Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സ് കരുതിയിരിക്കുക; ഉരുക്കിന്റെ കരുത്തുള്ള ടീമുമായി കൊപ്പൽ വരുന്നു...

Sketch

കൊപ്പലാശാന്റെ ടീമാണ്. കപ്പ് എടുക്കാൻ പോന്ന ടീമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ പുത്തൻ ടീമായ ജംഷഡ്പുർ എഫ്സിയെ പരിചയപ്പെടുത്താൻ ഇതിൽ കൂടുതലൊന്നും വേണ്ട. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് എണ്ണമറ്റ പ്രതിഭകളെ സമ്മാനിച്ച ജംഷഡ്പുരിൽ നിന്നും അതേ ടാറ്റയുടെ പിൻബലത്തോടെയൊരു ക്ലബ് – നാലാമൂഴത്തിൽ ഐഎസ്എല്ലിന്റെ ഹൈലൈറ്റുകളിലൊന്നാണ് ഈ ടീം. നവാഗതരെന്ന മട്ടിൽ തള്ളിക്കളയാനാവില്ല യുവതയും പരിചയസമ്പത്തും സമ്മേളിക്കുന്ന ജംഷഡ്പുരിന്റെ സാന്നിധ്യം. 

 പടയൊരുക്കം

സ്റ്റീവ് കൊപ്പൽ എന്ന പരിശീലകനിൽ തുടങ്ങുന്നു ജംഷഡ്പുർ എഫ്സിയുടെ കരുത്ത്. പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അദ്ഭുതക്കുതിപ്പിനു പിന്നിലെ ചാലകശക്തിയാണ് കൊപ്പൽ എന്ന ആശാൻ. കടലാസിൽ വേണ്ടത്ര കനം തോന്നിക്കാത്തൊരു ടീമിനെയും കൊണ്ടാണു കൊപ്പൽ ഐഎസ്എല്ലിന്റെ കലാശത്തിലേക്കു കടന്നുവന്നത്. മാഞ്ചസ്റ്ററിന്റെ ഇതിഹാസം ഇത്തവണ ജംഷഡ്പുരിന്റെ വിലാസത്തിലേക്കു മാറുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ചെറുഛായ നിഴലിക്കുന്നുണ്ട് ടീമിൽ.

പക്ഷേ പഴുതുകൾ കാണാനില്ലാത്തൊരു 'ബ്ലാസ്റ്റിങ്' നിരയെന്ന് എടുത്തു പറയേണ്ടിവരുമെന്നു മാത്രം. എല്ലാ മേഖലയിലും സുസജ്ജമായ സംഘവുമായാണു കൊപ്പലും ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്ന ഇഷ്ഫാഖ് അഹമ്മദുമെത്തുന്നത്. പോയ സീസണിൽ മഞ്ഞപ്പട വിജയക്കുതിപ്പു തുടങ്ങിയ തായ്‌ലൻഡിൽ തന്നെയാണു ടാറ്റയുടെ ടീമിന്റെയും മുന്നൊരുക്കം. അഞ്ചു പരിശീലന മൽസരം കളിച്ച ടീം നാലു ജയവും ഒരു തോൽവിയുമായാണു മടങ്ങിവന്നത്. 

പ്രതിരോധനിര

പ്രതിരോധം വിട്ടൊരു കളിയുമില്ലെന്നു വ്യക്തമാക്കുന്നുണ്ട് കൊപ്പലിന്റെ പുതുസംഘവും. ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണിൽ നിന്നെത്തുന്ന ആന്ദ്രേ ബിക്കെയാണു പ്രതിരോധത്തിലെ നായകൻ. കൊൽക്കത്തയുടെ വിശ്വസ്തനെന്ന വിളികേട്ട സ്പാനിഷ് താരം ടിരിയും ബിക്കെയും കാവലുള്ള ജംഷഡ്പുരിന്റെ കോട്ടയിൽ മികവു തെളിയിച്ച ഇന്ത്യൻ താരങ്ങളുടെയും സാന്നിധ്യമുണ്ട്.

മലയാളി താരം അനസ് എടത്തൊടിക, മോഹൻ ബഗാനിലൂടെ വളർന്ന ഷൗവിക് ഘോഷ്, ജൂനിയർ ഇന്ത്യൻ താരം സായ്‌റുവത് കിമ, നോർത്ത് ഈസ്റ്റ് താരങ്ങളായിരുന്ന യുമ്നം രാജു, റോബിൻ ഗുരുങ് എന്നിവരും നിരക്കുന്ന കാവൽനിരയ്ക്കു പിന്നിലായി സുബ്രതാ പാലും ഇറങ്ങുന്നതോടെ ഉരുക്കിന്റെ കരുത്താകും. ഡൽഹി ഡൈനാമോസിലുണ്ടായിരുന്ന സഞ്ജീബൻ ഘോഷും യുവതാരം റഫീഖ് അലി സർദാറുമാണ് സുബ്രതയുടെ പകരക്കാർ. 

