93–ാം മിനിറ്റിലെ ഗോളിൽ സമനില വഴങ്ങി; മിന്നി , മങ്ങി ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയ ഹാലിചരൺ നർസാരിയുടെ ആഹ്ലാദപ്രകടനം ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

കൊച്ചി ∙ ആദ്യ പകുതിയിൽ മിന്നിയും രണ്ടാം പകുതിയിൽ മങ്ങിയും കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ മുബൈ സിറ്റി എഫ്‌സിയോടു സമനില വഴങ്ങി (1–1). ബ്ലാസ്റ്റേഴ്സിനുവേണ്ടി ഹാലിചരൺ നർസാരി (24’), മുംബൈയ്ക്കുവേണ്ടി പ്രഞ്ജാൾ ഭൂമിജ് (93’) എന്നിവർ സ്കോർ ചെയ്തു. ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചു നിൽക്കെയായിരുന്നു ഗാലറിയെ നിശബ്ദരാക്കി മുംബൈ ഗോൾ. പകരക്കാരനായി ഇറങ്ങിയ പ്രഞ്ജാൾ 30 വാരയെങ്കിലും അകലെ നിന്നു തൊടുത്ത ദീർഘദൂര മിസൈലാണു ഗോളായത്. പകരക്കാരൻ തന്നെയായ സഞ്ജു പ്രധാനും കളിയുടെ കാറ്റുമാറി വീശാൻ കാരണക്കാരനായി. ബ്ലാസ്റ്റേഴ്സിനു രണ്ടു കളിയിൽ 4 പോയിന്റ്. പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മുംബൈ ആദ്യപോയിന്റ് സ്വന്തമാക്കി.

∙ മിന്നിയ 45

ആദ്യമൽസരത്തിലെന്നപോലെ നാലു വിദേശികളുമായാണു ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. എടികെയെ കീഴടക്കിയ അതേ ലൈനപ്പ്. പക്ഷേ ശൈലി മാറി. 4–5–1 . മതേയ് പൊപ്ലാട്നിക്കും സ്ലാവിസ സ്റ്റൊയനോവിച്ചും എന്ന ഇരട്ട സ്ട്രൈക്കർ രീതിക്കു പകരം സ്റ്റൊയനോവിച് ഏക സ്ട്രൈക്കറായി. മതേയ് മധ്യനിരയിലേക്ക് ഇറങ്ങി. പത്താം നമ്പറിനെ പൂട്ടാൻ മുംബൈ മെനഞ്ഞ തന്ത്രങ്ങൾ വെറുതെയായി. ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ് ചെയ്തു. അതിവേഗ നീക്കങ്ങളും ഗോൾ ഷോട്ടുകളുമുണ്ടായി

∙ മങ്ങിയ 45

രണ്ടാം പകുതിയിൽ പൊപ്ലാട്നിക്കിനെ വലിച്ച്, കറേജ് പെക്കുസനെ ഇറക്കി ഡേവിഡ് ജയിംസ്. പിന്നാലെ സഹലിനു പകരം കിസിത്തോ വന്നു. അഞ്ചു വിദേശികൾ കളത്തിൽ. പക്ഷേ രണ്ടാം പകുതിയിൽ പന്തിൻമേൽ കൂടുതൽ ആധിപത്യം പുലർത്തിയതു മുംബൈ ആയിരുന്നു. നീക്കങ്ങൾക്കു മൂർച്ചയും സൂക്ഷ്മതയും ഇല്ലായിരുന്നു എന്നുമാത്രം. മുംബൈയുടെ ചില ഗോൾ ശ്രമങ്ങൾ നഷ്ടമായതിനു കാരണവും അതുതന്നെ. ബ്ലാസ്റ്റേഴ്സിനെ ഭാഗ്യം തുണയ്ക്കുകയും ചെയ്തു. പക്ഷേ പ്രഞ്ജാളിന്റെ ഗോൾ കളിയുടെ അതുവരെയുള്ള കാഴ്ചകളിൽനിന്നു വ്യത്യസ്തമായി. 

ആദ്യപകുതിയിൽ പാർശ്വങ്ങളിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് നീക്കങ്ങളിൽ അധികവും. രണ്ടാം പകുതിയിൽ പെക്കുസനും കിസിത്തോയും ഇറങ്ങിയതോടെ മൈതാന മധ്യത്തിലൂടെയായി നീക്കങ്ങൾ. സ്റ്റൊയനോവിച്ചിന്റെ കാലിൽനിന്നുതിർന്ന പീരങ്കിഷോട്ട് ലക്ഷ്യം കണ്ടില്ല എന്നതൊഴിച്ചാൽ രണ്ടാം പകുതിയിൽ മഞ്ഞപ്പടയുടെ തീവ്രഗോൾശ്രമങ്ങൾ കുറവായിരുന്നു. 

∙ ഗോളടിച്ചു നർസാരി

ബ്ലാസ്റ്റേഴ്സ് ഗോൾ വന്നത് ഇങ്ങനെ: വലതുപാർശ്വത്തിൽ ത്രോ ഇൻ. പന്തു സ്റ്റൊയനോവിച്ചിന്റെ ബൂട്ടിലേക്ക്. ഗോളിൽനിന്നു പുറംതിരിഞ്ഞുനി‌ന്ന സെർബിയൻ താരം പിന്നിലേക്കു തിരിഞ്ഞുപോലും നോക്കാതെ ഉപ്പൂറ്റികൊണ്ടു പന്തു വെടിയുണ്ട കണക്കെ തൊടുത്തു. അതിലേക്കു പറന്നുവീണ ലെൻ ദുംഗൽ ബോക്സിനകത്തേക്ക്. പെനൽറ്റി ബോക്സിന്റെ നടുമുറ്റത്തുകൂടിയൊരു ക്രോസ്. പന്തിനെ ഇടങ്കാൽകൊണ്ടു മെരുക്കിയ നർസാരി ഇടങ്കാൽകൊണ്ടു വെടിയുതിർത്തു. കിടിലൻ ഷോട്ട്. ഗോളി അമരീന്ദർ വീണു. ബ്ലാസ്റ്റേഴ്സ് മുന്നിൽ. സ്റ്റേഡിയത്തിൽ ആവേശത്തിന്റെ ഇടിമുഴക്കം (1–0). കോർണർ കൊടിക്കടുത്തുവന്ന് നർസാരിയുടെ സല്യൂട്ട്, ഗാലറിയിലെ മഞ്ഞപ്പടയ്ക്ക്.