ഓംഡ്രീം ഹ്യൂം! ഒടുവിൽ ഹ്യൂം 3 – ഡൽഹി 1; ഗോളുകൾ കാണാം

കേരളാ ബ്ലാസ്റ്റേഴ്സിനായി ഹാട്രിക് നേടിയ ഇയാൻ ഹ്യൂം. ചിത്രം: ഐഎസ്എൽ

ന്യൂഡൽഹി∙ ഈ വിജയം ഹ്യൂമിനു സ്വന്തം. മുന്നേറ്റത്തിൽ ഒപ്പമിറങ്ങിയ ദിമിതർ ബെർബറ്റോവ് നിറം മങ്ങിയ മൽസരത്തിൽ കളം നിറഞ്ഞു കളിച്ച ഹ്യൂം ബ്ലാസ്റ്റേഴ്സിനെ വിജയതീരമണിയിച്ചു. മുൻ മൽസരങ്ങളിൽ പലപ്പോഴും തന്നെ പകരക്കാരുടെ നിരയിലിരുത്തിയ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനവുമായി ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായി. കെസിറോൺ കിസിത്തോയെ മധ്യനിരയിലിറക്കി 4–4–2 ശൈലിയിലാണു ബ്ലാസ്റ്റേോഴ്സ് കളത്തിലിറങ്ങിയത്. പരുക്കിൽ നിന്നു മോചിതനാകാത്ത സി.കെ. വിനീത് ഇക്കുറിയും കരയ്ക്കിരുന്നു.

ബെർബറ്റോവിൽ നിന്നു പാസുകൾ കാര്യമായി ലഭിക്കാതെ വന്നതോടെ പലപ്പോഴും പിന്നിലേക്കിറങ്ങി പന്ത് സ്വീകരിച്ചു മുന്നേറിയ ഹ്യൂം എതിർ നിരയെ വിറപ്പിച്ചു. ഡൽഹിയിലെ തണുപ്പിൽ വിറച്ചിരുന്നു കളി കണ്ട ആരാധകരുടെ മനസ്സു നിറയ്ക്കുന്ന പ്രകടനമായിരുന്നു ഹ്യൂമിന്റേത്. ഒന്നാം പകുതിയിൽ പന്ത് ഹെഡ് ചെയ്യുന്നതിനിടെ എതിരാളിയുമായി കൂട്ടിയിടിച്ചു തലപൊട്ടിയൊഴുകിയിട്ടും ഹ്യൂമിന്റെ ആവേശം ചോർന്നില്ല. ഒന്നാം പകുതിയുടെ അന്ത്യ നിമിഷങ്ങളിൽ ബെർബറ്റോവിനു പകരം മാർക്ക് സിഫ്നിയോസ് ഇറങ്ങിയതോടെ, ബ്ലാസ്റ്റേഴ്സ് മുന്നേറ്റമുണർന്നു. മധ്യനിരയിൽ കെസിറോൺ – പെക്കൂസൺ കൂട്ടുകെട്ട് മികച്ച നീക്കങ്ങൾ നടത്തി.

ഐഎസ്എലിൽ 25 ഗോളുകൾ തികയ്ക്കുന്ന ആദ്യതാരമായി ഇയാൻ ഹ്യൂം. 54 മൽസരങ്ങളിൽ നിന്ന് 26 ഗോളുകളാണ് ഹ്യൂമിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഐഎസ്എലിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച താരവും മൂന്ന് ഹാട്രിക്കുകൾ നേടിയ ഏകതാരവും ഹ്യൂം തന്നെ.

ഗോളുകൾ വന്ന വഴി

ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾ: ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടുമ്പോൾ കളിക്കു പ്രായം 12 മിനിറ്റു മാത്രം. ഹ്യൂമിന്റെ ഫിനിഷിങ് മികവിനൊപ്പം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ വിലയേറിയ താരമായി വളരുന്ന കറേജ് പെകൂസന്റെ മികവു കൂടി അടയാളപ്പെടുത്തിയായിരുന്നു ഗോളിന്റെ പിറവി. മധ്യവരയ്ക്കു സമീപത്തുനിന്നും ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ പെകൂസന്റെ മുന്നേറുമ്പോൾ ഇയാൻ ഹ്യൂമും സമാന്തരമായി ഓടിക്കയറി. ഡൽഹി പ്രതിരോധം പൊളിച്ച് പോസ്റ്റിന് സമാന്തരമായി പെകൂസൻ പന്തു നീട്ടുമ്പോൾ ഹ്യൂം കൃത്യസ്ഥാനത്തുണ്ടായിരുന്നു. നിരങ്ങിയെത്തിയ ഹ്യൂമിനൊപ്പം പന്തും വലയ്ക്കുള്ളിൽ. സ്കോർ 1–0. ബ്ലാസ്റ്റേഴ്സ് മുന്നിൽ. സ്വന്തം ടീം ലീഡ് നേടി എന്നതിനേക്കാൾ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഹ്യൂമേട്ടൻ ഗോളടി മികവ് വീണ്ടെടുത്തതിലായിരുന്നു ആരാധകരുടെ സന്തോഷം.

