Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ കാണാതായി, തമിഴ്നാട്ടിൽ മൃതദേഹം; ചുരുളഴിയിക്കാൻ പൊലീസ്

ജിജോ ജോൺ പുത്തേഴത്ത്
കൊചിയിൽ കാണാതായി, തമിഴ്നാട്ടിൽ മൃതദേഹം; നിഗൂഢതയുടെ ചുരുളഴിയിക്കാൻ പൊലീസ്

കോടതി വിധി പറയാത്ത ഏതു കേസിലും അന്വേഷണ ഉദ്യോഗസ്ഥനു നിയമം അനുവദിക്കുന്ന ഒരു പ്രത്യേക അധികാരമുണ്ട്. വിചാരണ ഏതു ഘട്ടത്തിലും നിർത്തിവയ്പ്പിച്ചു തുടരന്വേഷണം നടത്തി ആവശ്യമെങ്കിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സവിശേഷ അധികാരം. കേസിൽ പുതിയ തെളിവു ലഭിക്കുമ്പോഴാണ് ഇത്തരം ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കുക. വിചാരണ കോടതിക്ക് അത് അവഗണിക്കാനും കഴിയില്ല.

ക്രിമിനൽ കേസുകളിൽ, പ്രത്യേകിച്ചും കൊലക്കേസുകളിലാണ് ഇതു സംഭവിക്കുന്നത്. 

അന്വേഷണം പൂർണമല്ലെന്നു പ്രോസിക്യൂഷൻ കരുതുന്ന ഇത്തരമൊരു കേസിന്റെ നൂലാമാലകളാണു നമ്മൾ പരിശോധിക്കുന്നത്. ഈ കൊലക്കേസിലെ ഇര, പ്രതികൾ, സാക്ഷികൾ, അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരുടെ പേരുകൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലാത്തതിനാൽ ഒഴിവാക്കുന്നു. 

സംഭവം ഇതാണ്, കൊച്ചി സ്വദേശിയായ യുവാവിനെ ഒരു ദിവസം കാണാതാവുന്നു.

ഭാര്യയും അമ്മയും ലോക്കൽ പൊലീസിൽ പരാതി നൽകി. (കൊലയാളിയെന്നു സംശയിക്കുന്ന ഒരാളുടെ വിവരങ്ങൾ  കുടുംബാംഗങ്ങൾ അതീവ രഹസ്യമായി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. അതിനൊരു വ്യക്തമായ കാരണമുണ്ട്). 

ദിവസങ്ങൾക്കു ശേഷം യുവാവിനെ കാണാതായ വിവരം കേരളാ പൊലീസ് പരസ്യപ്പെടുത്തി. മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസിനും യുവാവിന്റെ ചിത്രം സഹിതം വിവരം കൈമാറി. ഒരാഴ്ച കഴിഞ്ഞപ്പോൾ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ ചില വസ്ത്രങ്ങളുമായി കൊച്ചിയിലെത്തി. ഒരു മൃതദേഹത്തിന്റെ ചിത്രവും അവർ കരുതിയിരുന്നു. 

അതോടെ ‘മാൻ മിസിങ്’ കേസ് കൊലക്കേസായി മാറി. തമിഴ്നാട്ടിൽ കൊല്ലപ്പെട്ടതു കൊച്ചിയിൽ കാണാതായ യുവാവ് തന്നെ. 

യുവാവിന്റെ അമ്മ നൽകിയ സൂചന അനുസരിച്ചു ചോദ്യം ചെയ്യൽ നടത്തി, രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. മധ്യവയസു പിന്നിട്ട രണ്ടുപേർ. 

കൊലപാതകത്തിനുള്ള പ്രേരണയായി പൊലീസ് കണ്ടെത്തിയ നാടകീയമായ കാരണം: ഒന്നാം പ്രതിയിൽ പിതൃത്വം ആരോപിച്ചു യുവാവ് പണം ആവശ്യപ്പെട്ടതാണ്. അടുത്ത ബന്ധുവിന്റെ വിവാഹത്തിനു വേണ്ടിയാണു പണം ചോദിച്ചത്. ഇതേ തുടർന്നാണു യുവാവിനെ കാണാതായത്. കൊല നടന്നതായി സംശയിക്കുന്ന ദിവസം ഒന്നാം പ്രതി കൊച്ചിയിൽ തന്നെയുണ്ട്. അതോടെ പൊലീസ് വാടക കൊലയാളിയെ തേടി. ഒടുവിൽ അറസ്റ്റ് ചെയ്തത് ഒന്നാം പ്രതിയുടെ അടുത്ത സുഹൃത്തിനെ.

