Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണീ എന്നെ അനുഗ്രഹിക്കണം!

dhoni 1. ധോണി മൽസരത്തിനുശേഷം. 2. ധോണിയുടെ കാൽക്കൽ വീഴുന്ന ആരാധകൻ

ന്യൂഡൽഹി∙ ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും ആരാധകരെ വിസ്മയിപ്പിച്ചാണ് ധോണിക്കു ശീലം. അതുകൊണ്ടുതന്നെ ഈ ഐപിഎൽ സീസണിലും ഇന്ത്യൻ നായകനെ വിടാൻ ആരാധകർക്കു ഭാവമില്ല. പക്ഷേ, ഇത്തവണ ആരാധകരുടെ മൽസരം ക്യാപ്റ്റൻ കൂളിന്റെ കാൽതൊട്ടു വന്ദിക്കാനാണെന്നു മാത്രം!

ശനിയാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരം ജയിച്ച ശേഷം പവിലിയനിലേയ്ക്കു മടങ്ങുന്നതിനിടെ ഗ്രൗണ്ടിലേക്കു ഓടിയെത്തിയ ആരാധകൻ ധോണിയുടെ കാൽ തൊട്ടുവന്ദിച്ച ശേഷമാണ് ഓടിമറഞ്ഞത്. ഡ്വെയ്ൻ ബ്രാവോ ചെന്നൈയുടെ വിജയറൺ നേടിയശേഷം ബാംഗ്ലൂർ താരങ്ങൾ ബ്രാവോയെയും നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ധോണിയെയും അഭിനന്ദിക്കാനെത്തിയപ്പോൾ വീണുകിട്ടിയ അവസരം മുതലെടുത്താണ് ആരാധകൻ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ഗ്രൗണ്ടിലേക്കു കടന്നത്. 

സംഭവത്തിനു ശേഷം ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ചിത്രത്തോടൊപ്പം പ്രത്യക്ഷപ്പെട്ട വരികൾ ഇങ്ങനെ,

‘ഐപിഎൽ പോയിന്റ് പട്ടികയിൽ ചെന്നൈ വീണ്ടും മുന്നിലെത്തിയ വേളയിൽ ആരോധനാമൂർത്തിയെ ദർശിക്കാൻ മറ്റൊരു ആരാധകൻ കൂടി’

ഈ ഐപിഎൽ സീസണിൽ ഇതിനോടകംതന്നെ മൂന്ന് ആരാധകരാണ് ധോണിയുടെ കാൽ തൊട്ടു വന്ദിച്ചത്. കൊൽക്കത്തയുമായുള്ള മൽസരത്തിനിടെ ഡഗ്ഔട്ടിൽ സഹതാരങ്ങളോടു സംസാരിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ആരാധകൻ ധോണിയുടെ കാൽതൊട്ടു വന്ദിച്ചിരുന്നു. 

ഇതിനു മുൻപു പൂണെയിൽ രാജസ്ഥാനുമായുള്ള മൽസരത്തിൽ ധോണി ബാറ്റ്ചെയ്യാനിറങ്ങിയപ്പോഴും മറ്റൊരു ആരാധകൻ ധോണിയുടെ കാൽതൊട്ടു വണങ്ങിയാണു മടങ്ങിയത്. 

related stories