Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയ അമ്മയാകുന്നു; കാത്തിരിപ്പ് ഒക്ടോബർ വരെ

sania-mirza അമ്മയാകാൻ ഒരുങ്ങുന്നത് അറിയിച്ചു ടെന്നിസ് താരം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

ന്യൂഡൽഹി ∙ ഈ മാസം 12ന് എട്ടാം വിവാഹവാർഷികം ആഘോഷിച്ച ടെന്നിസ് താരം സാനിയ മിർസയ്ക്കും ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിനും ആദ്യ കുഞ്ഞ് ഒക്ടോബറിൽ. പരുക്കുമൂലം കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ മൽസരങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന സാനിയ മിർസ തന്നെയാണു ഗർഭിണിയാണെന്ന സൂചനയോടെ പ്രതീകാത്മക ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.  സാനിയയുടെ പിതാവ് ഇമ്രാൻ മിർസ വാർത്ത സ്ഥിരീകരിച്ചു.

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ തിരിച്ചുവരാൻ കഴിയുമെന്ന് ഈ വർഷമാദ്യം സാനിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സമീപകാലത്തു നടന്ന ‘ഗോവ ഫെസ്റ്റ്–2018’ൽ മിർസ–മാലിക് പേരുകൾ ഉൾപ്പെടുത്തിയാവും തങ്ങളുടെ കുഞ്ഞിന്റെ പേര് എന്നു സാനിയ വ്യക്തമാക്കുകയും ചെയ്തു. ‘‘ ഇന്നു ഞാനൊരു രഹസ്യം പറയാം. ഞാനും ഭർത്താവും സംസാരിച്ച കാര്യമാണ്. ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുമ്പോൾ അതിന്റെ പേരിൽ മാലിക് എന്നു മാത്രം പോര, മിർസ–മാലിക് എന്നു വേണമെന്നു ഞങ്ങൾ തീരുമാനമെടുത്തു. മാലിക്കിന് ഒരു പെൺകുട്ടിയെയാണു താൽപര്യം.’’