Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷ് തന്ത്രങ്ങളും സ്പാനിഷ് തയാറെടുപ്പുമായി ബ്ലാസ്റ്റേഴ്സിന്റെ ‘ഡ്രീം ടീം’

Kerala Blasters

കൊച്ചി ∙ എല്ലാ ലക്ഷണങ്ങളും തികഞ്ഞ, തലയെടുപ്പുള്ളൊരു കൊമ്പൻ ആയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവെന്നു പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ല. എന്തിനും പോന്നതാണ് ഈ ബ്ലാസ്റ്റേഴ്സ് സംഘം. ഇതുവരെ കണ്ടതിൽ വച്ചേറ്റവും തിളക്കമുള്ള താരനിരയെന്നു നിസ്സംശയം പറയാം. ലോകകപ്പിലൂടെ ബ്രസീലിന്റെ കുട്ടികൾ കൊച്ചിയിൽ സൃഷ്ടിച്ച മഞ്ഞഅലകൾ ബ്ലാസ്റ്റേഴ്സിലൂടെ പുനർജനിക്കുമെന്നു വിളിച്ചോതുന്നു ആ ലൈനപ്പ്. ദിമിതർ ബെർബറ്റോവും വെസ് ബ്രൗണും മാഞ്ചസ്റ്ററിന്റെ ഇതിഹാസങ്ങൾ. ഇയാൻ ഹ്യൂം ഐഎസ്എല്ലിന്റെ ഇതിഹാസതാരമാണ്. വിദേശകരുത്തായി ഘാന താരം പെകൂസണും നെമാഞ്ച പെസിച്ചും പോലുള്ള യുവരക്തങ്ങൾ. വിനീതും ജിങ്കാനും പോലുള്ള പരിചിതപോരാളികൾക്കൊപ്പം അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ്, ലാൽറുവാതാര തുടങ്ങിയ ഇന്ത്യൻ മുഖങ്ങളും ചേരുന്നതോടെ തിളച്ചുമറിയും മഞ്ഞപ്പടയുടെ കരുത്ത്.

പടയൊരുക്കം

മെല്ലെപ്പോക്കിന്റെ വഴിയിൽ ടീമിനെയൊരുക്കിയ പഴയ ശീലങ്ങളെ വേരോടെ പിഴുതാണ് നാലാമൂഴത്തിലെ കേരളത്തിന്റെ സംഘം എത്തുന്നത്. തയാറെടുപ്പുകൾ ഇതാദ്യമായി യൂറോപ്പിൽ ചെന്നതിൽത്തന്നെ തെളിയുന്നുണ്ട് പ്രീ സീസൺ പ്രത്യേകതകൾ. ഒരുമാസത്തോളം നീണ്ട ക്യാംപിന്റെ ഭാഗമായി നാലു പരിശീലനമൽസരങ്ങൾക്കും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങി. കെട്ടുറപ്പുള്ള വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കെതിരെ ബലം പരീക്ഷിച്ച ബ്ലാസ്റ്റേഴ്സ് രണ്ടുമൽസരങ്ങളിൽ വിജയം കുറിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. ഒരു മൽസരത്തിൽ തോൽവി ഏറ്റുവാങ്ങി.

പ്രതിരോധനിര

പ്രതിരോധത്തിലെ ഇന്ത്യൻ വൻമതിൽ സന്ദേശ് ജിങ്കാൻ തന്നെ തദ്ദേശനിരയിൽ ഒന്നാമൻ. കൂട്ടിനു മലയാളി ബാക്ക് റിനോ ആന്റോയുണ്ട്. ഐലീഗ് ജേതാക്കളായ ഐസ്‌വാൾ എഫ്സിയിലെ ലാൽറുവാതാര എന്ന നാളത്തെ താരവും ലാൽതാകിമ, പ്രീതംകുമാർ, സാമുവൽ ശദപ് എന്നിവരും കാത്തിരിക്കുന്ന പ്രതിരോധനിരയിലെ നായകൻ ഇംഗ്ലണ്ടിൽ നിന്നെത്തുന്നൊരു വമ്പ‍നാണ്–വെസ് ബ്രൗൺ. ഇരുന്നൂറിലേറെ മൽസരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽ ദൗത്യം വഹിച്ച ആറടിപ്പൊക്കക്കാരനിൽ മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ട ഭദ്രം.
ഗോൾവലയ്ക്കു മുന്നിലുമുണ്ടൊരു മാഞ്ചസ്റ്റർ സാന്നിധ്യം, യുണൈറ്റഡിന്റെ ഗോൾകീപ്പറായിരുന്ന പോൾ റെച്ചുക്ക. ഇംഗ്ലിഷ് ഗോളിക്കൊപ്പം സന്ദീപ് നന്ദിയും സുഭാഷിസ് റോയ് ചൗധരിയും ചേരുന്നതാണ് ഗോൾ രക്ഷാവലയം.

