സെറീന ഫൈനലിൽ; വീനസിന് തോൽവി

വിജയാഹ്ലാദത്തിൽ സെറീന.

ലണ്ടൻ ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ വില്യംസ് പോരാട്ടം നടക്കില്ല. ആറു തവണ കിരീടം നേടിയ സെറീന വില്യംസ് ഒൻപതാം വിമ്പിൾഡൻ ഫൈനലിലേക്ക് അനായാസം കുതിച്ചെത്തിയപ്പോൾ ചേച്ചി വീനസ് വില്യംസ് സെമിയിൽ തോറ്റു. റഷ്യയിൽനിന്നുള്ള സീഡ് ചെയ്യപ്പെടാത്ത താരം എലീന വെസ്നിനയ്ക്കെതിരെ 6–2, 6–0ന്റെ കിടിലൻ വിജയമാണ് സെറീന സ്വന്താക്കിയത്.

ഈ വിജയത്തിന്റെ ആവേശത്തിൽ വീനസും ജയത്തിലെത്തുമെന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. ജർമനിയിൽനിന്നുള്ള എയ്ഞ്ചലിക് കെർബർ 6–4, 6–4ന് വീനസിനെ തോൽപിച്ചു. ഇന്നു പുരുഷവിഭാഗം സെമിയിൽ ആൻഡി മറെയും ടോമസ് ബെർഡിച്ചും തമ്മിലും റോജർ ഫെഡററും മിലോസ് റാവോണിക്കും തമ്മിലും ഏറ്റുമുട്ടും.

വനിതാ ഡബിൾസിൽ നിലവിലുള്ള ജേതാക്കളും ടോപ് സീഡുമായ സാനിയ മിർസ–മാർട്ടിന ഹിൻജിസ് സഖ്യം ക്വാർട്ടറിൽ തോറ്റു പുറത്തായി. അഞ്ചാം സീഡ് ജോടി ഹംഗറിയുടെ ടീമൈയ ബാബോസ്–കസഖ്സ്ഥാന്റെ യാരോസ്ലാവ് ഷെഡോവ സഖ്യം ഇന്തോ–സ്വിസ് സഖ്യത്തെ 6–2, 6–4ന് തോൽപിച്ചു. മിക്സ്ഡ് ഡബിൾസിൽനിന്നു നേരത്തേ തന്നെ സാനിയ മിർസ പുറത്തായിരുന്നു.
ബുധനാഴ്ച നടന്ന പുരുഷ ക്വാർട്ടറിൽ ആൻഡി മറെ ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോംഗയെ 7–6, 6–1, 3–6, 4–6, 6–1ന് ആണ് തോൽപിച്ചത്.

ഏഴാം തവണയാണ് വിമ്പിൾഡൻ സെമിയിൽ മറെ കളിക്കുന്നത്. രണ്ടാം സീഡായ മറെ 2103ൽ ഇവിടെ കിരീടം നേടിയിട്ടുണ്ട്. മൂന്നു മാച്ച് പോയിന്റിൽനിന്നു രക്ഷപ്പെട്ട ശേഷമാണ് റോജർ ഫെഡറർ മാരിൻ സിലിക്കിനെ 6–7, 4–6, 6–3, 7–6, 6–3ന് തോൽപിച്ചത്.

ഗ്രാൻസ്‌ലാമിൽ ഫെഡറർ 307 വിജയങ്ങൾ കുറിച്ചു, റെക്കോർഡ്. സാം ക്വെറിയെ 6–4, 7–5, 5–7, 6–4ന് മിലോസ് റാവോണിക് ക്വാർട്ടറിൽ തോൽപിച്ചു. ടോമസ് ബെർഡിച് ക്വാർട്ടറിൽ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ 7–6, 6–3, 6–2ന് തോൽപിച്ചു.