225 കോടിയുടെ തിളക്കം; ലോകം കീഴടക്കിയ ചൈനീസ് സൂപ്പര്‍ മോഡൽ!

ചൈനയുടെ ആദ്യത്തെ സൂപ്പര്‍ മോഡല്‍ എന്നാണ് 29കാരിയായ ഈ യുവറാണി വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ശരിക്കും സൂപ്പര്‍ ആണ് ചൈനീസ് സൂപ്പര്‍ മോഡല്‍ ലിയു വെന്നിന്റെ കഥ. ചൈനയുടെ ആദ്യത്തെ സൂപ്പര്‍ മോഡല്‍ എന്നാണ് 29കാരിയായ ഈ യുവറാണി വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപാട് ഒന്നാം സ്ഥാനങ്ങളാൽ സമ്പന്നമാണ് ഇതുവരെയുള്ള ഈ യുവസുന്ദരിയുടെ കരിയർ. വിക്‌റ്റോറിയ സീക്രട്ട് ഫാഷന്‍ ഷോയില്‍ റാംപിലെത്തിയ ആദ്യ ചൈനീസ് മോഡൽ, ലോകപ്രശസ്തമായ വോഗിന്റെ കവറില്‍ എത്തിയ ആദ്യ ചൈനീസ് മോഡൽ, ബ്യൂട്ടി ഭീമന്‍ എസ്റ്റീ ലൗഡറിന്റെ ആദ്യ ഏഷ്യന്‍ വക്താവ്... അങ്ങനെ പോകും ഫോബ്‌സിന്റെ അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ ഇടം നേടിയ ലിയുവിന്റെ വിശേഷണങ്ങൾ. 

കഷ്ടപ്പെട്ട് നേടിയ വിജയം

എന്നാല്‍ പറയും പോലെ അത്ര എളുപ്പമായിരുന്നില്ല ലിയുവിന്റെ വിജയകഥ. ദക്ഷിണ ചൈനയില്‍ നിന്നും മോഡലിങ് എന്ന മോഹം ഉള്ളില്‍ ഒളിപ്പിച്ചാണ് ബെയ്ജിങ്ങിലേക്ക് ലിയു വെന്‍ വണ്ടി കയറിയത്. 18ാം വയസ്സിലായിരുന്നു അത്. എന്നാല്‍ അവിടെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മോശം സമയമായിരുന്നു, കരിയറിലും അടി പതറി. എന്നാല്‍ ചീത്ത സമയം ഏറെക്കാലം ഒരിക്കലും നിലനില്‍ക്കില്ല എന്ന ചിന്തയായിരുന്നു അവള്‍ വെച്ചുപുലര്‍ത്തിയത്. നല്ല അവസരങ്ങളൊന്നും വന്നില്ല.

ഒടുവില്‍ 2008ലാണ് നല്ലൊരു ബ്രേക്ക് കിട്ടുന്നത്. ബര്‍ബറിയുടെ റണ്‍വേ ഷോയിലൂടെ മിലാന്‍ ഫാഷന്‍ വീക്കില്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊട്ടടുത്ത വര്‍ഷം ഏകദേശം എഴുപതോളം ഷോകളിലാണ് ലിയു പങ്കെടുത്തത്. ഏതൊരു മോഡലും ഒരു വര്‍ഷം പങ്കെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഷോകള്‍. 

എന്നാല്‍ ആറടി ഉയരമുള്ള ഈ സുന്ദരി ഇന്ന് ക്യാറ്റ് വാക്കുകള്‍ക്കല്ല കൂടുതല്‍ സമയം ചെലവിടുന്നത്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ച് പണം വാരുന്നതിനാണ്. ഫോബ്‌സിന്റെ 2017ലെ പട്ടികയില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കുന്ന മോഡലുകളില്‍ എട്ടാം സ്ഥാനത്താണ് ചൈനീസ് സുന്ദരി. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് മില്ല്യണ്‍ ഡോളറാണ് ലിയു നേടിയത്. 

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഡലുകളിലും ലിയു മുമ്പിലാണ്. ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോയില്‍ 18 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ലിയുവിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 2.7 ദശലക്ഷവും. ഇന്ന് 225 കോടി രൂപയാണ് ലിയുവിന്റെ ആസ്തി കണക്കാക്കപ്പെടുന്നത്. 

Read more- Fashion GlitNGlamour