Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീനസ്, മുഗുരുസ സെമിയിൽ; ജോക്കോവിച്ച് ക്വാർട്ടറിൽ‌, നദാൽ പുറത്ത്

Rafael-Nadal വിംബിൾഡനിൽനിന്ന് തോറ്റു പുറത്തായ റാഫേല്‍ നദാലിന്റെ നിരാശ.

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിൽ വീനസ് വില്യംസും ഗാർബൈൻ മുഗുരുസയും സെമിഫൈനലിൽ. ഫ്രഞ്ച് ഓപ്പൺ ജേത്രി ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയെയാണ് വീനസ് അനായാസം തോൽപ്പിച്ചത് (6–3,7–5). ബ്രിട്ടന്റെ ജോഹന്ന കോണ്ടയോ റുമാനിയയുടെ സിമോണ ഹാലെപ്പോ ആയിരിക്കും സെമിയിൽ വീനസിന്റെ എതിരാളി. റഷ്യയുടെ ഏഴാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവയെയാണ് സ്പാനിഷ് താരം മുഗുരുസ മറികടന്നത് (6–3,6–4).

സ്ലോവാക്യയുടെ മഗ്ദലെന റൈബാരിക്കോവയോ അമേരിക്കയുടെ കോകോ വാൻഡെവെഗോയെയോ ആകും സെമിയിൽ മുഗുരുസ നേരിടുക. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നാരിനോയെ തോൽപ്പിച്ച് രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നു (6–2,7–6,6–4). ചെക്ക് താരം ടോമാസ് ബെർദിച്ചാണ് അവസാന എട്ടിൽ സെർബ് താരത്തിന്റെ എതിരാളി. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ലക്സംബർഗിന്റെ ഗില്ലെസ് മുള്ളറോടു തോറ്റ് റാഫേൽ നദാൽ പുറത്തായി (6–3,6–4,6–3,6–4,13–15). ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെയാണ് 16–ാം സീഡായ മുള്ളർ ക്വാർട്ടറിൽ നേരിടുക.

മിലോസ് റാവോണിക്–റോജർ ഫെഡറർ, ആൻഡി മറെ–സാം ക്വെറി എന്നിവയാണ് ഇന്നത്തെ മറ്റു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. പരുക്കിന്റെ ഭീഷണി മറികടന്നാണ് ജോക്കോവിച്ച് മന്നാരിനോയ്ക്കെതിരെ ജയിച്ചു കയറിയത്. ദീർഘകാലമായി അലട്ടുന്ന തോൾ പരുക്കിനെത്തുടർന്ന് ഇടയ്ക്ക് ജോക്കോവിച്ചിനു വൈദ്യസഹായം തേടേണ്ടി വന്നു. ഓൾ ഇംഗ്ലണ്ട് ക്ലബിലെ കോർട്ടിനെ ജോക്കോവിച്ചും പഴിച്ചു. കോർട്ടിനു മധ്യത്തിൽ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു പരാതി.