ബ്ലാസ്റ്റേഴ്സ് ഇന്നു ബെംഗളൂരുവിനെതിരെ; സമനില മാത്രം മതിയോ?

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ നെമാന്യ ലാസിച്ച് പെസിച്ചും സ്ലാവിസ സ്റ്റൊയനോവിച്ചും പരിശീലനത്തില്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

‘‘തുടർച്ചയായ സമനില ഒരു രോഗമാണോ ഡോക്ടർ?’’.  

‘‘അല്ല...’’

‘‘പിന്നെ..?’’

‘‘അതൊരു അപര്യാപ്തതയാണ്. ആവശ്യത്തിനു ഗോളുകൾ നേടാൻ പറ്റാത്ത അവസ്ഥ! ’’

ഐഎസ്എൽ അഞ്ചാം സീസണിൽ തുടർച്ചയായ നാലു സമനിലയ്ക്കുശേഷം ഇന്നു കരുത്തരായ ബെംഗളൂരു എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഈയൊരു കുറവു നികത്താനുണ്ട്. കിട്ടുന്ന അവസരങ്ങൾ മുതലാക്കുക, ജയിക്കാൻ ആവശ്യമായ ഗോളുകൾ നേടുക. കലൂർ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് 7.30നു കിക്കോഫ്.  കഴിഞ്ഞ 2 കളികളിലായി, ഏറ്റവുമൊടുവിലത്തെ 135 മിനിറ്റിൽ 75% ആധിപത്യമുണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്.  

ആ 135 മിനിറ്റിനിടെ നേടിയതു 3 ഗോൾ. വഴങ്ങിയത് ഒന്ന്. ചോർന്നുപോയത് 4 പോയിന്റ്!  പന്തു നിയന്ത്രിച്ചു കളിക്കുന്ന  ടീമുകൾക്കെതിരെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുന്ന എതിരാളികൾ കൂടുതൽ പോയിന്റുകളുമായി കയറിപ്പോകുന്നു. മറ്റുള്ളവർ കിതച്ചുകൊണ്ടു ചുറ്റുംനോക്കി നിൽക്കുന്നു. അക്കൂട്ടത്തിൽ ബ്ലാസ്റ്റേഴ്സും!  

∙ ബെംഗളൂരു കരുത്തർ 

ഇന്നു ബ്ലാസ്റ്റേഴ്സിന് ഗോളടിക്കണം. ബെംഗളൂരു മോശക്കാരല്ല. ലീഗിലെ ഏറ്റവുമധികം കരുത്തുള്ള ടീമുകളിലൊന്ന്. ഗോളടിയായും ഗോൾകാവലായും കരുത്തു പ്രകടിപ്പിക്കുന്നവർ. ഇന്നു മതേയ് പൊപ്ലാട്നിക്കും സ്റ്റൊയനോവിച്ചും ഗോളടിക്കുമെന്നു കരുതി അവർക്കു പന്തെത്തിച്ചാൽ മാത്രം പോരാ. 

വിനീതും സഹലും ദുംഗലും നിക്കോളയും മുതൽ റാകിപ്പും പെസിച്ചും കാലിയുംവരെ ഗോളടിക്കണം. അവരെ തടയാൻ നിഷുവും യുവാനാനും സെറാനും ഭെക്കെയും പാർത്താലുവുമുണ്ടാകും. ആ വ്യൂഹം തകർത്തു തരിപ്പണമാക്കിയാലേ, ഗോളി ഗുർപ്രീത് സന്ധുവിനെ തുളച്ചുകയറാൻ കഴിഞ്ഞാലേ കാര്യമുള്ളൂ. പന്തിൽ ആധിപത്യം, അത് ആർക്കുവേണം, ഞങ്ങൾക്കു വേണം ഗോളുകൾ എന്നതാവട്ടെ മഞ്ഞപ്പടയുടെ പോർവിളി.അടിച്ചാൽ മാത്രം പോരാ, തടുക്കാനും പിടിച്ചുനിൽക്കാനും ഈ ജീവൻമരണ പോരാട്ടം ബ്ലാസ്റ്റേഴ്സിനെ നിർബന്ധിതരാക്കുന്നു. ഉദാന്തയും മിക്കുവും ഛേത്രിയും മാത്രമല്ല ബിഎഫ്സി. കോർണർ കിക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു വരുമ്പോൾ പാർത്താലു എന്ന കഴുകൻ തലകൊണ്ടു ഇരയെ കൊത്തിവീഴ്ത്താൻ നോക്കി നിൽക്കും. 

റഫറിയിങ് മെച്ചപ്പെടണം: ബെംഗളൂരു കോച്ച് 

കൊച്ചി ∙  റഫറിമാരുടെ തീരുമാനങ്ങളിൽ എല്ലാ ടീമുകളോടും ഒരേ മാനദണ്ഡമാകണമെന്ന് ബെംഗളൂരു എഫ്സി കോച്ച്  കാർലെസ് കുവാദ്രാത്. ചിലർ മഞ്ഞക്കാർഡും ചുവപ്പും പ്രയോഗിക്കുന്നതു കാണുമ്പോഴാണ് ഒരേ മാനദണ്ഡമല്ല എന്നു തോന്നിപ്പോകുന്നത്.  എല്ലായിടത്തും റഫറീയിങ് മെച്ചപ്പെടണം.  സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും കുവാദ്രാത് പറഞ്ഞു. 

ഡൽഹിയെ പൂട്ടി ജംഷഡ്പുർ 

ന്യൂഡൽഹി ∙ ഐഎസ്എൽ സീസണിൽ ആദ്യമായി ജയിക്കാനൊരുങ്ങിയ ഡൽഹി ‍ഡൈനമോസിനെ ജംഷഡ്പുർ എഫ്സി തടഞ്ഞു. 2–2 സമനില.  

ഗോൾ വ്യത്യാസത്തിൽ നോർത്ത് ഈസ്റ്റിനെ മറികടന്ന ജംഷഡ്പുർ പട്ടികയിൽ ഒന്നാമതെത്തി. ലാലിയാൻസുവാല (55), അഡ്രിയ കാർമോന (58) എന്നിവരുടെ ഗോളിൽ ജയിച്ചെന്നു കരുതിയ കളിയാണു ഡൽഹിക്കു നഷ്ടമായത്. 39–ാം മിനിറ്റിൽ സെർജിയോ സിഡോഞ്ച ജംഷഡ്പുരിനു ലീഡ് നൽകിയിരുന്നു. 

ഇതിനു മറുപടിയായാണ് രണ്ടാം പകുതിയി‍ൽ ഡൽഹി 2 ഗോളുകൾ നേടിയത്. എന്നാൽ, 77–ാം മിനിറ്റിൽ ടിരിയുടെ ഗോളിൽ ജംഷഡ്പുർ 2–2ന് ഒപ്പമെത്തി. നാലു കളിയിൽ 7 പോയിന്റുമായി എട്ടാമതാണ് ഡൽഹി ഇപ്പോൾ.