ഇന്ന് ബ്ലാസ്റ്റേഴ്‍സ് – പുണെ; ജയിച്ചാൽ നല്ലത്!

ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനത്തിൽ ചിത്രം: മനോരമ

കൊച്ചി∙ ഇനി തോൽക്കാൻ വയ്യ, സമനില വയ്യേവയ്യ. ഐഎസ്എൽ അഞ്ചാം സീസണിൽ 11–ാം മൽസരത്തിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി ഇതാണ്. ഇതിനേക്കാൾ കഷ്ടമാണ് എതിരാളികളായ എഫ്സി പുണെ സിറ്റിയുടെ അവസ്ഥ. ഈ രണ്ടവസ്ഥകൾ തമ്മിൽ കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു, ഇന്നു വൈകിട്ട് 7.30ന്.

ജംഷഡ്പുരിനെതിരെ കഴിഞ്ഞ മാച്ചിന്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണു ബ്ലാസ്റ്റേഴ്സ്. പ്രാരംഭ ലൈനപ്പിൽ കഴിഞ്ഞ തവണത്തേതിൽനിന്നു വലിയ മാറ്റങ്ങളില്ലാതെ ലീഗിൽ ഇതാദ്യമായി ബ്ലാസ്റ്റേഴ്സ് ഇറങ്ങും എന്നാണു സൂചനകൾ.

 ക്യാപ്റ്റൻ ജിങ്കാൻ വലതു വിങ്ബാക്ക് തന്നെ. മധ്യനിരയിൽ സഹലും പെക്കുസനും സക്കീറും ദുംഗലും. പരുക്കുള്ള കിസിത്തോയും കിർച്മാരെവിച്ചും കളിക്കില്ല. പുണെയ്ക്കുമുണ്ട് പരുക്ക്: ഡിയഗോ കാർലോസ്, ചാങ്തെ.

ടീമുകളുടെ രണ്ട് അവസ്ഥകൾക്കിടയിൽ ഞങ്ങളുടെ അവസ്ഥയോ എന്നു ചോദിക്കുന്ന പതിനായിരത്തിൽ താഴെ കാണികൾ (കഴിഞ്ഞ മാച്ചിനെത്തിയ പിന്തുണക്കാരുടെ എണ്ണം 8451). കൂടുതൽ കാണികൾ എത്തുമോ എന്ന ചോദ്യവും ഉയരുന്നു. 11 പേർ നന്നായി കളിച്ചാൽ ജയിക്കാം എന്ന മാനസികാവസ്ഥയിലാണു ബ്ലാസ്റ്റേഴ്സ്. 12–ാമൻ ഗാലറിയിൽ ഉണ്ടെങ്കിൽ നന്ന്.