Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു പോരാട്ടം പുണെ സിറ്റി എഫ്സിക്കെതിരെ; ജയിക്കാൻ ബ്ലാസ്റ്റേഴ്സ്!

kerala-blasters-practice ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

ഒന്നേന്നു വീണ്ടും തുടങ്ങണം കേരള ബ്ലാസ്റ്റേഴ്സിന്. ഐഎസ്എല്ലിന്റെ ഒന്നാം കളിയിൽ കൊൽക്കത്തയെ തകർത്ത വിജയാവേശം വീണ്ടെടുത്തേ മതിയാകൂ. ഒന്നെങ്കിലും ജയിച്ചില്ലെങ്കിൽ പുണെ സിറ്റി എഫ്‌സിയും കഷ്ടത്തിലാകും. നാലിൽ ഒരു വിജയവും 3 സമനിലയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാമതാണ്. ഒരു സമനിലയും 3 തോൽവിയും പുണെയെ അവസാനക്കാരാക്കി. പുതിയ പരിശീലകന്റെ കീഴിൽ ഇന്നിറങ്ങുന്ന പുണെ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഒന്നുറപ്പ്, ഇന്നു വൈകിട്ട് 7.30ന് ബാലേവാഡി സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് – പുണെ മൽസരം ആവേശം വിതറും.

∙ സമനില പോര

സമനിലക്കുരുക്ക് പൊട്ടിക്കാനുള്ള തീപ്പൊരി ജംഷഡ്പുരിനെതിരായ വിജയതുല്യ സമനിലയിലൂടെ നേടിയെടുത്തിട്ടുണ്ട് കേരളം. അതൊന്ന് ആളിക്കത്തിച്ചാൽ വിജയം കൂടെപ്പോരുമെന്ന് പരിശീലകൻ ഡേവിഡ് ജയിംസ് മീശ പിരിച്ചു പറയുന്നു. പുറത്താക്കപ്പെട്ട മിഗുവേൽ പൊർച്ചുഗലിനു പകരം പുണെയുടെ താൽകാലിക ചുമതല ഏറ്റെടുത്ത ഇന്ത്യൻ പരിശീലകൻ പ്രത്യും റെഡ്ഡി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പുണെയെ വിജയവഴിയിലെത്തിക്കുമെന്ന് പ്രത്യുമും ഉറപ്പിച്ചു പറയുന്നു.

∙ സഹലും അനസും

ജംഷഡ്പുരിനെതിരെ മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ സഹൽ അബ്ദുസമദ് ഇന്ന് ആദ്യ ഇലവനിൽ കളിച്ചേക്കും. സസ്പെൻഷൻ കഴിഞ്ഞ പ്രതിരോധനിര താരം അനസ് എടത്തൊടിക കഴിഞ്ഞ കളിയിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഇന്നു കളിച്ചേക്കും. കഴിഞ്ഞ കളിയിൽ നിറം മങ്ങിയ മധ്യനിര താരം കെസിറോൺ കിസിത്തോ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല. അടിമുടി മാറ്റമുള്ള ടീമിനെയാകും പുണെ വിന്യസിക്കുക. എത്ര പേരുകേട്ട കളിക്കാരനാണെങ്കിലും ഫോമിലല്ലെങ്കിൽ മാറ്റിനിർത്തുമെന്ന് പ്രത്യും വ്യക്തമാക്കുന്നു.

∙ ഗോൾ വേണം ആദ്യമേ

കെട്ടുറപ്പില്ലാത്ത പുണെ പ്രതിരോധക്കോട്ട തകർത്ത് ആദ്യ പകുതിയിൽത്തന്നെ 2 ഗോളെങ്കിലും അടിക്കുകയാകും കേരളത്തിന്റെ ലക്ഷ്യം. ഇതുവരെ പുണെയുടെ വലയിൽ വീണ 10 ഗോളുകളിൽ 9 എണ്ണവും ആദ്യ പകുതിയിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ മൂർച്ചവരുത്തി അവസരങ്ങൾ നഷ്ടപ്പെടുത്താതെ വലകുലുക്കണം.സ്ലാവിസ്ല സ്റ്റൊയനോവിച്ചിനെ ചുറ്റിപ്പറ്റിയാകും കേരളത്തിന്റെ കളി. രണ്ടാം പകുതിയിൽ സി.കെ.വിനീത് പുറത്തെടുക്കുന്ന സിഗ്നേച്ചർ മുന്നേറ്റങ്ങൾ ആവർത്തിച്ചാൽ കളി കേരളത്തിന്റെ കയ്യിലിരിക്കും. പുണെയുടെ മാർസെലിഞ്ഞോയും അൽഫാരോയും നയിക്കുന്ന അപ്രതീക്ഷിത മുന്നേറ്റങ്ങൾക്ക് തടയിടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ടയ്ക്കു കഴിയുകയും വേണം.

ഡേവിഡ് ജയിംസ് (കേരള ബ്ലാസ്റ്റേഴ് പരിശീലകൻ)

കളിക്കാരെല്ലാം നല്ല ഫോമിലാണ്. പുണെയ്ക്കെതിരെയുള്ള മൽസരം കടുത്തതാണ്. വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമില്ല. 3 പോയിന്റു നേടാനാണു കളത്തിലിറങ്ങുക.