കുറ്റം ആരോപിക്കാൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 

അതിനു ശേഷമാണ് ആധുനിക കുറ്റാന്വേഷണ കാലത്തെ നിർണായകമായ ചില തെളിവുകൾ ഈ കേസിൽ ശേഖരിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്.

ചോദ്യം ഒന്ന്, തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത് കൊച്ചിയിൽ കാണാതായ യുവാവാണെന്ന് എങ്ങനെ തെളിയിക്കും?  മൃതദേഹത്തിന്റെ ചിത്രവും വസ്ത്രങ്ങളും മാത്രം അതിനു മതിയാവുമോ? 

ചോദ്യം രണ്ട്, കൊല നടന്ന ദിവസം ഒന്നാം പ്രതി കൊച്ചിയിൽ തന്നെയുണ്ട്. രണ്ടാം പ്രതിയുടെ സുഹൃത്താണ് എന്ന ഒറ്റ കാരണം മാത്രം മതിയോ ഒന്നാം പ്രതിയുടെ മേൽ കുറ്റം ആരോപിക്കാൻ? 

ചോദ്യം മൂന്ന്, കൊല്ലപ്പെട്ട യുവാവ് ആരോപിക്കുന്നതു പോലെ ഒന്നാം പ്രതി ഇയാളുടെ പിതാവാണോ? അഥവാ പിതാവല്ലെന്നു തെളിഞ്ഞാൽ പൊലീസ് ഉന്നയിക്കുന്ന കൊലപാതക പ്രേരണ എങ്ങനെ നിലനിൽക്കും?    

കേസിലെ ഏറ്റവും കാതലായ ഈ മൂന്നു കാര്യങ്ങൾക്കുള്ള വ്യക്തമായ മറുപടിക്കു വേണ്ടിയാണ് ഈ കേസിൽ അന്വേഷണ സംഘം തുടരന്വേഷണത്തിനു ശ്രമിക്കുന്നത്. 

ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ കേസിന്റെ കുരുക്ക് എങ്ങനെ അഴിക്കും?

വഴികൾ പലതാണ്. പ്രധാനമായും ഡിഎൻഎ പരിശോധനയും ഫോൺവിളികളുടെ വിശദാംശങ്ങളും തന്നെ. 

തമിഴ്നാട്ടിൽ കൊല്ലപ്പെട്ട യുവാവിന്റെ ഡിഎൻഎയും ഒന്നാം പ്രതിയുടെ ഡിഎൻഎയും പരിശോധിച്ചാൽ കേസിന്റെ കുരുക്ക്  അഴിയും. അവരുടെ ഡിഎൻഎ പൊരുത്തപ്പെട്ടില്ലെങ്കിൽ പ്രതിക്ക് എതിരായ ആരോപണങ്ങൾ സ്ഥാപിക്കാൻ പൊലീസ് ബുദ്ധിമുട്ടും. 

അഥവാ പ്രതി പരിശോധനയ്ക്കു തയാറല്ലെങ്കിൽ (ഫൊറൻസിക്ക് പരിശോധനകളോടു വിയോജിക്കാൻ പ്രതികൾക്കു നിയമപരമായി അവകാശമുണ്ട്) കാണായായ യുവാവിന്റെ മാതാവ്, സഹോദരി, കുഞ്ഞ് എന്നിവരുടെ ഡിഎൻഎ പരിശോധിച്ചാലും പകുതി കുരുക്ക് അഴിയും. ഡിഎൻഎ പൊരുത്തപ്പെട്ടാൽ തമിഴ്നാട്ടിൽ കൊല്ലപ്പെട്ടതു കൊച്ചിയിൽ കാണാതായ യുവാവാണെന്ന് ഉറപ്പിക്കാം. പൊരുത്തപ്പെട്ടില്ലെങ്കിൽ കൊലക്കേസ് ഫയൽ പൊലീസിന് അടയ്ക്കാം. 

പരിശോധനാ ഫലങ്ങൾ എല്ലാം പൊലീസിന് അനുകൂലമാണെങ്കിൽ പിന്നെ വേണ്ടതു പ്രതികൾക്കെതിരായ തെളിവുകളാണ്. കൊല നടന്നതായി പറയുന്ന ദിവസങ്ങളിൽ കൊലയാളിയായ രണ്ടാം പ്രതിയും ഒന്നാം പ്രതിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഈ കേസിൽ കുറ്റം സ്ഥാപിക്കാൻ ഏറെ നിർണായകമാണ്. 

എന്തായാലും ഒരുകാര്യം ഉറപ്പാണ്, ഇന്നത്തെ കാലത്തു കേസ് തെളിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസുകാരനായാൽ മാത്രം പോര, ശാസ്ത്രജ്ഞൻ കൂടിയാവണം.