വീണ്ടും വീണു ബ്ലാസ്റ്റേഴ്സ്! ഗോവയ്ക്കെതിരെ 3–1 തോൽവി

കേരള ബ്ലാസ്റ്റേസിനെതിരെ ഗോവ എഫ് സിയുടെ മന്‍വീര്‍‍ സിങ് ഗോള്‍ നേടുന്നു. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി ∙ രണ്ടാളുടെ കളിമിടുക്കിന്റെ തലപ്പൊക്കത്തിൽ എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനുമേൽ വിജയത്തിന്റെ കൊടിനാട്ടി. ഐഎസ്‌എല്ലിൽ രണ്ടു തലഗോളുകളുടെ ബലത്തിൽ മഞ്ഞപ്പടയ്ക്കുമീതെ പരാജയത്തിന്റെ ആണിയുമടിച്ചു. ഗോവയുടെ ജയം 3–1ന്.

കൊറോ (11’), (45+), രണ്ടാം പകുതിയിൽ ഇറങ്ങിയ മൻവീർ സിങ് (67’) എന്നിവർ ഗോവയ്ക്കുവേണ്ടി ഗോളടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നിക്കോള കിർച്‌മാരെവിച്ചിന്റെ വക (90+). 

തുടർച്ചയായ രണ്ടാം ഹോംമാച്ചിൽ ബ്ലാസ്റ്ഴേസിന്റെ പരാജയം. ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും. 

ഫെറാൻ കൊറോമിനാസ് എന്ന കൊറോ, ക്യാപ്റ്റൻ എഡു ബെഡിയ എന്നിവരുടെ മധ്യനിര ആധിപത്യം ആദ്യപകുതിയിൽത്തന്നെ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചകം തകർത്തു. രണ്ടാം പകുതിയിൽ എഡു കളത്തിനു പുറത്തേക്കു പോയതോടെ ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ കുറേയൊക്കെ മേൽക്കോയ്മ നേടിയെങ്കിലും പലനീക്കങ്ങൾക്കും ആസൂത്രണ മികവും മൂർച്ചയും ഇല്ലാതെ പോയി. ഗോളാക്കാവുന്ന മൂന്ന് അവസരം ആതിഥേയർക്കു കിട്ടി. 

പക്ഷേ പാഴായി. ഇതുവരെ എല്ലാ കളിയിലും ഗോൾ വഴങ്ങിയ ഗോവയുടെ പ്രതിരോധം ഇന്നലെയും ഇളകിയാടുകയും ചോർന്നൊലിക്കുകയും ചെയ്തെങ്കിലും അവ മുതലാക്കാനുള്ള മിടുക്ക് ബ്ലാസ്റ്റേഴ്സിന് ഇല്ലാതെപോയി. 

ഐഎസ്എലിന്റെ ചരിത്രത്തിൽ ആദ്യമായി വിദേശതാരങ്ങളില്ലാതെയാണു ബ്ലാസ്റ്റേഴ്സ് പ്രതിരോധം കളത്തിൽ ഇറങ്ങിയത്. സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയും മധ്യത്തിൽ. വശങ്ങളിൽ ലാൽറുവാത്താരയും റാകിപ്പും. 

ആദ്യ 11ൽ നാലു വിദേശതാരങ്ങൾ മാത്രം. ബെഞ്ചിൽ വിദേശത്തുനിന്ന് ഒരാൾ മാത്രം. സിറിൽ കാലി. 

മഞ്ഞക്കുപ്പായത്തിൽ അനസിന്റെ അരങ്ങേറ്റം. രണ്ടാം പകുതിയിൽ റാകിപ്പിനു പകരം കാലി ഇറങ്ങിയെങ്കിലും ആദ്യപകുതി തീരുംമുൻപേ സ്റ്റൊയനോവിച്ചിനു പകരം ദുംഗൽ ഇറങ്ങിയെന്നതിനാൽ അപ്പോഴും ബ്ലാസ്റ്റേഴ്സ് നിരയിൽ നാലു വിദേശികൾ മാത്രം. കോച്ച് ഡേവിഡ് ‌ജയിംസിന്റെ പരീക്ഷണങ്ങൾ പക്ഷേ പാളംതെറ്റുകയാണ്.

ലൈനപ്പിൽ പരീക്ഷണങ്ങൾ എത്രത്തോളമാവാം, വിജയിക്കാത്ത പരീക്ഷണങ്ങളുടെ ഭാവിയെന്ത് തുടങ്ങിയ ചോദ്യങ്ങളുമായാണ് ഇന്നലെ കാണികൾ സ്റ്റേഡിയം വിട്ടത്. ലീഗിന്റെ അഞ്ചാം പതിപ്പിൽ ഈ ടീമിന്റെ ഭാവിയെന്തെന്നതും ചോദ്യചിഹ്നം.