റഫാൽ ഇടപാടും റാഫേൽ നദാലും തമ്മിലെന്ത്? ‘പൊങ്കാല’യുമായി മലയാളികൾ

കോട്ടയം∙ റഫാൽ കരാറുമായി ബന്ധപ്പെട്ട വിവാദക്കൊടുങ്കാറ്റിൽ ഇന്ത്യൻ രാഷ്ട്രീയ രംഗം ആടിയുലയവെ, സമാന വിഷയത്തിൽ പ്രശസ്ത ടെന്നിസ് താരം റാഫേൽ നദാലിന്റെ ഫെയ്സ്ബുക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് നദാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ കമന്റ് ബോക്സിലാണ് മലയാളികൾ കൂട്ടത്തോടെ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

താൻ എന്തുകൊണ്ടാണ് സ്പെയിനിനെ ഇഷ്ടപ്പെടുന്നതെന്ന് വിവരിച്ച് സ്പാനിഷ് പൗരനായ നദാൽ പോസ്റ്റ് ചെയ്ത 10 സെക്കൻഡ് വിഡിയോ ആണിത്. ഇതിനു താഴെയുള്ള അഞ്ഞൂറിലധികം കമന്റുകളിൽ ഭൂരിഭാഗവും മലയാളത്തിലുള്ളതാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ കേന്ദ്ര സ്ഥാനത്ത് റാഫേൽ നദാലിനെ നിർത്തിക്കൊണ്ടുള്ളതാണ് കമന്റുകളിൽ അധികവുമെന്നതാണ് രസകരം.

ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണ് കൂടുതൽ കമന്റുകളുമെങ്കിലും അശ്ലീലച്ചുവയുള്ളവയും കൂട്ടത്തിലുണ്ട്. അതേസമയം, വിഡിയോയ്ക്ക് പ്രതികരണവുമായെത്തുന്ന നദാലിന്റെ ആരാധകരുടെ കമന്റുകളും ഇടയ്ക്കു കാണാം. എന്തായാലും, റഫാൽ ഇടപാടും റാഫേൽ നദാലും തമ്മിൽ പേരിലുള്ള സാമ്യമല്ലാതെ മറ്റെന്തു ബന്ധം എന്ന ചോദ്യം അപ്പോഴും ബാക്കി!