെങ്കിലും ട്രാന്‍സ്ഫര്‍ നടക്കുമോയെന്നു നോക്കാം.

related stories