ഫ്യൂച്ചർ ടെന്നിസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം ∙ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ ഐടിഎഫ് ഫ്യൂച്ചർ പുരുഷ ടെന്നിസ് ടൂർണമെന്റ് വീണ്ടും തലസ്ഥാനത്ത്. 19നു ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിൽ ആരംഭിക്കുന്ന ടൂർണമെന്റ് ഒരാഴ്ച നീളും. സ്പെയിനിൽനിന്നുള്ള കാർലോസ് ബൊളുഡയാണ് ടൂർണമെ‌ന്റിലെ ടോപ് സീഡുകാരൻ. ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇറ്റലി, യുക്രെയ്ൻ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ പ്രമുഖ താരങ്ങളും ഇത്തവണ കോർട്ടിലിറങ്ങും.

വിയറ്റ്നാമിലെ നാം ഹുവാങ്‌ ലൈ ആണ് രണ്ടാം സീഡുകാരൻ. അതേസമയം, പരുക്കുമൂലം കേരളത്തിന്റെ താരം ഹാദിൻ ബാവ കളിക്കാനിറങ്ങില്ല. നാലു കളിമൺ കോർട്ടുകളിലായാണു മത്സരം. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണു മത്സരം. പൂർണ ലിസ്റ്റ് www.itftennis.com ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് ഭാരവാഹികളായ സതീഷ് കുമാർ, കൃഷ്ണമൂർത്തി, എം.എസ്.കൃഷ്ണകുമാർ, കെ.വി.സുധീപ് എന്നിവർ അറിയിച്ചു.