സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ ജപ്പാൻകാരി നവോമി ഒസാകയ്ക്ക്

യുഎസ് ഓപ്പൺ കിരീടവുമായി നവേമി ഒസാക്ക

ന്യൂയോർക്ക്∙ അഗ്നിപർവതം പോലെ പുകഞ്ഞ സെറീന വില്യംസിനെ അരുവി പോലെയൊഴുകി തോൽപ്പിച്ച് നവോമി ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം. പലവട്ടം കോർട്ടിലെ അതിർരേഖകൾക്കപ്പുറം പോയ പോരാട്ടത്തിൽ ഒസാക്കയുടെ ജയം തികച്ചും ആധികാരിക‌ം (6–2, 6–4). വിജയത്തോടെ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ചൂടുന്ന ആദ്യ ജപ്പാനീസ് താരമായി ഇരുപതുകാരിയായ ഒസാക്ക. ഒസാക്കയുടെ ചരിത്രനേട്ടത്തിന്റെ മധുരത്തിനൊപ്പം തന്നെ സെറീനയുടെ രോഷപ്രകടനത്തിന്റെ എരിവും ഈ വർഷം ഫ്ലഷിങ് മെഡോയിലെ ശേഷിപ്പായി.

ചരിത്രത്തിന്റെ രണ്ടു കോർട്ടുകളിൽ നിന്നാണ് സെറീനയും ഒസാക്കയും മൽസരം തുടങ്ങിയത്. ജയിച്ചാൽ മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്‌ലാമുകളെന്ന റെക്കോർഡിനൊപ്പമെത്തുമായിരുന്നു സെറീന. ഒസാക്ക ജയിച്ചാൽ ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരമെന്ന നേട്ടവും. സെറീനയുടെ വലിയ ആരാധികയാണ് താനെന്നു മുൻപേ പറഞ്ഞെങ്കിലും ഒട്ടും പകപ്പില്ലാതെയായിരുന്നു ഒസാക്കയുടെ കളി. ബ്രേക്ക് പോയിന്റിൽ സെറീനയുടെ ഡബിൾ ഫോൾട്ടിൽ തുടക്കത്തിൽ ഒസാക്ക 2–1നു മുന്നിലെത്തി. 106 മൈൽ വേഗത്തിൽ പായിച്ച മറ്റൊരു എയ്സിൽ സെറീനയെ വീണ്ടും ബ്രേക്ക് ചെയ്തതോടെ ലീഡ് 4–1. സെറീനയ്ക്കു പിന്നാലെ ഒരവസരം കിട്ടിയെങ്കിലും ഒസാക്ക 117 മൈൽ വേഗത്തിലുള്ള മറ്റൊരു വിന്നറിൽ തീർത്തു. സെറീന ഒരു അവസരം കൂടി നഷ്ടപ്പെടുത്തിയതോടെ മികച്ച സെർവിലൂടെ ഒസാക്ക സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തിൽ സെറീന 3–1നു മുന്നിലായിരുന്നു. എന്നാൽ അംപയറുടെ താക്കീതും ശിക്ഷയും കൂടിയായതോടെ സെറീനയുടെ താളം തെറ്റി. ഒരു ബാക്ക്ഹാൻഡ് ഷോട്ട് നെറ്റിലിടിച്ചതിനു പിന്നാലെ സെറീന റാക്കറ്റ് നിലത്ത് വലിച്ചെറിഞ്ഞുടച്ചു. രണ്ടാം വട്ടം ചട്ടലംഘനത്തിന് അതോടെ സെറീനയ്ക്ക് ഒരു പോയിന്റ് പെനൽറ്റി. ഒസാക്ക 4–3നു മുന്നിലെത്തിയതിനു ശേഷവും ശകാരവാക്കുകൾ തുടർന്ന സെറീനയ്ക്ക് അംപയർ ഒരു ഗെയിം ശിക്ഷ തന്നെ നൽകിയതോടെ ഒസാക്ക 5–3നു മുന്നിലെത്തി. മനസ്സു കൈവിട്ട സെറീനയെ സാക്ഷിയാക്കി കളി തീർത്ത് ഒസാക്ക ഗാലറിയിലുണ്ടായിരുന്ന അമ്മ തമാകി ഒസാകയുടെ കരവലയത്തിലമർന്നു.