ആദ്യ പ്രണയം തുറന്നു പറഞ്ഞ് ധോണി

ധോണി. (ഫയൽ ചിത്രം)

ചെന്നൈ∙ ഉള്ളിലുള്ളതു പുറത്തുകാട്ടാതെയും പറയാതെയുമാണു ധോണി പണ്ടേ ശീലിച്ചിട്ടുള്ളത്. ആകാശം ഇടിഞ്ഞുവീണാലും ‘കൂളായി’ നിൽക്കാറുള്ള മുൻ ഇന്ത്യൻ നായകൻ വ്യക്തിജീവിതത്തെപ്പറ്റി കാര്യമായൊന്നും പൊതുസമൂഹത്തോടു വിട്ടുപറഞ്ഞ ചരിത്രവുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രമോഷനൽ പരിപാടിക്കിടെ തന്റെ ജീവിതത്തിലെ ഒരു ‘പ്രധാന രഹസ്യം’ ധോണി തുറന്നുപറഞ്ഞു.

പ്ലസ് ടൂവിനു പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം എന്നാണ് ആരാധകർക്കു മുന്നിൽ ധോണി വെളിപ്പെടുത്തിയത്. സഹതാരങ്ങളായ ഷെയ്ൻ വാട്സൺ, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ചെന്നൈയുടെ പ്രമോഷനൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണു പരിപാടിക്കെത്തിയ മെന്റലിസ്റ്റ് ചോദ്യശരങ്ങളിലൂടെ ധോണിയുടെ വിക്കറ്റ് തെറിപ്പിച്ചത്.

ചില വിദ്യകളിലൂടെ ധോണിയുടെ ആദ്യ പ്രണയിനിയുടെ പേര് ഊഹിച്ചെടുക്കാൻ ശ്രമിച്ച മെന്റലിസ്റ്റ്, ധോണിയോടു ചില ചോദ്യങ്ങൾ ചോദിച്ചശേഷം – സ്വാതി എന്ന പേര് ആരാധകർക്കു മുൻപാകെ പറഞ്ഞു. ചെറിയൊരു ചമ്മലോടെയാണെങ്കിലും കക്ഷിയുടെ പേര് അതുതന്നെയെന്നു മുൻ ഇന്ത്യൻ നായകൻ സമ്മതിച്ചു. 1999ൽ പ്ലസ് ടൂവിനു പഠിക്കുമ്പോഴാണു സ്വാതിയെ അവസാനമായി കണ്ടതെന്നും ധോണി കൂട്ടിച്ചേർത്തു. ഇക്കാര്യം ഭാര്യ സാക്ഷിയോടു പറയരുതെന്ന് ആരോധകരോടു തമാശരൂപത്തിൽ ധോണി ആവശ്യപ്പെട്ടതു സദസ്സിൽ വീണ്ടും പൊട്ടിച്ചിരിയുണർത്തി.

എന്നാൽ സ്വാതി എങ്ങും പോയിട്ടില്ല, കാണികൾക്കിടയിൽ തന്നെയുണ്ടെന്നു പറഞ്ഞ മെന്റലിസ്റ്റ് സ്വാതിയോടു വേദിയിലേക്കു വരാൻ ആവശ്യപ്പെട്ടതോടെ ആരാധകർ മാത്രമല്ല, ധോണിയും ഞെട്ടി. താൻ അവസാനം പറഞ്ഞതു തമാശയാണെന്നും സ്വാതി ഇവിടെ എത്തിയിട്ടില്ലെന്നും മെന്റലിസ്റ്റ് പറപ്പോഴാണു മുൻ ഇന്ത്യൻ നായകൻ നെടുവീർപ്പിട്ടത്. 36കാരനായ ധോണി റാഞ്ചിയിലെ ഡിഎവിജെവിഎം സ്കൂളിൽനിന്നാണു പ്ലസ് ടൂ പഠനം പൂർത്തിയാക്കിയത്. ധോണി–സാക്ഷി ദമ്പതികൾക്ക് ഏഴു വയസ്സുകാരിയായ സിവ എന്ന മകളുമുണ്ട് ഇന്ന്.