Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ തളർത്താൻ ഇതിനൊന്നുമാകില്ല: മംമ്ത

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

mamta mohandas i me myself

കാർബൺ എന്ന സിനിമയിലൊരു സീനുണ്ട്. നടന്നു തളർന്ന് കുന്നിൽ മുകളിൽ കാറ്റിൽ കൈ മുട്ടിൽ കൈ ചേർത്തുവന്നു നിന്നു കിതയ്ക്കുന്ന മംമ്ത മോഹൻ‌ദാസ്. പുൽമേട്ടിൽ കാട്ട് ആഞ്ഞുവീശുമ്പോൾ പച്ച കടലിനു നടുവിൽ മംമ്ത നിൽക്കുന്നു. മനസ്സിൽനിന്നും മാഞ്ഞു പോകാത്ത ചിത്രം. 

അഭിനയംകൊണ്ടു ആളുകളെ ഞെട്ടിക്കുന്ന നടിയാണു മംമ്ത മോഹൻദാസ് എന്നു പറയാനാകില്ല. പക്ഷെ അവർക്കു അവരുടെതായ ഒരു മുദ്രയുണ്ട്. അതു നന്നായി ചെയ്യാനറിയാം. കേരളത്തിനു ജനിക്കുകയും വളരുകയും ചെയ്തിട്ടും മോശമല്ലാത്ത മലയാളം പറയുകയും ഡബ്ബു ചെയ്യുകയും ചെയ്യുന്ന മംമ്ത ഒരു അപശബ്ദവും കേൾപ്പിക്കാതെയാണു ഇതുവരെ കടന്നുപോയത്. മംമ്ത നേരം വൈകിയെന്നോ വരാതിരുന്നുവെന്നോ ആരും പരാതി പറയുന്നതായും കേട്ടിട്ടില്ല. 

കാർബൺ എന്ന സിനിമ 25 ദിവസത്തോളം ചിത്രീകരിച്ചതു കാട്ടിലാണ്. വെറും കാട്ടിലല്ല. ഉൾക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലും. കനത്ത മഴയിലായിരുന്നു മിക്ക ദിവസവും ഷൂട്ടിംങ്. മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കിൽ കല്ലിൽനിന്നു കല്ലിലേക്കു ചാടുന്ന ജീപ്പിൽ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം. അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു. പണം വാങ്ങി ഇതു ചെയ്യുന്നതിലെന്തുകാര്യമെന്നു ചോദിക്കാം. ഇവിടെയാണു മംമ്തയുടെ സൗന്ദര്യം തിരിച്ചറിയുന്നത്. 

carbon-movie-review

രണ്ടു വർഷത്തിലേറെ നീണ്ട കാൻസർ രോഗത്തിനു ശേഷവും മംമ്ത അഭിനയിക്കുകയാണ്. റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും ചൂട് ഞെരമ്പുകളിലൂടെ കടന്നു പോയ ശേഷമുള്ള തളർച്ചയെക്കുറിച്ചു രോഗത്തിലൂടെ കടന്നുപോയ പലരും എഴുതിയിട്ടുണ്ട്.ഒരിക്കൽ യാത്ര പറഞ്ഞ രോഗം തിരിച്ചുവന്നിട്ടുപോലും അവർ അഭിനയം തുടരുന്നു. 

ചെറിയൊരു തലവേദന വന്നാൽപ്പോലും മുറിക്കു പുറത്തിറങ്ങാത്തവരാണു പലരും. ചികിത്സയ്ക്കു ശേഷം യാത്രപോലും പലരും കുറയ്ക്കും. പക്ഷെ മംമ്ത ഈ കാടായ കാടെല്ലാം കയറിയതും രോഗ ശാന്തിക്കു ശേഷമുള്ള നാളുകളിലാണ്. എന്നുവച്ചാൽ അതീവ കരുതലോടെ ജീവിക്കേണ്ട നാളുകളിൽ. കുന്നു കയറിപ്പോകുമ്പോൾ അവർ നിന്നു കിതയ്ക്കുമായിരുന്നുവെന്നു കൂടെയുണ്ടായിരുന്ന പലരും പറഞ്ഞു. 

ഇത്തരം ചികിത്സകൾക്കു ശേഷം ശ്വാസ കോശത്തിനു ഓക്സിജൻ പിടിച്ചു നിർത്താനുള്ള കഴിവു കുറയും. ശരീരത്തിന്റെ കരുത്തും ചോർന്നിരിക്കും. അപ്പോഴാണു ഈ പെൺകുട്ടി മലകളിൽനിന്നു മലകളിലേക്കു നടന്നത്. ടോയ്‍‌ലറ്റുകളോ കാരവനുകളോ ഇല്ലാത്ത എത്രയോ ദിവസങ്ങൾ രാവും പകലും കാട്ടിൽ ചിലവിട്ടത്. സത്യത്തിൽ മംമ്ത എന്ന നടി നമ്മെ ഓർമ്മിപ്പിക്കുന്നതു അഭിനയത്തെക്കുറിച്ചല്ല, സമർപ്പണത്തെക്കുറിച്ചാണ്. 

