ഡൽഹിയെ സമനിലയിൽ തളച്ചു; ചെന്നൈയ്ക്ക് സീസണിലെ ആദ്യ പോയിന്റ്

ന്യൂഡൽ‌ഹി∙ ഐഎസ്എൽ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ചെന്നൈയിൻ എഫ്സി.  ആദ്യ മൂന്നു കളികളും തോറ്റ ചെന്നൈ ഇന്നലെ ഡൽഹി ഡൈനമോസിനെ ഗോൾ രഹിത സമനിലയിൽ തളച്ചു. വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഉണർന്നു കളിച്ചത്.

മൽസരത്തിന്റെ 70–ാം മിനിറ്റിലെ കൗണ്ടർ അറ്റാക്കിനൊടുവിൽ ചെന്നൈ താരം കാർലോസ് സാലോമിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ഫ്രാൻസിസ്കോ ഡോറൻസൊറോയാണു ഡൽഹിക്ക് സമനില ഉറപ്പാക്കിയത്. 89–ാം മിനിറ്റിൽ ഡൽഹിയുടെ ജിയാനി സുയിവെർലൂണിനെ ഫൗൾ ചെയ്തതിനു ജെജെ ലാൽപെഖൂലയ്ക്കു റഫറി മഞ്ഞക്കാർഡ് നൽകി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഗോൾ നേടാനുള്ള സുവർണാവസരം സെർബിയൻ സ്ട്രൈക്കർ ആന്ദ്രിയ കാലുജെറോവിച്ച് പാഴാക്കിയതും ഡൽഹിക്കു വിനയായി.

ആദ്യ ഹോംമാച്ചിന് ഗോവ ഇന്നിറങ്ങും 

പനജി ∙ ഗോവയിലെ ഫുട്ബോൾ ആരാധകർക്കു മുന്നിലേക്ക് സീസണിലെ ആദ്യത്തെ ഹോംമാച്ചിനായി എഫ്.സി ഗോവ ഇന്നിറങ്ങുന്നു. ഫറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അയൽവാസികളായ മുംബൈയാണ് ഗോവയുടെ എതിരാളികൾ. രണ്ടു കളികളിൽ നിന്ന് നാലു പോയിന്റാണ് ഗോവക്കിപ്പോൾ.