മയമില്ലാതെ ഫെഡറർ; മയാമി ഓപ്പൺ ടെന്നിസ് ഫൈനലിൽ നദാലിനെ തോൽപ്പിച്ചു

റോജർ ഫെഡറർ കിരീടവുമായി.

മയാമി ∙ പരുക്കേറ്റു വിശ്രമത്തിലായിരുന്ന ആറു മാസക്കാലം ഫെഡറർ ശരിക്കും വിശ്രമിക്കുകയായിരുന്നോ? റോജർ ഫെഡറർ എന്ന സ്വിറ്റ്സർലൻഡ് ടെന്നിസ് താരത്തിന്റെ തകർപ്പൻ ഫോം കണ്ടാൽ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. ആറു മാസത്തെ വിശ്രമത്തിനുശേഷം മടങ്ങിയെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം അക്ഷരാർഥത്തിൽ അരങ്ങു തകർക്കുകയാണ്. മടങ്ങിവരവിലെ നേട്ടങ്ങളുടെ ഒടുവിലത്തെ തിളക്കമാണ് മയാമി ഓപ്പണിൽ നേടിയ കിരീടം. ഫൈനലിൽ സ്പെയിനിന്റെ റാഫേൽ നദാലിനെ 6–3, 6–4നു തോൽപ്പിച്ചാണ് ഫെഡറർ കിരീടത്തിൽ മുത്തമിട്ടത്.

മൽസരം മൂന്നാം സെറ്റിലേക്കു നീളാനനുവദിക്കാതെ തകർപ്പൻ പ്രകടനം നടത്തിയാണ് ഫെഡറർ ജേതാവായത്. കടുത്ത ചൂടിൽ മൂന്നാം സെറ്റിലേക്കു മൽസരം നീണ്ടാൽ അപകടമാകുമെന്നതിനാൽ രണ്ടു സെറ്റുകളുടെയും ആദ്യപകുതിക്കുശേഷം മയമില്ലാത്ത ആക്രമണമായിരുന്നു സ്വിസ് താരത്തിന്റേത്. സ്കോർ നില കാണുമ്പോൾ ജയം അനായാസമെന്നു തോന്നാമെങ്കിലും അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്നു മൽസരശേഷം ഫെഡറർ വെളിപ്പെടുത്തി. നെറ്റിനൊരു വശം ഫെഡററും മറുവശത്ത് നദാലും നിൽക്കുമ്പോൾ പോരാട്ടമെങ്ങനെയാണ് അനായാസമാകുക. ഓരോ ഗെയിമും നേടാൻ ഇരുവരും വിയർപ്പൊഴുക്കിയതോടെ ആവേശകരമായ ഒരങ്കത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്.

ടെന്നീസിലെ കിരീടനേട്ടങ്ങളുടെ പകിട്ടിൽനിന്ന് ഫെഡറർ പിന്തള്ളപ്പെടുന്നു എന്ന തോന്നൽ ആരാധകരിലുണർന്ന സമയത്ത് വീണ്ടും വിജയങ്ങളോടെ ചരിത്രമെഴുതുമ്പോൾ പ്രായം അതിനൊരു തടസ്സമല്ലെന്നു തോന്നും. 35 വയസ്സിന്റെ ചെറുപ്പവുമായാണ് ഫെഡറർ എതിരാളികളെ വീഴ്ത്തി മുന്നേറുന്നത്. ഇവിടെ സെമിയിൽ നിക് കിർഗിയോസിനെതിരെ മൂന്നു സെറ്റ് പൊരുതിയതിന്റെ ക്ഷീണം പോലും മറന്നാണ് നദാലിനെതിരെ വിജയം കണ്ടത്.

ഒപ്പത്തിനൊപ്പമായിരുന്ന ആദ്യ സെറ്റിലെ പോരാട്ടം 3–3 വരെയേ അങ്ങനെനിന്നുള്ളൂ. എട്ടാം ഗെയിമും പത്താം ഗെയിമും ബ്രേക് ചെയ്തതോടെ സെറ്റ് ഫെഡറർക്കൊപ്പം. രണ്ടാം സെറ്റും ഏറെക്കുറെ ആദ്യ സെറ്റിന്റെ തനിയാവർത്തനം. നദാലിന്റെ പോരാട്ടം നാലു ഗെയിം വരെ നീണ്ടെന്നു മാത്രം. ആദ്യ സെറ്റിൽ ബ്രേക് പോയിന്റുകൾ രക്ഷപ്പെടുത്താനായത് നിർണായകമായെന്നു ഫെഡറർ വെളിപ്പെടുത്തി.

പരുക്കുവിട്ടെത്തിയ ശേഷം ഓസ്ട്രേലിയൻ ഓപ്പണിലും ഇന്ത്യൻ വെൽസിലും ഫെഡ് എക്സ്പ്രസ് കിരീടം നേടിയിരുന്നു. ഈ ടൂർണമെന്റുകളിലെല്ലാം നദാൽ പരാജയപ്പെട്ടതും ഫെഡററോടാണ്. മിയാമിയിൽ അ‍ഞ്ചാം ഫൈനലിലിറങ്ങിയ നദാലിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. ഫെഡറർ–നദാൽ പോരാട്ടത്തിൽ 23–14നു നദാലാണു മുന്നിലെങ്കിലും ഹാർഡ് കോർട്ടുകളിൽ‌ മേൽക്കൈ ഫെഡറർക്കാണ്.

ഇനി രണ്ടു മാസത്തോളം വിശ്രമമെടുക്കുമെന്നും ഫെഡറർ അറിയിച്ചു. മേയ് ഒടുവിൽ ഫ്രഞ്ച് ഓപ്പണിലാകും ഇനി ഫെഡററെ നാം കാണുക.