മധ്യനിര

നട്ടെല്ലില്ലാത്ത മധ്യനിരയെന്നു പഴി കേട്ടതാണ് കൊപ്പലിന്റെ പഴയ ടീം. എന്നാൽ, പുതിയ ടീമിലൂടെ ആ പരാതിയുടെ കേടു തീർക്കുകയാണ് ഇംഗ്ലിഷ് പരിശീലകൻ. കൊൽക്കത്തയുടെ കിരീടധാരണത്തിൽ നിർണായകപങ്കു വഹിച്ച ദക്ഷിണാഫ്രിക്കൻ വിങ്ങർ സമീഗ് ദൗത്തി മുതൽ ഇരുപതുകാരൻ ജെറി വരെ നീളുന്ന മധ്യം ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ചതെന്നു തന്നെ പറയാം. ബ്രസീലിലെ ഫ്ലമംഗോ ക്ലബ്ബിൽനിന്നു ലോണടിസ്ഥാനത്തിലെത്തുന്ന മത്തേയൂസ് ഗോൺസാൽവസും ഡിഫൻസീവ് മിഡ്ഫീൽഡർ മെമോയും കാത്തിരിക്കുന്ന മധ്യനിര ഇന്ത്യൻ താരം ബികാഷ് ജെയ്റു, ഡൈനാമോസിന്റെ ജീവനാഡിയായിരുന്ന സൗവിക് ചക്രബർത്തി, ബ്ലാസ്റ്റേഴ്സിൽ നിറഞ്ഞുനിന്ന മെഹ്താബ് ഹൊസൈൻ എന്നിവരും ഇടംപിടിക്കുന്നതോടെ കരുത്തിന്റെ കേളിയരങ്ങായി മാറും.

മുന്നേറ്റനിര

ബ്ലാസ്റ്റേഴ്സ് നിരയിലെ 'കില്ലിങ് സ്ട്രൈക്കർ' കെർവെൻസ് ബെൽഫോർട്ടിനെ മുൻനിർത്തിയാണ് കൊപ്പൽ മുന്നണിയൊരുക്കുന്നത്. ഹെയ്ത്തി ഇന്റർനാഷനലിനു പിന്തുണയുമായി സെനഗലിൽ നിന്നുള്ള ടെല്ലാ എൻഡിയേയും നൈജീരിയയിൽ നിന്നുള്ള ഇസു അസൂക്കയും ചേരുന്നതോടെ ജംഷ‍ഡ്പുർ ആക്രമണത്തിന് ആഫ്രിക്കൻ വന്യത കൈവരും. മുൻനിരയിലെ ഇന്ത്യൻ പിന്തുണക്കാരും മോശക്കാരല്ല. ഇന്ത്യൻ ടീമിലിടം നേടിയ സുമിത് പാസിയും ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന ഫറൂഖ് ചൗധരിയും വെറ്ററൻ ഇന്ത്യൻ താരം അഷിം ബിശ്വാസും അണിചേരുന്ന ടീമിൽ സർപ്രൈസ് സ്ട്രൈക്കറായി സിദ്ധാർഥ് സിങ്ങും ഊഴംകാത്തുണ്ട്.

ടോപ്  സ്റ്റാർ - ആന്ദ്രേ ബിക്കെ

പതിനഞ്ചാം വയസ്സിൽ സ്പാനിഷ് ക്ലബ് എസ്പാനിയോളിനൊപ്പം ചേർന്ന ഫുട്ബോളറാണ് ആന്ദ്രേ ബിക്കെ അമൗഗൗ. കളംനിറ‍ഞ്ഞു കളിക്കുന്ന കാമറൂൺ താരത്തിനു പ്രതിരോധത്തിലും മധ്യത്തിലും ഒരുപോലെ തിളങ്ങാൻ മിടുക്കുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗിലും പോർചുഗീസ് പ്രീമേറ ലിഗയിലും കളിച്ചുള്ള പരിചയവുമായെത്തുന്ന ബിക്കെ അഞ്ചു വർഷക്കാലം കാമറൂൺ സീനിയർ ടീമിന്റെ ഭാഗവുമായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഐഎസ്എൽ കളിച്ച പരിചയവും ഈ മുപ്പത്തിരണ്ടുകാരനുണ്ട്. 

വാർ റൂം ലീഡർ - സ്റ്റീവ് കൊപ്പൽ

കൊപ്പലിനെ ഇനി എങ്ങനെ പരിചയപ്പെടുത്താനാ‌ണ്? കേരളക്കരയുടെ പ്രിയപ്പെട്ട പരിശീലകൻ ഇത്തവണ കിരീടം ലക്ഷ്യമിട്ടുള്ള വരവാണ്. മുൻ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവുമായ സ്റ്റീവ് കൊപ്പൽ പതിറ്റാണ്ടുകൾ നീണ്ട അനുഭവസമ്പത്തുമായാണു ജംഷഡ്പുരിന്റെ അരങ്ങേറ്റം നയിക്കുന്നത്. 

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, പോർട്സ്മൗത്ത്, റീഡിങ്, ക്രിസ്റ്റൽ പാലസ് തുടങ്ങിയ ടീമുകളെ ഒരുക്കിയിട്ടുള്ള അറുപത്തിരണ്ടുകാരൻ യുണൈറ്റഡിനായി മുന്നൂറിലേറെ മൽസരങ്ങൾക്കു ബൂട്ടണിഞ്ഞിട്ടുണ്ട്.

ടോപ് 3 ഇന്ത്യൻ സ്റ്റാർസ്

∙ അനസ് എടത്തൊടിക(30) -  സെന്റർ ബാക്ക്

∙ ബികാഷ് ജെയ്റു(26) - മിഡ്ഫീൽഡർ

∙ സുബ്രതാ പാൽ(30) - ഗോൾ കീപ്പർ.