Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം: ഡേവിഡ് ജയിംസ് പരിശീലക സ്ഥാനം രാജിവച്ചു

David James

കൊച്ചി∙ ഇന്ത്യൻ‌ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പരിശീലകൻ ഡേവിഡ് ജയിംസ് രാജിവച്ചു. എഎഫ്സി ഏഷ്യൻകപ്പിനായി ഐഎസ്എൽ ഇടവേളയ്ക്കു പിരിഞ്ഞതിനു പിന്നാലെയാണ് ജയിംസ് സ്ഥാനമൊഴിയുന്നത്. ഈ വർഷത്തെ അവസാന ഐഎസ്എൽ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ കൂറ്റൻ പരാജയവും ജയിംസിന്റെ രാജിക്കു കാരണമായി. ടീം മാനേജ്മെന്റുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ജയിംസ് ടീം വിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 2018 ജനുവരിയിൽ ടീമിന്റെ പരിശീലകസ്ഥാനമേറ്റ ഡേവിഡ് ജയിംസ്, തൽസ്ഥാനത്ത് ഒരു വർഷം പൂർത്തിയാകും മുൻപാണ് സ്ഥാനമൊഴിയുന്നത്.

കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴാണ് റെനെ മ്യൂലൻസ്റ്റീനു പകരക്കാരനായി ഡേവിഡ് ജയിംസ് പരിശീലകസ്ഥാനം ഏറ്റെടുത്തത്. മൂന്നു വർഷത്തേക്കായിരുന്നു ജയിംസും ബ്ലാസ്റ്റേഴ്സുമായുള്ള കരാർ. ജയിംസിന്റെ വരവോടെ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനത്തിൽ പുരോഗതിയുണ്ടായെങ്കിലും ഈ സീസണിൽ ടീം തീർത്തും നിറം മങ്ങിയിരുന്നു. ഉദ്ഘാടന മൽസരത്തിൽ എടികെയെ തോൽപ്പിച്ച് പ്രതീക്ഷയോടെ തുടക്കമിട്ട ടീം പിന്നീടു പിന്നാക്കം പോവുകയായിരുന്നു. അതിനുശേഷം ഒരു മൽസരം പോലും ജയിക്കാൻ ടീമിന് സാധിച്ചിരുന്നില്ല. ഓരോ മൽസരത്തിലും ഓരോ ടീമിനെ ഇറക്കുന്ന ജയിംസിന്റെ രീതിയും കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ലീഗ് പാതിവഴി പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ കണ്ടെത്താൻ ജയിംസിന് സാധിച്ചിരുന്നില്ല. ഇതിനു പുറമെ, അനുവദനീയമായ എണ്ണം വിദേശ താരങ്ങളെപ്പോലും ആദ്യ ഇലവനിൽ അദ്ദേഹം പൂർണമായും ഉൾപ്പെടുത്തിയിരുന്നില്ല.

Kerala Blasters part ways with head coach David James

12 മൽസരങ്ങൾ പൂർത്തിയാകുമ്പോൾ ഒരേയൊരു ജയവും ആറു സമനിലയും അഞ്ചു തോൽവിയും ഉൾപ്പെടെ ഒൻ‌പതു പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ മുന്നോട്ടുള്ള പ്രയാണം ഏതാണ്ട് അസാധ്യമായ സാഹചര്യത്തിലാണ് ജയിംസ് ടീം വിടുന്നത്. ഇക്കുറി തോൽവികൾ തുടർക്കഥയായതോടെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഗ്രൂപ്പായ മഞ്ഞപ്പട, ടീമിന്റെ ഹോം മാച്ച് ബഹിഷ്കരിക്കുന്നിടത്തോളമെത്തി, പ്രതിഷേധം. മുൻ സീസണുകളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയിരുന്ന കൊച്ചി സ്റ്റേഡിയത്തിൽ, ടീമിന്റെ പ്രകടനം മോശമായതിനു പിന്നാലെ കാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ഹോം മൽസരങ്ങളിലും പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കൊച്ചിയിൽ കളി കാണാനെത്തിയത്. എല്ലാം കൊണ്ടും മുന്നോട്ടു പോക്ക് അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് ജയിംസ് ടീമിനെ കയ്യൊഴിയുന്നത്.

അതേസമയം, ഐഎസ്എല്ലിന്റെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച പരിശീലകൻ കൂടിയാണ് ജയിംസ്. അന്ന് ടീമിന്റെ മാർക്വീ താരം കൂടിയായിരുന്നു ജയിംസ്. ആദ്യ സീസണിലെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിയെത്തിയ ജയിംസിന്, രണ്ടാം വരവ് കയ്പേറിയ അനുഭവമായി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ എഫ്സിയുടെ ഗോൾവല കാത്ത അനുഭവസമ്പത്തുള്ള ഡേവിഡ് ജയിംസ്, ലോകകപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ഗോൾവല കാത്തിട്ടുണ്ട്.

ഡേവിഡ് ജയിംസ് ടീമിനു നൽകി വന്ന സേവനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വരുൺ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബിനോടൊപ്പമുള്ള നാളുകളിൽ ടീമംഗങ്ങളും മാനേജ്‌മെന്റും നൽകി വന്ന പിന്തുണയ്ക്കും സഹായങ്ങൾക്കും പൂർണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജയിംസ്, ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണു വിടവാങ്ങൽ പ്രഖ്യാപിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദിയറിയിച്ചു.

related stories