കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു; തായ്‌ലൻഡിൽ അഞ്ച് പരിശീലന മൽസരങ്ങൾ

കേരള ബ്ലാസ്റ്റേഴ്സ് ടീം തായ്‌ലൻഡിലെ ഹുവാ ഹിനിൽ പരിശീലനത്തിൽ.

ഹുവാ ഹിൻ (തായ്‌ലൻഡ്) ∙ രണ്ടുതവണ ഐഎസ്എൽ ഫൈനലിൽ കീഴടങ്ങിയതിന്റെ കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. പ്രളയം വീഴ്ത്തിയ മുറിപ്പാടുകളുണക്കി നവകേരളമാകാൻ ചുവടു വയ്ക്കുന്ന കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ടീമിന്റെ വിദേശ പരിശീലനം തായ്‌ലൻഡിൽ ആരംഭിച്ചു. 21 വരെ ഹുവാ ഹിന്നിൽ തുടരുന്ന ടീം അവിടെ അഞ്ചു പരിശീലന മൽസരങ്ങൾ കളിക്കും.

തുടർന്ന് തിരിച്ചെത്തുന്ന ടീം 29ന് ഐഎസ്എല്ലിന്റെ ഉദ്ഘാടന മൽസരത്തിൽ, കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ചിരവൈരികളായ എടികെയെ നേരിടും. രണ്ടു ഫൈനലുകളിൽ എടികെയോടു തോറ്റായിരുന്നു ബ്ലാസ്റ്റേഴ്സ് കിരീടം നഷ്ടപ്പെടുത്തിയത് എന്നത് ഇത്തവണത്തെ പോരാട്ടത്തിന്റെയും വാശി വർധിപ്പിക്കും. 

പ്രളയം കാരണം ടീമിന് ആദ്യഘട്ട പരിശീലനം അഹമ്മദാബാദിലേക്കു മാറ്റേണ്ടിവന്നിരുന്നു. ടീമംഗങ്ങളുടെ പ്രകടനത്തിൽ സംതൃപ്തനാണെന്നാണു കോച്ച് ഡേവിഡ് ജയിംസിന്റെ പ്രതികരണം.  താരതമ്യേന ചെറുപ്പക്കാരുടെ നിരയാണ് ഇത്തവണത്തേത്. ടീമിലെ വിദേശതാരങ്ങളുടെ ശരാശരി പ്രായം 26 ആണ്. വിദേശത്തുനിന്നുള്ള വെറ്ററൻ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മങ്ങിയ പ്രകടനത്തിനു കാരണമെന്നു പരക്കെ ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് വിദേശത്തുനിന്ന് യുവതാരങ്ങളെ ടീമിലെടുത്തത്.