യുഎസ് ഓപ്പണിൽ സെറീന നാലാം റൗണ്ടിൽ

സെറീന വില്യംസും വീനസ് വില്യംസും മത്സരത്തിനിടെ

ന്യൂയോർക്ക് ∙ വില്യംസ് സഹോദരിമാരുടെ പോരിൽ ഇത്തവണയും വിജയം അനിയത്തിക്കു തന്നെ. സഹോദരി വീനസ് വില്യംസിനെ നിഷ്പ്രഭയാക്കി സെറീന വില്യംസ് യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ കടന്നു (6–1, 6–2). വീനസിനെതിരെ 30 മൽസരങ്ങളിൽ സെറീനയുടെ 18–ാം വിജയമാണിത്. മൽസരത്തിനിടെ കാൽക്കുഴ മടങ്ങിയതിനാൽ വൈദ്യപരിശോധന തേടേണ്ടിവന്നതും സെറീനയെ വലച്ചില്ല. 34 വിന്നറുകളും 10 എയ്സുകളും പായിച്ചാണ് സെറീനയുടെ മിന്നും ജയം.

ഒന്നാം സീഡ് സിമോണ ഹാലെപിനെ അട്ടിമറിച്ച എസ്റ്റോണിയൻ താരം കെയിയ കനേപിയാണ് സെറീനയുടെ അടുത്ത എതിരാളി. നിലവിലെ ചാംപ്യൻ സ്ലൊവാൻ സ്റ്റീഫൻസ്, മരിയ ഷറപ്പോവ, കരോളിൻ പ്ലിസ്കോവ, എലെന സ്വിറ്റോലിന എന്നിവരും മുന്നേറി. പുരുഷൻമാരിൽ റാഫേൽ നദാൽ, ഡൊമിനിക് തീം, യുവാൻ മാർട്ടിൻ ഡെൽപോട്രോ, മിലോസ് റാവോണിക് എന്നിവരും നാലാം റൗണ്ടിലെത്തി.