മമ്പാട് സ്മാഷ്!; വോളിബോൾ തിളക്കവുമായി മമ്പാട് ഗ്രാമവും സിഎ യുപി സ്കൂളും

കിഴക്കഞ്ചേരി പഞ്ചായത്തിലെ മമ്പാട് സിഎ യുപി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ വോളിബോൾ പരിശീലനത്തിൽ.

വടക്കഞ്ചേരി ∙ എതിർകോർട്ടിൽ പതിക്കുന്ന മിന്നും സ്മാഷുകൾ മമ്പാട് ഗ്രാമത്തിന് എന്നും ആവേശക്കാഴ്ചയാണ്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മമ്പാട് സിഎ യുപി സ്കൂൾ ഗ്രൗണ്ടിൽ അറുപതിൽപരം കുട്ടികളാണു ദിവസവും രാവിലെയും വൈകിട്ടും വോളിബോൾ പരിശീലനം നടത്തുന്നത്. 13 വയസ്സിൽ താഴെയുള്ളവരാണു ഭൂരിഭാഗവും. നിർധനരായ കുട്ടികൾക്കു പോലും കായിക ക്ഷമതയും കഴിവും ഉണ്ടെങ്കിൽ കളിയിലൂടെ ജീവിതം കുരുപ്പിടിപ്പിക്കാനാകുമെന്നതിനു മമ്പാട് സാക്ഷി. ഈ വർഷം മമ്പാട് ക്ലബിൽനിന്നു വിവിധ വിഭാഗങ്ങളിൽ 16 കുട്ടികളാണു സംസ്ഥാനതലത്തിൽ മൽസരിച്ചത്.

പരിമിതമായ സാഹചര്യത്തിലും 2011 മുതൽ 17 വരെ തുടർച്ചയായി മിനി, കിഡീസ്, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ജില്ലയിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാന, ദേശീയ തലങ്ങളിൽ കളിക്കാരെ സംഭാവന ചെയ്യാൻ സ്കൂളിനായി. ഷബീർ, ബിജി എന്നിവരാണു സ്കൂളിൽനിന്നു കേരളത്തിനുവേണ്ടി ദേശീയതലത്തിൽ കളിച്ചത്.

പഞ്ചായത്തിലെ കുട്ടികൾക്കു 2010 മുതൽ വേനൽ അവധിക്കു പരിശീലനം നൽകുന്നു. കായികാധ്യാപകൻ ഇല്ലാത്ത സ്കൂളിൽ എം.എസ്. പ്രസാദ് എന്ന അധ്യാപകനാണു പരിശീലനത്തിനു നേതൃത്വം നൽകുന്നത്. ജില്ലാ വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും കളിക്കാരനുമാണ് അദ്ദേഹം. എല്ലാ വർഷവും ജില്ലാ വോളിബോൾ അസോസിയേഷന്റെ രണ്ടു ചാംപ്യൻഷിപ്പെങ്കിലും ഇവിടെ നടക്കുന്നു. ഗ്രാമീണ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീനിയർ കളിക്കാരുടെ ടീമും 10 വർഷമായി ഇവിടെ പരിശീലിക്കുന്നു.

ജില്ലാ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത ആറു ക്ലബ്ബു‌കൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ ലഘുഭക്ഷണത്തോടു കൂടിയ കോച്ചിങ് ക്യാംപ് ഇപ്പോൾ നടക്കുന്നു. പാലക്കാട് ജില്ലയിലെ ഏക വോളിബോൾ ഫ്ലഡ്‌ലിറ്റ് കോർട്ട് മമ്പാട് സ്കൂളിലാണ്. ഈ വർഷം ഉദ്‌ഘാടനം ചെയ്ത കോർട്ടിനു ഫണ്ട് സ്വരൂപിച്ചതു സീനിയർ കളിക്കാരാണ്. രാവിലെയും വൈകിട്ടും കുട്ടികളും രാത്രി 7 മുതൽ 9 വരെ സീനിയർ കളിക്കാരും പരിശീലനം നടത്തുന്നു. സ്കൂളിന് ഒരു ഇൻഡോർ ഷട്ടിൽ കോർട്ടും ഉണ്ട്. കഴിഞ്ഞ വർഷം കായിക മികവിനുള്ള ജില്ലാ അവാർഡ് സ്കൂളിനെ തേടിയെത്തി.

∙ 2010 മുതലുള്ള സംസ്ഥാന താരങ്ങൾ

ഷബീർ, ധനേഷ്, ലാമിയ, ഗസൽ, അമൽ, സുജീഷ്, നിഖിൽ, മിസിരിയ, അൻസൽ, നിതിൽ, മോഡി, ഷംഷാദ്, പ്രീജി, ഗോപിക, സുജിത്, രഞ്ജിത്, മിഥുൻ, അപർണ, ബിജി, സീന, സാഗർ, അശ്വതി, നന്ദിനി.