മധ്യനിര

മധ്യനിരക്കാരെ നോക്കുക–അരാത്ത ഇസൂമി, സി.കെ.വിനീത്, ജാക്കിചന്ദ് സിങ്, മിലൻ സിങ്, സിയാൻ ഹംഗൽ. മൈതാനമധ്യത്തിൽ ഏതുറോളും ഏറ്റെടുക്കാൻ കെൽപുള്ള താരമാണ് ഇസൂമി. ബ്ലാസ്റ്റേഴ്സിന്റെ ഊർജസാന്നിധ്യം കൂടിയായ വിനീതിനു വിങ്ങുകളിലാകും ദൗത്യം.

വലതുവിങ്ങിലൂടെ മിന്നലാക്രമണം നടത്തും ജാക്കിചന്ദ് സിങ്. ഡൽഹി ഡൈനാമോസിന്റെ യൂട്ടിലിറ്റി പ്ലെയറായി തിളങ്ങിയ ഡൈഹാർഡ് മിഡ്ഫീൽഡറാണു മിലൻ. ഐ ലീഗിൽ ബെംഗളൂരു എഫ്സിക്കും ചെന്നൈയിനും കളിച്ചിട്ടുള്ള സിയാം ഹംഗലും മോശക്കാരനല്ല.

മലയാളി താരങ്ങളായ അജിത് ശിവനും ലോകെൻ മീതേയും ഊഴം കാത്തുള്ള മധ്യത്തിൽ ആഫ്രിക്കൻ കരുത്തുമായെത്തുന്ന കറേജ് പെകൂസൺ ആകും ഇത്തവണ ബ്ലാസ്റ്റിങ് ആയുധം. ഘാനയുടെ അണ്ടർ–23 ടീമിൽ നിന്നാണു മ്യൂലൻസ്റ്റീൻ പെകൂസണെ പൊക്കിയത്.

മുന്നേറ്റ നിര

ഗോളടിയുടെ പൂരം ഉറപ്പാക്കാൻ പോന്ന മുന്നേറ്റനിരയുണ്ട് കേരളത്തിന്റെ ബ്ലാസ്റ്റേഴ്സിന്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രിയശിഷ്യൻ ബെർബറ്റോവിനെ വീണ്ടും കളത്തിലിറക്കിയാണ് കോച്ച് മ്യൂലൻസ്റ്റീൻ കൊച്ചിയെ മറ്റൊരു ഓൾഡ്ട്രാഫഡ് ആക്കാൻ ഒരുങ്ങുന്നത്. വെയ്ൻ റൂണിയുടെ കൂട്ടാളിയായി റെഡ് ഡെവിൾസിനു വേണ്ടി ഗോളുകളിൽ ആറാടിയ ബെർബറ്റോവിനു പങ്കാളിയാകാൻ ഇവിടെ ഇയാൻ ഹ്യൂമേട്ടനാണ് കാത്തിരിക്കുന്നത്. സൂപ്പർ ലീഗിന്റെ ഗോളിങ് മെഷീനാണു കാന‍ഡക്കാരൻ ഹ്യൂം. ഐഎസ്എലിൽ 46 മൽസരങ്ങളുടെ പരിചയസമ്പത്തുള്ള ഹ്യൂമിന്റെ പേരിൽ 23 ഗോളുകളുമുണ്ട്.
ഡച്ച് യുവതാരം മാർക്ക് സിഫ്നിയോസ് കൂടിയാകുന്നതോടെ മുൻനിരയിലെ വിദേശത്രയം പൂർത്തിയാകും. നാട്ടിലെ സ്ട്രൈക്കേഴ്സായി മലയാളി താരങ്ങളായ കെ. പ്രശാന്തും കരൺ സാഹ്നിയും ഹാജർ.

sp-rene

വാർ റൂം ലീഡർ : റെനി മ്യൂലൻസ്റ്റീൻ

ടോട്ടൽ ഫുട്ബോളിന്റെ നാട്ടിൽ നിന്നാണു വരവെങ്കിലും റെനി മ്യൂലൻസ്റ്റീന്റെ ഫുട്ബോൾ പാരമ്പര്യത്തിന് ഇംഗ്ലിഷ് പാസ്പോർട്ടാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ചിങ് ഇതിഹാസം സർ അലക്സ് ഫെർഗുസന്റെ വലംകൈ ആയാണ് മ്യൂലൻസ്റ്റീനെ ലോകമറിയുന്നത്. മാഞ്ചസ്റ്ററിന്റെ യൂത്ത്, റിസർവ് ടീമുകളുടെ ചുമതലയും ഈ ഹോളണ്ടുകാരൻ വഹിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്കും ടെവസിനും റൂണിക്കുമെല്ലാം കളി പറഞ്ഞുകൊടുത്ത പരിചയസമ്പത്തുള്ള മ്യൂലൻസ്റ്റീൻ കളിക്കാരെ എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അപാരമികവ് തെളിയിച്ച പരിശീലകനാണ്.

Berbatov

ടോപ് സ്റ്റാർ : ദിമിതർ ബെർബറ്റോവ്

ബൾഗേറിയയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ ദിമിതർ ഇവാനോവ് ബെർബറ്റോവാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ വലിയ താരം. ബെർബറ്റോവിനു പഴയ പരിശീലകനൊത്തുള്ള കൂടിച്ചേരലുമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മ്യൂലൻസ്റ്റീൻ സഹപരിശീലകനായ നാളുകളിൽ ടീമിന്റെ മുന്നണിപ്പോരാളികളൊരാളായിരുന്നു ഈ ബൾഗേറിയൻ ഫോർവേഡ്. നാലു സീസണിൽ മാഞ്ചസ്റ്ററിന്റെ ചുവപ്പണിഞ്ഞ ബെർബറ്റോവ് രണ്ടുവട്ടം പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായി. ബയെർ ലെവർക്യൂസൻ, ടോട്ടനം ഹോട്സ്പർ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളിലായി 650 ലേറെ മൽസരങ്ങളുടെ പരിചയവുമായാണീ മുപ്പത്തിയാറുകാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ് ഫുട്ബോളിൽ 280 ഗോളുകൾ അടിച്ചുകൂട്ടിയ ബെർബറ്റോവിന്റെ പേരിൽ 48 രാജ്യാന്തര ഗോളുകളുമുണ്ട്.

ടോപ് 3 ഇന്ത്യൻ സ്റ്റാർസ്

arata-izumi

അരാത്ത ഇസൂമി

ഐ ലീഗ്:

ഈസ്റ്റ് ബംഗാൾ
(മൽസരം–14, ഗോൾ–1)
മഹീന്ദ്ര യുണൈറ്റഡ്
(മൽസരം–84, ഗോൾ–20)
പുണെ എഫ്സി
(മൽസരം–129, ഗോൾ–25)
മുംബൈ എഫ്സി
(മൽസരം–13, ഗോൾ–1)

ഐഎസ്എൽ:

അത്‌ലറ്റിക്കോ കൊൽക്കത്ത
(മൽസരം–11, ഗോൾ–5)
പുണെ സിറ്റി
(മൽസരം–9, ഗോൾ–1)

sp-vineeth

സി.കെ.വിനീത്

ഐ ലീഗ് കരിയർ:

പ്രയാഗ് യുണൈറ്റഡ്
(മൽസരം–37, ഗോൾ–9)
ബെംഗളൂരു എഫ്സി
(മൽസരം–54, ഗോൾ–14)

ഐഎസ്എൽ:

കേരള ബ്ലാസ്റ്റേഴ്സ്
(മൽസരം–18, ഗോൾ–5)

Jackichand-Singh

ജാക്കിചന്ദ് സിങ്

ഐ ലീഗ് കരിയർ:

റോയൽ വാഹിങ്ദോ
(മൽസരം–18, ഗോൾ–5)
സാൽഗോക്കർ
(മൽസരം–16, ഗോൾ–2)
ഈസ്റ്റ് ബംഗാൾ
(മൽസരം–4, ഗോൾ–0)

ഐഎസ്എൽ:

പുണെ സിറ്റി
(മൽസരം–9, ഗോൾ–1)
മുംബൈ സിറ്റി
(മൽസരം–8, ഗോൾ–2)