ആരാധകര്‍ അറിഞ്ഞോ വിവാഹത്തെയും പ്രണയത്തെയും കുറിച്ചു സൽമാൻ പറഞ്ഞത്?

സൽമാൻ ഖാൻ

മസിൽമാൻ സൽമാൻ ഖാന്റെ കടുത്ത ആരാധകരാണ് നിങ്ങളെങ്കിൽ ഈ ചോദ്യം ഒരിക്കലെങ്കിലും നിങ്ങളുടെ മനസിൽ വരാതിരിക്കില്ല. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ആരാധകർ കാത്തിരിക്കുന്ന ആ ചോദ്യം ഇതാണ്, 'സൽമാൻ എന്താണ് ഇത്ര കാലമായിട്ടും വിവാഹം കഴിക്കാത്തതെന്ന്'?. അമ്പത്തിയൊന്നു വയസിലും യുവത്വം പേറി നടക്കുന്ന സൽമാനു പക്ഷേ വിവാഹത്തോട് അത്ര താൽപര്യമൊന്നുമില്ല. വിവാഹത്തെ മാത്രമല്ല പ്രണയത്തെയും അദ്ദേഹം അത്ര കാര്യമായി എടുക്കുന്നില്ല. 

ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി നിരവധി നായികമാരെ പ്രണയിച്ച സൽമാൻ പറയുന്നത് തനിക്കു പ്രണയത്തിൽ വിശ്വാസമില്ലെന്നാണ്. ഇപ്പോഴത്തെ പ്രണയിനിയെന്നു പരക്കെ കേൾക്കുന്ന ലുലിയ വാന്റർ ഇതു വല്ലതും കേൾക്കുന്നുണ്ടോ ആവോ എന്നാണ് ആരാധകരുടെ സംശയം. വിവാഹത്തെ അത്ര പവിത്രമായി കാണുന്നില്ലെന്നു മാത്രമല്ല അതൊരു പാഴ്ചിലവാണെന്ന അഭിപ്രായം കൂടിയാണ് സൽമാനുള്ളത്. 

''വിവാഹം ഒരു പാഴ്ചിലവാണെന്നാണു ഞാൻ കരുതുന്നത്. അതുപോലെ ഞാൻ പ്രണയത്തിലും വിശ്വസിക്കുന്നില്ല, പ്രണയം എന്ന വാക്കു നിലനിൽക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല. 'ആവശ്യം' എന്ന വാക്കാണ് അതിനേക്കാൾ ഉത്തമം. ആരുടെ ആവശ്യമാണു കൂടുതൽ, ആരെയാണു ചില നേരങ്ങളിൽ കൂടുതൽ ആവശ്യം എന്നതിനെയൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ അവൾക്കു നിങ്ങളെ ആവശ്യവുമുണ്ടായേക്കില്ല. ഇതുപോലെ തന്നെ നിങ്ങൾ‌ക്ക് അവളെയും ചിലപ്പോൾ വേണമെന്നു തോന്നില്ല. അടിസ്ഥാനപരമായി ഈ ആവശ്യം എല്ലാ സമയങ്ങളിലും ഒരേപാലെ പോവുകയാണു ചെയ്യേണ്ടത്. അതു സംഭവിക്കുകയും സംഭവിക്കാതിരിക്കുകയും ചെയ്യാം.''-സൽമാൻ പറയുന്നു. 

പെട്ടെന്നു പ്രകോപിതനാകുന്ന സ്വഭാവത്തിൽ നിന്നും ഏറെ കൂളായ ഇപ്പോഴത്തെ സൽമാനിലേക്കുള്ള മാറ്റത്തെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ഉത്തരമുണ്ട്.  ഞാൻ പഴയ അതേ ആൾ തന്നെയാണ്. ഇന്നും റിക്ഷയിലും സൈക്കിളിലും സഞ്ചരിക്കുന്നയാൾ. എനിക്കു ചുറ്റും നെഗറ്റിവിറ്റി മാത്രം നിറഞ്ഞൊരു കാലമുണ്ടായിരുന്നു, അത്രത്തോളം നെഗറ്റിവിറ്റി കിട്ടാനായി ഞാൻ എന്താണു ചെയ്തതെന്ന് എനിക്കറിയില്ല. പതുക്കെ എല്ലാം ശരിയായി. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണു ഞാൻ.''–സല്‍മാൻ പറഞ്ഞു

Read more: Glitz n Glamour, Trending