Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒസാക്ക എന്ന 'സെറീന ഫാൻ'; ദുരന്തങ്ങൾക്കിടയിൽ ജപ്പാനു കിട്ടിയ സന്തോഷം

Naomi Osaka നവോമി ഒസാക്ക

ജപ്പാനിലെ പത്രങ്ങളിലും ടെലിവിഷനിലുമെല്ലാം വലിയ വാർത്തയായി ശനിയാഴ്ച വരെ നിറഞ്ഞു നിന്നത് ഹൊക്കെയ്ഡോ ദ്വീപിലുണ്ടായ ഭൂകമ്പവും ഉരുൾപൊട്ടലുമായിരുന്നു. ഇന്നലെ അതു മാറി. ദുരന്തങ്ങൾക്കിടയിലും അവർക്കു ചിരിക്കാനൊരു കാരണം കിട്ടി–നവോമി ഒസാക്ക. ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന ആദ്യ ജപ്പാനീസ് താരം. സത്യത്തിൽ ഒസാക്ക പൂർണമായും ജപ്പാൻകാരിയല്ല.

അവളുടെ അച്ഛൻ ഹെയ്ത്തി വംശജനാണ്. അമ്മ ജപ്പാൻകാരിയും. പക്ഷേ, ജപ്പാനീസ് പട്ടണമായ ഒസാക്കയിൽ ജനിച്ച് ഇപ്പോൾ അമേരിക്കൻ പട്ടണമായ ഫ്ലോറിഡയിൽ ജീവിക്കുന്ന, കേട്ടാൽ മനസ്സിലാകുമെങ്കിലും ജപ്പാനീസ് ശരിക്കു പറയാനറിയാത്ത ഈ ഇരുപതുകാരിയെ പ്രധാനമന്ത്രി ഷിൻസോ ആബെ തന്നെ വിളിച്ചു – നിഹോൺ നോ ഹോകോരി അഥവാ ‘ജപ്പാന്റെ രത്നം’ യുഎസ് ഓപ്പൺ കിരീടം ചൂടുന്നതിനു മുൻപ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ്–ഇന്ത്യൻ വെൽസ് ഓപ്പൺ. പക്ഷേ ഒസാക്കയുടെ വരവിന്റെ സൂചനകളെല്ലാം അതിലുണ്ടായിരുന്നു. കിരീടത്തിലേക്കുള്ള വഴിയിൽ ഒസാക്ക തോൽപ്പിച്ചത് മരിയ ഷറപ്പോവ, സിമോണ ഹാലെപ്പ് തുടങ്ങിയ വമ്പൻ താരങ്ങളെ. പിറ്റേ വാരം മയാമി ഓപ്പൺ ആദ്യ റൗണ്ടിൽ സാക്ഷാൽ സെറീനയെ തന്നെ തോൽപ്പിച്ചു. അതു റിഹേഴ്സൽ പോലെയാക്കി ഇപ്പോഴിതാ തന്റെ ആരാധനാമൂർത്തിയെ തോൽപ്പിച്ച് യുഎസ് ഓപ്പണിലും കിരീടം.

1999ൽ സെറീന തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടം ചൂടുമ്പോൾ ഒസാക്കയ്ക്കു രണ്ടു വയസ്സ് പോലും തികഞ്ഞിട്ടില്ല. ഇത്തവണ യുഎസ് ഓപ്പൺ സെമിഫൈനൽ ജയിച്ചതിനു ശേഷം ഒസാക്ക പങ്കുവച്ചത് സെറീനയുമായി കളിക്കുന്നതിന്റെ സന്തോഷം തന്നെ. സെറീനയുടെ രോഷ പ്രകടനത്തിൽ ഫൈനൽ മറ്റൊരു തലത്തിലേക്കു പോയെങ്കിലും ഒസാക്ക മനഃസാന്നിധ്യം കൈവിടാതെ കാത്തു.

‘‘സത്യത്തിൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പെട്ടെന്ന് സ്കോർ ബോർഡിലേക്കു നോക്കിയപ്പോൾ എനിക്കൊരു പോയിന്റ് കൂടിയിരിക്കുന്നു..’’– നിഷ്കളങ്കയായി ഒസാക്കയുടെ വാക്കുകൾ. സമ്മാനദാനച്ചടങ്ങിൽ സെറീനയുടെ ആരാധകർ കൂവിവിളിച്ചതോടെ ഒസാക്ക വിതുമ്പിത്തുടങ്ങി. അതോടെ സെറീന ഒസാക്കയെ ചേർത്തുപിടിച്ചു. ‘ഇവളുടെ ആദ്യ കിരീടമാണിത്. നമുക്കിത് അവിസ്മരണീയമാക്കാം.’.അതോടെ ആരാധകരടങ്ങി. ‘നിങ്ങളുമായി കളിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. താങ്ക്യൂ’– പോഡിയത്തിലും ഒസാക്ക സെറീനയോടുള്ള ആരാധന മറച്ചുവച്ചില്ല.

കോർട്ടിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും പായുന്ന പന്തു പോലെ അമേരിക്കയിലും ജപ്പാനിലുമായിട്ടായിരുന്നു ഒരു വർഷം മുൻപു വരെ ഒസാക്കയുടെ ജീവിതം. കഴിഞ്ഞ വർഷമാണ് സ്ഥിരമായി ഫ്ലോറിഡയിലെ ബോക്ക റാറ്റോൺ പ്രദേശത്തേക്കു മാറിയത്. ജപ്പാനിലേക്കു പോകുമ്പോൾ എന്താണു തോന്നാറുള്ളതെന്ന ചോദ്യത്തിന് ഒരു കൊച്ചുകുട്ടിയുടെ കൗതുകവുമായി നിറഞ്ഞ ചിരിയോടെ ഒസാക്കയുടെ മറുപടിയിങ്ങനെ: ‘‘വെക്കേഷനിൽ മനോഹരമായ ഒരു സ്ഥലത്തേക്ക് ടൂർ പോകുന്ന പോലെ..’’ ടെന്നിസ് കഴിഞ്ഞാൽ ഒസാക്കയുടെ ഇഷ്ടങ്ങളും ഒരു സ്കൂൾകുട്ടിയുടേതു തന്നെ. നന്നായി മധുരം കഴിക്കും. പിന്നെ എല്ലാ കാര്യങ്ങളും ഏറ്റവും അടുത്ത കൂട്ടുകാരിയോട് പങ്കുവയ്ക്കും...

related stories