പേരു ചുരുക്കി, കരുത്തു കൂട്ടി പുണെ

ഒരു പേരിൽ എന്തിരിക്കുന്നു എന്നു ചോദിക്കരുത്, കുറഞ്ഞപക്ഷം പുണെയോട് എങ്കിലും! ടീമിന്റെ പേരിൽ ഒരക്ഷരം കൂടിപ്പോയതുകൊണ്ടാണത്രേ കഴിഞ്ഞ സീസണിൽ അവർ പിന്നിൽനിന്നു രണ്ടാമതാകേണ്ടി വന്നത്. അന്ധവിശ്വാസമെന്നു വിളിച്ചാലും കുഴപ്പമില്ല, പുണെ സൂപ്പർ ജയന്റ്സ് എന്ന ടീം ഈ സീസണിൽ ഒരക്ഷരം കുറച്ച് പുണെ സൂപ്പർ ജയന്റ് ആയതിനു പിന്നിൽ സംഖ്യാ ശാസ്ത്രത്തിന്റെ കളി തന്നെ.

കളിക്കാരെ കോടികൾ കൊടുത്തു വാങ്ങും മുൻപേ, സംഖ്യാ ജ്യോതിഷന്റെ ഉപദേശം തേടുകയാണ് ടീം ഉടമകൾ ചെയ്തത്. ആദ്യം രാശിയില്ലാത്ത പേരു മാറ്റി. സൂപ്പർ ജയന്റ്സ് അങ്ങനെ സൂപ്പർ ജയന്റ് എന്നാക്കി. ചുറുചുറുക്കോടെ കിരീടത്തിലെത്താൻ യുവാവായ ക്യാപ്റ്റൻ വേണമെന്നു ടീമിന്റെ ഉപദേശകർ നിർദേശിച്ചു.

മുപ്പത്തഞ്ചുകാരനായ ധോണിക്കു പകരം ഏട്ടുവയസ്സു കുറവുള്ള സ്റ്റീവ് സ്മിത്തിനെ അങ്ങനെ ക്യാപ്റ്റനാക്കി. പേരു പരിഷ്ക്കരിച്ചും ‘തല’യിളക്കിയും ജഴ്സി മിനുക്കിയുമെത്തുന്ന സഞ്ജീവ് ഗോയങ്കെയുടെ ടീമിന് ഐപിഎൽ കിരീടം നേടാനുള്ള അവസാന അവസരമാണിത്. രണ്ടുവർഷത്തെ വിലക്കിനുശേഷം രാജസ്ഥാനും ചെന്നൈയും തിരിച്ചെത്തുന്നതിനാൽ അടുത്ത ഐപിഎൽ സീസണിൽ പുണെ ടീം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

അമരത്ത് എം.എസ്. ധോണിയുണ്ടായിരുന്നു, സ്റ്റീവ് സ്മിത്ത്, കെവിൻ പീറ്റേഴ്സൺ, ഹാഫ് ഡു പ്ലെസി, രവിചന്ദ്ര അശ്വിൻ, അജിൻക്യ രഹാനെ എന്നിങ്ങനെ പ്രമുഖരുടെ നീണ്ടനിരയും. എന്നിട്ടും കഴിഞ്ഞ സീസണിൽ 14 മൽസരങ്ങളിൽ പുണെ ജയിച്ചത് അഞ്ചെണ്ണം. താരങ്ങളുടെ സ്ഥിരതയില്ലായ്മയും പരുക്കും വലച്ചു.

65.7 കോടിയെന്ന ഭീമൻ തുകയ്ക്ക് ഇത്തവണ താരങ്ങളെ വലയെറിഞ്ഞ ടീം മാനേജ്മെന്റ് റിസർവ് നിരയിലേക്കും കരുത്തരെ എത്തിച്ചിട്ടുണ്ട്. ഐപിഎല്ലിലെ റെക്കോർഡ് തുകയ്ക്ക് ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുണെ സ്വന്തമാക്കി. രാജ്യാന്തര മൽസരങ്ങൾക്ക് സ്റ്റോക്സ് മടങ്ങുമ്പോൾ പകരക്കാരനാകാൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാൻ ക്രിസ്റ്റ്യനെയും വാങ്ങി. സ്പിൻ ആക്രമണത്തിന് ഇമ്രാൻ താഹിർ, ആദം സാംപ എന്നിങ്ങനെ രണ്ട് വിദേശ ഓപ്ഷനുകളുണ്ട്.

∙ കരുത്ത്

സ്പിന്നർമാരുടെ പറുദീസയായ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് പുണെയുടെ ഹോം ഗ്രൗണ്ട്. സാംപയും ഇമ്രാൻ താഹിറുമടക്കമുള്ള ലോകത്തെ ഒന്നാം നമ്പർ സ്പിന്നർമാരെ ഈ പറുദീസ തുണയ്ക്കും. ബാറ്റിങ്ങിലെ കൂട്ടത്തകർച്ച ഈ സീസണിൽ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.

∙ വെല്ലുവിളി

പരുക്കിനെ തുടർന്ന് സ്പിൻ വജ്രായുധം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്നു പൻവാങ്ങിയത് പുണെയ്ക്ക് വലിയ തിരിച്ചടിയാണ്. മധ്യനിര ബാറ്റിങ് കരുത്തുറ്റതാണെങ്കിലും വാലറ്റത്ത് ഒരു വെടിക്കെട്ടുകാരന്റെ അഭാവമുണ്ട്.

പരുക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ‌ മിച്ചൽ മാർഷും ഈ സീസണിൽ കളിക്കില്ല. പരുക്കിന്റെ പിടിയിലുള്ള ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി എത്ര മൽസരങ്ങളിൽ കളിക്കുമെന്ന് ഉറപ്പില്ല. അശോക് ദിൻ‌ഡെ നയിക്കുന്ന പേസ് ആക്രമണ നിരയിൽ പരിചയ സമ്പന്നനായ ഒരു വിദേശ താരത്തിന്റെയും കുറവുണ്ട്. ഇത് ബെൻ സ്റ്റോക്സിന്റെ ജോലിഭാരം കൂട്ടും.

∙ ടീമിലെ താരം– ബെൻ സ്റ്റോക്സ്

14.5 കോടി രൂപ. ഇംഗ്ലിഷ് ഓൾറൗണ്ടർ. ഐപിഎല്ലിൽ ആദ്യം. ഐപിഎൽ ലേലത്തിൽ ഒരു വിദേശതാരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുക.