Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർച്ചയിൽനിന്ന് പറന്നുയരാൻ അടിമുടി മാറ്റവുമായി എഫ്സി ഗോവയുടെ സൂപ്പർ ടീം

GOA-FC

കൊച്ചി∙ ബ്രസീലിൽ നിന്നു സ്പെയിനിലേക്ക് സാമാന്യം നല്ല ദൂരമുണ്ട്. സൂപ്പർ ലീഗിൽ ഗോവൻ ടീമിന്റെ മൂന്നും നാലും സീസണുകൾ തമ്മിലുമുണ്ട് അത്രതന്നെ അന്തരം.  ടീമിന്റെ മുഖമുദ്രയായിരുന്ന ബ്രസീലിയൻ ബന്ധം ഉപേക്ഷിച്ചതിൽ തുടങ്ങുന്നു എഫ്സി ഗോവയിലെ മാറ്റത്തിന്റെ തുടക്കം. ടീമിനെക്കാളേറെ ഉയർന്നു നിന്ന പരിശീലകൻ സീക്കോയ്ക്കു മടക്കടിക്കറ്റ് നൽകിയ ഗോവ സ്പാനിഷ് കരുത്തിലാണു നാലാം അങ്കത്തിനെത്തുന്നത്.

പടയൊരുക്കം

വീണ്ടും ഒന്നിൽ നിന്നു തുടങ്ങുകയാണ് ഗോവ.  ടീമിന്റെ ഡിഎൻഎയിൽ അടിമുടി മാറ്റം വന്നു. സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയുടെ ടീമിൽ ഒരു ബ്രസീൽ താരം പോലുമില്ല. എട്ടു വിദേശതാരങ്ങളിൽ ആറും സ്പെയിനിൽ നിന്നുള്ളവർ. ഒരുക്കവും സ്പെയിനിൽ തന്നെ. ലാ ലിഗ കളിച്ചു തഴക്കവും പഴക്കവും ചെന്ന താരങ്ങളെയാണ് ലൊബേറ കൂടെക്കൂട്ടിയിട്ടുള്ളത്.  മുൻ വിദേശതാരങ്ങളെ പാടേ കൈയൊഴിഞ്ഞെങ്കിലും ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ ഗോവ മറിച്ചാണു ചിന്തിച്ചത്. ഉയർച്ചയിലും തകർച്ചയിലും ടീമിനു വേണ്ടി ഒന്നിച്ചുനിന്ന ഇന്ത്യൻ പ്രതിഭകളെയെല്ലാം തിരിച്ചെടുത്തു. സ്ഥിരം മുഖങ്ങളിൽ റോമിയോ ഫെർണാണ്ടസ് ഒഴികെയുള്ളവരെ ഇത്തവണയും ടീമിൽ കാണാം.

 പ്രതിരോധനിര

ബാർസിലോന ബി ടീമിലുണ്ടായിരുന്ന സെന്റർ ബാക്ക് സെർജിയോ മരിനും പോർച്ചുഗൽ ജൂനിയർ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബ്രൂണോ പിയേറോയുമാണു വിദേശജോടികൾ. ലെഫ്റ്റ് ബാക്കിലെ കരുത്തൻ നാരായൺ ദാസ് മടങ്ങിയെത്തുന്നു.  ഡൽഹി ഡൈനാമോസിൽ നിന്നെത്തുന്ന യുവതാരം ചിൻഗ്ലെൻസനയും ഗോവൻ താരങ്ങളായ സെരിട്ടൻ ഫെർണാണ്ടസും ജോവിയൽ മാർട്ടിൻസും ജൊനാഥൻ കർഡോസോയുമെല്ലാം അണിനിരക്കുന്നതോടെ ടീമിന് ആശങ്കയില്ലാതെ കളത്തിലിറങ്ങാം.  ഗോൾകീപ്പറുടെ റോളിൽ ലക്ഷ്മികാന്ത് കട്ടിമണി തന്നെയെത്തും.  

മധ്യനിര

ഗോവൻ ടീം ഇതുവരെ കളത്തിലെത്തിച്ചതിൽ വച്ചേറ്റവും മികച്ച മധ്യനിരയുമായാണ് ലൊബേറയുടെ വരവ്. സ്പാനിഷ് ലീഗിലെ റയൽ സരഗോസയിൽ നിന്ന് എത്തുന്ന മാനുവൽ ലൻസറോറ്റെയും എഡ്വേർ‍‍ഡോ ബെഡിയയും  ഓസ്ട്രേലിയൻ എ ലീഗിൽ നിന്നും വരുന്ന മാനുവൽ അരാനയും മൊറോക്കോ താരം അഹമ്മദ് ജഹൗവും ചേരുന്ന വിദേശകരുത്താണ് ഗോവൻ മധ്യനിരയുടെ ഹൈലൈറ്റ്. അരാനയും ലൻസറോറ്റെയും വിങ്ങുകളിൽ വിരാജിക്കുമ്പോൾ സ്പാനിഷ് യൂത്ത് ടീമുകളിലൂടെ വരവറിയിച്ച എഡു സെൻട്രൽ മിഡ്ഫീൽഡറായെത്തും. നാട്ടിലെ പിന്തുണക്കാരും മോശം വരില്ല. മന്ദാർ റാവുവും ബ്രണ്ടൻ ഫെർണാണ്ടസും മിഡ്ഫീൽഡിലുണ്ടാവും.  പ്രൊണയ് ഹാർദറും പ്രതേഷ് ശിരോദ്കറും ആന്റണി ഡിസൂസയും കൂടിയാവുമ്പോൾ മിഡ്ഫീൽഡ് ഡബിൾ ഒകെ. 

മുന്നേറ്റനിര

 പ്രഹരശേഷിയും പരിചയസമ്പത്തും വേണ്ടുവോളമുള്ള സ്പാനിഷ് ജോടികൾക്കാണ് ആക്രമണദൗത്യം. എസ്പ്യാനോളിനെ കിങ്സ് കപ്പ് കിരീടത്തിലേക്കു നയിച്ചിട്ടുള്ള ഫെറാൻ കോറോമിനസും ലാസ് പാൽമസ്, ഗെറ്റാഫെ പോലുള്ള ലാലിഗ സംഘങ്ങളുടെ പട നയിച്ചിട്ടുള്ള അഡ്രിയാൻ കൊളൂംഗയും നയിക്കുന്ന മുന്നേറ്റത്തിൽ ടീം ഇന്ത്യ സ്ട്രൈക്കർ മൻവീർ സിങ്ങും യുവതാരം ലിസ്റ്റൻ കൊളാസോയും പിന്തുണക്കാരുടെ റോളിലുണ്ടാവും.

ടോപ് സ്റ്റാർ – കോറോമിനസ്

ഒരു ദശകത്തിലേറെക്കാലം  ലാ ലിഗ കളിച്ച അനുഭവസമ്പത്തുമായാണ് കോറോ എന്നറിയപ്പെടുന്ന ഫെറാൻ കോറോമിനസ് എഫ്സി ഗോവയുടെ ആക്രമണ നിരയിൽ ഇറങ്ങാനൊരുങ്ങുന്നത്.  എസ്പാന്യോൾ ടീമിന്റെ മുന്നേറ്റനിരയിലൂടെ ശ്രദ്ധേയനായ മുപ്പത്തിനാലുകാരൻ, സ്പെയിൻ ജൂനിയർ ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. എസ്പാന്യോൾ നിരയിൽ ഇരുന്നൂറിലേറെ മൽസരം കളിച്ചിട്ടുണ്ട്. 

വാർ റൂം – ലൊബേറ 

ബ്ലാസ്റ്റേഴ്സിനു കോച്ച് മ്യൂലൻസ്റ്റീൻ എന്നതു പോലെയാണ് എഫ്സി ഗോവയ്ക്ക് സെർജിയോ ലൊബേറ റോഡ്രിഗസ്. പ്രഫഷനൽ ഫുട്ബോളറാകാതെ കോച്ചിങ് രംഗത്തേക്കു കടന്നുവന്ന സ്പെയിൻകാരന് എഫ്സി ബാർസിലോനയിലാണു വേര്. 20 വർഷം മുൻപു ബാർസ യൂത്ത് ടീമിനൊപ്പം തുടങ്ങിയ ലൊബേറ 2012 ൽ ടിറ്റോ വിലനോവയ്ക്കു കീഴിൽ ബാർസിലോന സീനിയർ ടീമിന്റെ സഹപരിശീലകനായി. മൊറോക്കൻ ക്ലബായ മോഗ്രെബ് അത്‌ലറ്റിക്കിൽ നിന്നാണ് ഇപ്പോൾ ലൊബേറ വരുന്നത്. 

ടോപ് 3 ഇന്ത്യൻ സ്റ്റാർസ്

∙ മന്ദാർ റാവു ദേശായ്

പ്രായം: 25

റോൾ: വിങ്ങർ

∙ മൻവീർ സിങ്

പ്രായം: 22

റോൾ: സ്ട്രൈക്കർ

∙ പ്രൊണയ് ഹാൽദർ

പ്രായം: 24

റോൾ: മിഡ്ഫീൽഡർ

സീക്കോയുടെ പിൻഗാമിയാകുന്നത് വലിയ ഉത്തരവാദിത്തം: ലൊബേറ  

മഡ്ഗാവ് ∙ ബ്രസീലിയൻ ഇതിഹാസം സീക്കോയുടെ പിൻഗാമിയായി എഫ്സി ഗോവ പരിശീലനാകുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സെർജിയോ ലൊബേറ. ‘‘ സന്തോഷമുള്ള കാര്യമാണിത്. ഒപ്പം വലിയ ഉത്തരവാദിത്തവും’’– സ്പാനിഷ് പരിശീലകനായ ലൊബേറ പറ‍ഞ്ഞു. എന്നാൽ സീക്കോയുടെ ടീമായിരിക്കില്ല തന്റേതെന്നും കോച്ച് പറഞ്ഞു.

പുതിയൊരു ടീമിനെയാണ് ഞാൻ രൂപപ്പെടുത്തുന്നത്. ജയത്തോടൊപ്പം ശൈലിക്കും പ്രധാന്യം നൽകും. കുറിയ പാസുകളിലൂടെയുള്ള ഗെയിമായിരിക്കും ഞങ്ങളുടേത്’’. വിവാദ സംഭവങ്ങൾ നിറഞ്ഞ കഴിഞ്ഞ സീസൺ ഫൈനലിൽ ചെന്നൈയിൻ എഫ്സിയോടാണ് എഫ്സി ഗോവ തോറ്റത്.