സ്വന്തം തൊഴിലിനു വേണ്ടി ചെയ്യുന്ന സമർപ്പണത്തെക്കുറിച്ച്. ഒരു ദിവസംപോലും അവർ ഷൂട്ടിംങ് മുടക്കിയിട്ടില്ല, വൈകി വന്നിട്ടില്ല. ഒരിക്കൽപ്പോലും ‘എനിക്കുവയ്യ’ എന്നു പറഞ്ഞിട്ടുമില്ല. ഈ സിനിമ അവർക്കു വേണ്ടെന്നു വയ്ക്കാവുന്നതെയുള്ളു. എല്ലാ സുഖസൗകര്യങ്ങളുമുള്ള വേറെ ഏതെങ്കിലും സിനിമ അവരെ തേടി എത്തുമായിരുന്നു. ഇതു കഷ്ടപ്പാടിന്റെ സിനിമയാണെന്നു അറിയാനുള്ള ബോധമെല്ലാം അവർക്കുണ്ടല്ലോ.  പക്ഷെ കാർബൺ തിരഞ്ഞെടുത്തതിനു പുറകിൽ ഓരേയൊരു കാരണമെ ഉണ്ടാകാനിടയുള്ളു. സിനിമയോടുള്ള അടക്കാനാകാത്ത സ്നേഹം. തന്റ രോഗത്തിനപ്പുറമാണു ആ സ്നേഹമെന്നു മംമ്ത നമ്മളോടു പറയാതെ പറയുന്നു. 

carbon-movie

ഈ സിനിമ കഴിഞ്ഞപ്പോഴേക്കും അതിലുണ്ടായിരുന്ന എല്ലാവരും ക്ഷീണിച്ചു അവശരായിരുന്നു. പലരും ചെറിയ രോഗങ്ങളുമായാണു തിരിച്ചുപോയത്. ഒന്നുമില്ലാത തിരിച്ചുപോയ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മംമ്ത.  ആ പെൺകുട്ടി വലിയ പാറകൾക്കും വെള്ളച്ചാട്ടങ്ങൾക്കും മുകളിൽനിന്നു ലോകത്തോടു വിളിച്ചു പറഞ്ഞു, ഞാൻ അഭിനയിക്കുന്നു എന്നല്ല. ‘രോഗമെ, മരുന്നുകളെ നിങ്ങളെ തോൽപ്പിച്ചു ഞാനീ മലയായ മലയെല്ലാം കീഴടക്കിയിരിക്കുന്നു’ എന്നാണ്. 

നടന്മാർ പറയുന്ന ഡയലോഗുകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചു ഗവേഷണം നടത്തുന്നവരും അവരുടെ കൂട്ടായ്മയുമെല്ലാം കാണേണ്ടത് ഈ സ്ത്രീയെയാണ്. അവർ എല്ലാ പ്രതിസന്ധികൾക്കിടയിലും ഏതു കരുത്തനായ പുരുഷനും അമ്പരന്നുപോകുന്ന വിധം ജോലി ചെയ്യുന്നു. സ്ത്രീയെന്ന പരിഗണനയൊന്നുമില്ലാതെ അവർ സിനിമയുടെ ഉയരങ്ങളിലേക്കു നടന്നു നടന്നു പോകുന്നു. ‘എന്നെ തളർത്താൻ ഒന്നിനുമാകില്ലെന്നു’ വിളിച്ചു പറയുന്നു. മലയാളത്തിലെ ഓരോ നടിയും അഭിമാനത്തോടെ പറയേണ്ടതു ‘ഇതാണു ഞങ്ങളുടെ കരുത്ത്’ എന്നാണ്. 

കൂടെ ബോർഡി ഗാർഡിനെ വേണമെന്നു കരുതുന്നവർ ഈ സ്ത്രീയെ കണ്ടു പഠിക്കണം. കൂടെയുള്ള ഓരോ മനുഷ്യനും അവരുടെ ബോഡി ഗാർഡാണെന്നു അവർ പറയാതെ പറയുന്നു. കാർബൺ എന്ന സിനിമയുടെ യൂണിറ്റിലെ ഏറ്റവും ‘ഫിറ്റായ ’ മനുഷ്യൻ താനാണെന്നു പറയാതെ പറയുന്നു. ഗവേഷണത്തിനു സമയം കളയുന്നതിനു പകരം അവരെല്ലാം ഈ സ്ത്രീയൊടൊപ്പംനിന്നു അവരുടെ സിനിമ എല്ലാവരെയും  കാണിക്കണം. ‘ഞങ്ങൾ ഈ സ്ത്രീയെ ഓർത്തു അഭിമാനിക്കുന്നു’ എന്നു പറയണം. 

fahad-venu-carbon-19

കാർബൺ സത്യത്തിൽ ആ സ്ത്രീയുടെ സിനിമയാണ്. അവരുടെ മുഖത്തെ തെളിച്ചം ഓരോ നിമിഷവും മനസ്സിൽ നിറയുന്നു. അവരുടെ കിതപ്പ് എന്റെ കൂടെ കിതപ്പായി തോന്നുന്നു.