പങ്കുവയ്ക്കുക, നമ്മളെ

ഗുരുവും ഭാര്യയും കാട്ടിൽ കുടിൽ കെട്ടി താമസിക്കുകയാണ്. നല്ല മഴയുള്ള രാത്രി ഒരാൾ അവിടെ താമസിക്കാൻ അനുവാദം ചോദിച്ചു. ഭാര്യ എതിർത്തെങ്കിലും ഗുരു അനുവാദം നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാളെത്തി. അപ്പോഴും ഭാര്യ എതിർത്തു. പക്ഷേ, ഗുരു പറഞ്ഞു. എല്ലാവർക്കും കൂടി ഇവിടെ കിടക്കാനേ ബുദ്ധിമുട്ടുള്ളൂ. ഇരിക്കുകയാണെങ്കിൽ ഒരാളെക്കൂടി ഉൾപ്പെടുത്താം. അൽപം കഴിഞ്ഞു നോക്കുമ്പോൾ ഒരു കഴുത മഴ നനഞ്ഞ്  നിൽക്കുന്നു. കഴുതയെ അകത്തു കയറ്റാൻ ഒരുങ്ങിയ ഗുരുവിനെ മറ്റുള്ളവർ തടഞ്ഞു. ഗുരു പറഞ്ഞു: നിങ്ങളുടെ കാര്യം കഴിഞ്ഞപ്പോൾ മറ്റെല്ലാം മറക്കുന്നു. എല്ലാവരും നിൽക്കാൻ തീരുമാനിച്ചാൽ അതിനെയും അകത്തു കയറ്റാം. കഴുതയും അങ്ങനെ കുടിലിനുള്ളിലായി. 

സ്വന്തം സംരക്ഷണവലയം ഭേദിക്കുന്ന ഒരു ഒത്തുതീർപ്പിനോടും നമുക്ക് താൽപര്യമില്ലെന്നതിന്റെ ഉദാഹരണമാണ് ഈ കഥ. അവനവന്റെ സുഖാനുഭവങ്ങൾക്ക് ഉള്ളിൽ നിന്നുള്ള കാരുണ്യ പ്രവർത്തികളിൽ നാം സന്തോഷം കണ്ടെത്തും. ഉള്ളതൊന്നും ഒരു പിടിപോലും നഷ്‌ടപ്പെടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള സൽകർമങ്ങൾ.  വയറു നിറഞ്ഞശേഷം വിശപ്പുരഹിത ലോകം സൃഷ്‌ടിക്കുവാൻ നിരാഹാരം അനുഷ്‌ഠിക്കുന്നതിൽ എന്താണർഥം?  

സമ്പന്നന്റെ സാധ്യതയല്ല, ബലഹീനന്റെ നിസ്സഹായതയാകണം പരോപകാരത്തിന്റെ മാനദണ്ഡം. ശേഷിയുള്ളവന് പ്രത്യുപകാരത്തിന് സന്നദ്ധതയും സാധ്യതയും കണ്ടേക്കാം. തിരിച്ചടവിനു കഴിയാത്തവർക്കു ചെയ്യുന്ന സഹായമാണ് സന്മനസ്സിന്റെ നേർസാക്ഷ്യം.