ഡൽഹിയുടെ സമനില ഗോൾ: ഹ്യൂമേട്ടന്റെ ഗോളിൽ ലീഡു പിടിച്ച് ഇടവേളയ്ക്ക് കയറാമെന്ന് സ്വപ്നം കണ്ട ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് ഡൽഹിയുടെ സമനില ഗോൾ പിറന്നത് 44–ാം മിനിറ്റിൽ. ബ്ലാസ്റ്റേഴ്സ് ബോക്സിനു വെളിയിൽ ഡൽഹിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. റോമിയോ ഫെർണാണ്ടസ് ഉജ്വലമായി ഉയർത്തിവിട്ട പന്തിൽ ഡൽഹി ക്യാപ്റ്റൻ ഉയർന്നുചാടി തലവയ്ക്കുമ്പോൾ കയറി നിൽക്കണോ ഇറങ്ങി നിൽക്കണോ എന്ന സന്ദേഹത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ. പന്ത് കോട്ടാലിന്റെ ശിരസിൽ തട്ടി പോസ്റ്റിന്റെ വലതുമൂലയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ഗാലറിയിലെ മഞ്ഞപ്പട നിശബ്ദരായി. സ്കോർ 1–1.

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ: ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആടിയുലഞ്ഞുപോയ ബ്ലാസ്റ്റേഴ്സ് നിരയെ അക്ഷരാർഥത്തിൽ ഉണർത്തിയാണ് ഹ്യൂം ടീമിന്റെ രണ്ടാം ഗോൾ നേടിയത്. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ഡൽഹി താരങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറപ്പിക്കുന്നതിനിടെ ലഭിച്ച അവസരം ഗോളിലേക്കെത്തിയതിന്റെ പൂർണ ക്രെഡിറ്റ് ഇയാൻ ഹ്യൂമിന് തന്നെ. ഇത്തവണയും ഗോളിന് വഴിയൊരുക്കി പെകൂസൻ സാന്നിധ്യമറിയിച്ചു. ത്രോയിൽനിന്ന് പെകൂസൻ നീട്ടിനൽകിയ പന്തുമായി ഡൽഹി പ്രതിരോധതാരങ്ങളോട് പോരിട്ട് ഹ്യൂമിന്റെ മുന്നേറ്റം. ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് കടന്ന് പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി ഹ്യൂം പന്തു പായിക്കുമ്പോൾ ഡൽഹി ഗോളി മുഴുനീളെ ഡൈവ്‍ ചെയ്തു. പന്തു പക്ഷേ അദ്ദേഹത്തിന്റെ നീട്ടിയ കരങ്ങളെയും കടന്ന് വലയിൽ വിശ്രമിച്ചു. ഗാലറി ആർത്തിരമ്പി. സ്കോർ 2–1.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ: അപ്രതീക്ഷിതമായി വഴങ്ങേണ്ടിവന്ന രണ്ടാം ഗോൾ ഡൽഹി നിരയെ ഉലച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു മൽസരത്തിന്റെ തുടർന്നുള്ള നിമിഷങ്ങൾ. ഡൽഹി സമ്മർദ്ദത്തിലായെന്ന് മനസിലാക്കി ഇടിച്ചുകയറിയ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ അതിന്റെ ഫലം ലഭിച്ചു. മധ്യവരയ്ക്ക് സമീപത്തുനിന്നും മൂന്നാം ഗോളിനായി പന്ത് നീട്ടി നൽകിയത് മാർക്ക് സിഫ്നിയോസ്. ഡൽഹി പ്രതിരോധ താരങ്ങളെ ഓടിത്തോൽപ്പിച്ച് ഹ്യൂം പന്ത് പിടിച്ചെടുക്കുമ്പോൾ മുന്നിൽ ഡൽഹി ഗോൾകീപ്പർ അർണബ്ദാസ് ശർമ മാത്രം. പന്ത് ലക്ഷ്യമിട്ട് കയറിയെത്തിയ ഗോൾകീപ്പറെ അനായാസം കീഴ്പ്പെടുത്തി ഹ്യൂം പന്ത് ചിപ് ചെയ്തു. ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത് നേരെ വലയിൽ. സ്കോർ 3–1. ടീമിന്റെ വിജയമുറപ്പിച്ച സന്തോഷത്തിൽ ഗാലറിയിൽ ആരാധകർ തുള്ളിച്ചാടി.