യുഎസ് ഓപ്പണിന് ഇന്നു തുടക്കം; തിരിച്ചുവരവിൽ കിരീടം ചൂടാൻ സെറീന വില്യംസ്

സെറീന വില്യംസ്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന് ഇന്നു തുടക്കമാകുമ്പോൾ ശ്രദ്ധയേറെയും പ്രധാന താരങ്ങളിൽ. പുരുഷവിഭാഗത്തിൽ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ എന്നിവർ തന്നെ ഫേവറിറ്റുകളായി തുടരുമ്പോൾ വനിതാ സിംഗിൾസിൽ എല്ലാവരും ഉറ്റുനോക്കുന്നത് അമ്മയായതിനുശേഷം കോർട്ടിലേക്കു തിരിച്ചെത്തിയ സെറീന വില്യംസിന്റെ പ്രകടനമാണ്. ഓസ്ട്രേലിയൻ ഓപ്പണിലും വിമ്പിൾ‍ഡനിലും മികച്ച പ്രകടനം കാഴ്ചവച്ച സെറീന പക്ഷേ പിന്നീട് ഫോം ഔട്ടായി. ഫ്രഞ്ച് ഓപ്പണിൽ മുന്നേറിയെങ്കിലും പരുക്കേറ്റതിനെത്തുടർന്നു പ്രീ–ക്വാർട്ടറിൽ പിൻമാറുകയായിരുന്നു സെറീന. വിമ്പിൾഡനിൽ റണ്ണർ അപ്പുമായി. എന്നാൽ പിന്നീടു നടന്ന സാൻ ജോസ്, സിൻസിനാറ്റി ടൂർണമെന്റുകളിൽ നേരത്തെ പുറത്തായി.

ഫ്ലെഷിങ് മെഡോയിൽ കിരീടം ചൂടിയാൽ 24 ഗ്രാൻസ്ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്തും സെറീന. ജയിച്ചാൽ മാർഗരറ്റ് കോർട്ട്, ഇവോന ഗൂലഗോങ്, കിം ക്ലൈസ്റ്റേഴ്സ് എന്നിവർക്കൊപ്പം, അമ്മയായ ശേഷം ഗ്രാൻസ്ലാം നേടുന്ന താരവുമാകും. പുരുഷവിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ തിരിച്ചുവരവാണ്. പരുക്കും മാനസിക പ്രശ്നങ്ങളും മൂലം ദീർഘകാലം കോർട്ടിൽനിന്നു വിട്ടുനിന്ന ജോക്കോ വിമ്പിൾഡൻ വിജയത്തോടെ തിരിച്ചുവരവു ഗംഭീരമാക്കിക്കഴിഞ്ഞു.