Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റെഫി ഗ്രാഫിന്റെ ചിരിക്കു പകരം ടെന്നിസ് ലോകം ആശ്ലേഷിച്ച നൊവോത്‌നയുടെ കണ്ണീർ!

Novotna-crying

സ്റ്റെഫി ഗ്രാഫിന്റെ കരിയറിൽ അതുപോലൊരു നിമിഷമില്ല! ടെന്നിസ് ചരിത്രത്തിലെതന്നെ അവിശ്വസനീയമായൊരു തിരിച്ചുവരവിലൂടെ 1993ലെ വിമ്പിൾഡൻ കിരീടം നേടിയതിനുശേഷം ചിരിച്ചു നിന്നിട്ടും ലോകം സ്റ്റെഫിയെ അന്ന് ഇഷ്ടപ്പെട്ടില്ല. സ്റ്റെഫിയുടെ അലസമായ ചിരിയെ പ്രണയിക്കുന്നതിനു പകരം ലോകം അന്ന് ആശ്ലേഷിച്ചതു നൊവോത്‌നയുടെ കണ്ണീരിനെയാണ്.

അവസാന സെറ്റിൽ 4–1നു മുന്നിൽ നിന്നിട്ടും പിന്നീടു തുടർച്ചയായി അഞ്ചു പോയിന്റുകൾ വഴങ്ങി കിരീടം കൈവിട്ട യാന നൊവോത്‌ന എന്ന ഇരുപത്തിനാലുകാരിയെ. വിജയത്തിന്റെ കോർട്ടിലേക്ക് ഒരു കാൽ വച്ചിട്ടും മറുകാൽ പരാജയത്തിലൂഴ്ന്ന് വീണുപോയതിന്റെ ഞെട്ടലും വേദനയും ഉള്ളിലടക്കാനാകാതെ നൊവോത്‌ന വിതുമ്പിയപ്പോൾ തലചായ്ച്ചു കരയാനൊരു തോൾ കൊടുത്തതു ബ്രിട്ടിഷ് രാജകുടുംബാംഗമായ കാതറീൻ.

‘‘നീ ഒരുനാൾ ഇതു നേടും, കരയല്ലേ.’’ – അമ്മയെപ്പോലെ അവർ പറഞ്ഞു. പിറ്റേന്നു പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ സ്റ്റെഫിയുടെ ചിരിക്കു പകരം നൊവോത്‌നയുടെ കണ്ണീരായിരുന്നു. അതു കണ്ട് ഒരു സ്കൂൾ കുട്ടിയെപ്പോലെ നിഷ്കളങ്കയായി നൊവോത്‌ന പറഞ്ഞു: എന്റെ സങ്കടം മാറി. അന്നു നൊവോത്‌ന കരയുന്നതു കണ്ടു നിന്ന ലോകം ഇതാ, ഇപ്പോൾ അൻപതാം വയസ്സിൽ അവർ ജീവിതത്തോടു വിടപറഞ്ഞപ്പോൾ കണ്ണീരണിഞ്ഞു നിൽക്കുന്നു!

തന്നെ കരയിപ്പിച്ച സെന്റർ കോർട്ടിലേക്ക് 1997ൽ നൊവോത്‌ന വീണ്ടും മടങ്ങിയെത്തി. ഇത്തവണ ഫൈനലിൽ എതിർകോർട്ടിൽ നിന്നതു കൗമാരക്കാരിയായ മാർട്ടിന ഹിൻജിസ്. തന്റെ വിജയത്തിനുവേണ്ടി കാത്തുനിന്ന ആരാധകരെ നിരാശരാക്കി നൊവോത്‌ന ഇത്തവണയും വീണു. സമ്മർദത്തെക്കാളേറെ വയറിനേറ്റ പരുക്കാണ് ഇപ്രാവശ്യം നൊവോത്‌നയെ വലച്ചത്.

സ്റ്റെഫിയോടുള്ള തോൽവിയിൽ നൊവോത്‌നയെ ആശ്വസിപ്പിച്ചിരുന്ന പത്രങ്ങളെല്ലാം പിറ്റേന്നു ക്രൂരമായെഴുതി: നോ–നോ നൊവോത്‌ന – ദേ ലേഡി ഫ്രം ‘ചോക്കോ’സ്ലോവാക്യ! ചോക്കിങ് (വിജയത്തിനരികെ വീണുപോവുക) എന്ന സ്പോർട്സിലെ പ്രയോഗം ഓർമപ്പെടുത്തിയായിരുന്നു അത്. ഇത്തവണ നൊവോത്‌ന കരഞ്ഞില്ല. വീറോടെ വിമർശകരോടു പറഞ്ഞു: എന്നെ നിങ്ങൾ ഒരു ‘ചോക്കർ‌’ എന്നു വിളിച്ചോളൂ. പക്ഷേ, എത്ര ചോക്കർമാർ രണ്ടുവട്ടം വിമ്പിൾഡൻ ഫൈനൽ കളിച്ചിട്ടുണ്ട് എന്ന കണക്കും പറയണം.

പക്ഷേ, പറ‍ഞ്ഞാൽ തീരുന്നതല്ല തന്റെ സങ്കടമെന്ന് ആരെക്കാളും നൊവോത്‌നയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടു പിറ്റേവർഷവും അവർ വിമ്പിൾഡൻ ഫൈനലിലേക്കു കുതിച്ചെത്തി! ഇത്തവണ നൊവോത്‌ന ഒരു ഭാഗ്യത്തിനും കാത്തുനിന്നില്ല. ഫ്രഞ്ച് താരം നതാലി തൗസിയയെ തോൽപിച്ചതു നേരിട്ടുള്ള സെറ്റുകൾക്ക്. കൈവിട്ടുപോയ കു‍ഞ്ഞിനെ വാരിപ്പുണരുന്നപോലെ വിമ്പിൾഡൻ ജേത്രികൾക്കുള്ള വീനസ് റോസ് വാട്ടർ ഡിഷ് നൊവോത്‌ന മാറോടണച്ചപ്പോൾ സാക്ഷിയായി നിന്നത് അഞ്ചു വർഷങ്ങൾക്കു മുൻപു നൊവോത്‌നയെ ആശ്വസിപ്പിച്ചിരുന്ന കാതറീൻതന്നെ. നൊവോത്‌നയുടെ കണ്ണീരിനു സഹതപിച്ചിരുന്ന ലോകം അന്ന് അവരുടെ ചിരി കണ്ടു മന്ദഹസിച്ചു. പിറ്റേവർഷം കോർട്ടിൽനിന്നു വിരമിച്ചെങ്കിലും നൊവോത്‌ന ടെന്നിസിനെ വിട്ടില്ല. പരിശീലകയായും കമന്റേറ്ററായും സജീവമായി.

അമേരിക്കയിലെ ഫ്ലോറിഡ വിട്ട് 2010ൽ ചെക്ക് റിപ്പബ്ലിക്കിലെ ബിർണോയിലേക്കു മടങ്ങിയ നൊവോത്‌ന അവിടെ ജീവിതപങ്കാളി ഇവോണ കുഷിൻസ്കയ്ക്കൊപ്പം സ്വാസ്ഥ്യജീവിതത്തിലായിരുന്നു. കോർട്ടിലെ അലസചലനങ്ങൾപോലെ മൃദുവായിരുന്നു നൊവോത്‌നയുടെ കമന്ററിയും. അതുകൊണ്ടാകാം അർബുദരോഗം അവരുടെ ജീവിതത്തിലേക്കു കടന്നുവന്ന കാര്യം ആരുമറിയാതെപോയതും.